സഹകരണ പെയ്‌മെന്റ് സിസ്റ്റം വന്നേ തീരൂ
– കെ. സിദ്ധാര്‍ഥന്‍
(2020 ഡിസംബര്‍ ലക്കം)
എ.ടി.എം. ഒഴികെയുള്ള ആധുനിക ബാങ്കിങ് സേവനങ്ങള്‍ സഹകരണ ബാങ്കുകള്‍ ഒരു പരിധിവരെ ഇപ്പോള്‍ ഇടപാടുകാര്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍, ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി വന്നതോടെ ഈ സേവനങ്ങള്‍ തുടര്‍ന്നു നല്‍കാനാവുന്ന കാര്യം സംശയമാണ്. നാഷണല്‍ പെയ്‌മെന്റ് സിസ്റ്റത്തിനു ബദലായി കേരളത്തില്‍ ഒരു സഹകരണ പെയ്‌മെന്റ് രീതി കൊണ്ടുവരാന്‍ ഇനി ഒട്ടും വൈകിക്കൂടാ.
ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ബാങ്ക് എന്ന പേര് ഉപയോഗിക്കാന്‍ പാടില്ലെന്നതാണ് പ്രധാന പ്രശ്‌നമായി പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാല്‍, പേര്‌വിലക്കിനപ്പുറം പ്രവര്‍ത്തനത്തിലുണ്ടാകുന്ന പ്രതിസന്ധികളാണ് സംസ്ഥാനത്തെ സഹകരണ മേഖലയെ ആശങ്കപ്പെടുത്തേണ്ടത്. ചെക്ക്, ഡ്രാഫ്റ്റ് എന്നിവ നല്‍കാന്‍ നേരത്തെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍, മറ്റേതെങ്കിലും ബാങ്കിന്റെ ചെക്ക് ശേഖരിച്ച് ഫൈനാന്‍സിങ് ബാങ്കിന്റെ സഹായത്തോടെ അത് ക്ലിയര്‍ ചെയ്തുകൊടുക്കുന്ന സേവനം പ്രാഥമിക സഹകരണ ബാങ്കുകള്‍ നല്‍കാറുണ്ടായിരുന്നു. ഇനി ഇത്തരത്തില്‍ ചെക്ക് സ്വീകരിക്കാനും പാടില്ലെന്നാണ് ഭേദഗതിയിലെ വ്യവസ്ഥ.
ബാങ്കിങ് മേഖല ഡിജിറ്റല്‍ രംഗത്തേക്ക് മാറിത്തുടങ്ങിയിട്ട് ഏറെനാളായി. മൊബൈല്‍ഫോണ്‍ ബാങ്കിടപാടിന്റെ പ്രധാന ഉപാധിയായി മാറി. എന്നാല്‍, ഈ മാറ്റം ഉള്‍ക്കൊണ്ട് മുന്നേറാന്‍ പൂര്‍ണമായി സഹകരണ മേഖലയ്ക്ക് കഴിഞ്ഞിട്ടില്ല. അതിനു ഒട്ടേറെ നിയമ തടസ്സങ്ങളുമുണ്ട്. എങ്കിലും, നോട്ട് നിരോധനത്തിന്റെ ഘട്ടം മുതല്‍ കോവിഡ് മഹാമാരിവരെയുള്ള കാലത്തെ അനുഭവങ്ങള്‍ പാഠമാക്കാന്‍ ഒട്ടേറെ പ്രാഥമിക സഹകരണ ബാങ്കുകള്‍ ശ്രമിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. പ്രാദേശികമായി മൊബൈല്‍ ആപ്പും ഡിജിറ്റല്‍ പണമിടപാടും ഒരുക്കിയ ബാങ്കുകളുണ്ട്. ഡിജിറ്റല്‍ ഇന്ത്യയെന്നത് കേന്ദ്ര സര്‍ക്കാരിന്റെ കാഴ്ചപ്പാടാണ്. നേരിട്ടുള്ള പണമിടപാടുകള്‍ കുറയ്ക്കണമെന്നതാണ് സര്‍ക്കാര്‍ നയം. ഇതിന് സഹായകമായ ഇടപെടലാണ് റിസര്‍വ് ബാങ്കും നടത്തുന്നത്. എന്നാല്‍, ഇതില്‍നിന്നെല്ലാം സഹകരണ ബാങ്കുകള്‍ പുറത്താകുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രീകൃത പെയ്‌മെന്റ് സിസ്റ്റത്തിന് പുറത്താണ് പ്രാഥമിക സഹകരണ ബാങ്കിങ് ശൃംഖല എന്നതാണ് ഇതിന് പ്രധാന കാരണം.
സഹകരണ ബാങ്കിങ് മേഖലയില്‍ യുവാക്കളുടെ പങ്കാളിത്തം കുറവാണെന്ന് ശ്രീറാം കമ്മിറ്റി ഉള്‍പ്പടെ വിലയിരുത്തിയതാണ്. എന്തുകൊണ്ട് പങ്കാളിത്തമില്ലെന്നതിനും കൃത്യമായ ഉത്തരമുണ്ട്. ആധുനിക ബാങ്കിങ് സങ്കേതം സഹകരണ ബാങ്കുകള്‍ക്കില്ലെന്നതാണ് അത്. ഈ സാഹചര്യത്തില്‍നിന്നുകൊണ്ടുവേണം പുതിയ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിയെ വിലയിരുത്തേണ്ടത്. നിലവിലെ സൗകര്യം പോലും ഇല്ലാതായാല്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ പുതുതലമുറയ്ക്ക് സ്വീകാര്യമല്ലാതാവും. ഇതിനെ മറികടക്കാനുള്ള വഴിയാണ് ഇനി തേടേണ്ടത്. അത്തരമൊരു ചര്‍ച്ചയിലേക്ക് സര്‍ക്കാരോ സഹകാരികളോ ഇതുവരെ വന്നിട്ടില്ലെന്നത് ഖേദകരമാണ്.
റിസര്‍വ് ബാങ്കിന്റെ അംബ്രല്ല എന്റിറ്റി
ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നിയന്ത്രിക്കുന്നത് നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ( എന്‍.പി.സി.ഐ ) എന്ന സ്ഥാപനമാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ പണമിടപാടുകളുടെ തോത് 30 ശതമാനം കൂടിയെന്നാണ് കണക്ക്. ഡിജിറ്റല്‍-കമ്യൂണിക്കേഷന്‍ മേഖലയിലുള്ള ഒട്ടുമിക്ക കമ്പനികളും പെയ്‌മെന്റ് വാലറ്റുകളിലേക്ക് കടന്നു. മൊബൈല്‍ ഉപയോഗം കൂടുന്നതും ഇന്റര്‍നെറ്റ് സംവിധാനം ശക്തമായതും ഇതിനു കാരണമായി. നേരിട്ടുള്ള പണം കൈമാറ്റത്തിനുവന്ന നിയമപരമായ നിയന്ത്രണവും കോവിഡ് പോലുള്ള പകര്‍ച്ചവ്യാധികളും ഡിജിറ്റല്‍ പണമിടപാടിന്റെ വ്യാപനത്തിന് കാരണമായി. യു.പി.ഐ., ഐ.എം.പി.എസ്. ഉള്‍പ്പെടെയുള്ള പെയ്‌മെന്റ് സംവിധാനം നിലവില്‍ എന്‍.പി.സി.ഐ.യുടെ നിയന്ത്രണത്തിലാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഒരു സ്ഥാപനത്തില്‍ത്തന്നെ ഇതിന്റെ നിയന്ത്രണം കേന്ദ്രീകരിക്കുന്നത് ഒഴിവാക്കണമെന്നാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചിട്ടുള്ളത്. ഇതാണ് ‘ ന്യു അംബ്രല്ല എന്റിറ്റി ‘ എന്ന പരിഷ്‌കാരത്തിലൂടെ റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്. പെയ്‌മെന്റ് നെറ്റ് വര്‍ക്ക് സംവിധാനം മത്സരക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ആര്‍.ബി.ഐ. ഈ രംഗത്ത് പുതിയ സംരംഭങ്ങളെ കൊണ്ടുവരാന്‍ തീരുമാനിച്ചത്. എന്‍.പി.സി.ഐ.യ്ക്കു പുറമെ സ്വകാര്യ കമ്പനികളെ പെയ്‌മെന്റ് നെറ്റ്‌വര്‍ക്കിന്റെ ഭാഗമാക്കാനാണ് തീരുമാനം. ഇതിനുള്ള അപേക്ഷ റിസര്‍വ് ബാങ്ക് സ്വീകരിക്കാന്‍ തുടങ്ങി. 2021 ഫെബ്രുവരി വരെ ഇതിനായി അപേക്ഷിക്കാം.
പെയ്‌മെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റം ആക്ട് അനുസരിച്ചുള്ള നിബന്ധനകളും റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളും പാലിച്ച് പുതിയ കമ്പനികള്‍ക്ക് റീട്ടെയില്‍ പെയ്‌മെന്റ് സിസ്റ്റം നടപ്പാക്കാമെന്നതാണ് ന്യൂ പാന്‍ ഇന്ത്യ അംബ്രല്ല എന്റിറ്റിയിലൂടെ ലക്ഷ്യമിടുന്നത്. ഫോറിന്‍ എക്‌സേഞ്ച് മാനേജ്‌മെന്റ് ആക്ട് അനുസരിച്ച് ഇന്ത്യക്കാര്‍ ഉടമകളായുള്ളതും തദ്ദേശീയരാല്‍ നിയന്ത്രിക്കപ്പെടുന്നതുമായ കമ്പനികള്‍ക്ക് അപേക്ഷിക്കാം. പെയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍, പെയ്‌മെന്റ് സര്‍വീസ് പ്രൊവൈഡര്‍, ടെക്‌നോളജി സര്‍വീസ് പ്രൊവൈഡര്‍ എന്നീ മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ടാകണമെന്നാണ് വ്യവസ്ഥ. വിശ്വാസ്യത, സത്യസന്ധത, സമൂഹത്തിലുള്ള സല്‍പ്പേര് എന്നിവയൊക്കെയാണ് കമ്പനികളെ തിരഞ്ഞെടുക്കുന്നതിന് റിസര്‍വ് ബാങ്ക് ‘ഫിറ്റ് ആന്‍ഡ് പ്രോപ്പര്‍’ മാനദണ്ഡമായി നിശ്ചയിച്ചിട്ടുള്ളത്. കുറ്റകൃത്യത്തിലുള്ള പങ്കാളിത്തം, തട്ടിപ്പ്, ഏതെങ്കിലും സാമ്പത്തിക നിയന്ത്രണ അതോറ്റിയില്‍നിന്നുള്ള വിലക്ക് എന്നിവയൊന്നും ഉണ്ടാകാന്‍ പാടില്ല. കുറഞ്ഞത് 500 കോടിയുടെ അടച്ചുതീര്‍ത്ത മൂലധനം കമ്പനിക്കുണ്ടാവണം.
റീട്ടെയില്‍ പെയ്‌മെന്റ് സംവിധാനത്തില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എ.ടി.എം., പോയിന്റ് ഓഫ് സെയില്‍ മെഷിനുകള്‍ സ്ഥാപിക്കല്‍, ആധാര്‍ അധിഷ്ഠിത പെയ്‌മെന്റ് സംവിധാനമൊരുക്കല്‍ എന്നിവയില്‍ മാത്രമായി ഇത് ചുരുങ്ങരുതെന്ന് റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്നുണ്ട്. സാങ്കേതിക വിദ്യ പരമാവധി ഉപയോഗിച്ച് പുതിയ പണമിടപാട് രീതികള്‍ വികസിപ്പിക്കണമെന്നാണ് നിര്‍ദേശം. സുരക്ഷ, വിപണി വിലയിരുത്തല്‍, ഗവേഷണം, ഇ- പെയ്‌മെന്റ് സംവിധാനത്തിന്റെ നേട്ടം, നടപ്പാക്കുന്ന രീതിയും ഘടനയും, ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ആവശ്യമായ സമയം ഇതൊക്കെ അടങ്ങിയ ബിസിനസ് പ്ലാന്‍ റിസര്‍വ് ബാങ്കിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
നിലവിലെ പെയ്‌മെന്റ് രീതി
റിസര്‍വ് ബാങ്കിന്റെ ബാങ്കിങ് ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ അംഗമാണ്. ബാങ്കുകള്‍ തമ്മിലുള്ള ഇടപാട് നിയന്ത്രിക്കുന്ന അതോറിറ്റിയാണ് എന്‍.പി.സി.ഐ. ഇത്തരം ബാങ്കുകള്‍ക്കെല്ലാം റിസര്‍വ് ബാങ്കില്‍ സെറ്റില്‍മെന്റ് അക്കൗണ്ടുണ്ടാകും. ഈ അക്കൗണ്ടില്‍നിന്നാണ് ബാങ്കുകള്‍ തമ്മിലുള്ള പണം കൈമാറ്റം നടക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് ഐ.ഡി.ബി.ഐ.യുടെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കാനാകുന്നത് ഇതുകൊണ്ടാണ്. ഇങ്ങനെ എ.ടി.എം. വഴി കൊടുത്ത പണം ഐ.ഡി.ബി.ഐ.യ്ക്ക് തിരിച്ചുനല്‍കുന്നത് റിസര്‍വ് ബാങ്കിലെ സെറ്റില്‍മെന്റ് അക്കൗണ്ട് വഴിയാണ്. അത് നാഷണല്‍ പെയ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമായതുകൊണ്ടാണ്.
സംസ്ഥാന -ജില്ലാ സഹകരണ ബാങ്കുകളും അര്‍ബന്‍ ബാങ്കുകളും ഏതാനും ചില ക്രെഡിറ്റ് സംഘങ്ങളുമാണ് റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്നത്. പ്രാഥമിക സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ പെയ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമല്ല. സംസ്ഥാനത്തെ സഹകരണ വായ്പാ മേഖലയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നത് പ്രാഥമിക സഹകരണ ബാങ്കുകളാണ്. 1625 പ്രാഥമിക സഹകരണ ബാങ്കുകളും അവയുടെ 4500 – ഓളം വരുന്ന ശാഖകളുമാണ് കേരളത്തിലുള്ളത്. സംസ്ഥാന – ജില്ലാ ബാങ്കുകളിലെയും അര്‍ബന്‍ ബാങ്കുകളിലെയും ഇടപാടുകാരുടെ എത്രയോ ഇരട്ടിയാണ് പ്രാഥമിക സഹകരണ ബാങ്കുകളെ ആശ്രയിക്കുന്നത്. അതിനാല്‍, പ്രാഥമിക ബാങ്കുകള്‍ക്ക് ആധുനിക ബാങ്കിങ് സൗകര്യം നല്‍കാനായില്ലെങ്കില്‍ അത് ഈ മേഖലയുടെ തകര്‍ച്ചയ്ക്കുതന്നെ കാരണമാകും.
പ്രാഥമിക ബാങ്കുകള്‍ നാഷണല്‍ പെയ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമല്ലാതായത് ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിക്ക് ശേഷമല്ല. അപ്പോള്‍ ഇതുവരെ എങ്ങനെയാണ് ഈ സേവനം പ്രാഥമിക ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് നല്‍കിയത് എന്നത് പരിശോധിക്കേണ്ടതുണ്ട്. എ.ടി.എം. ഒഴികെയുള്ള ആധുനിക ബാങ്കിങ് സംവിധാനം ഒരു പരിധിവരെ പ്രാഥമിക ബാങ്കുകള്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്. നാഷണല്‍ പെയ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമായ ഒരു ബാങ്കിന് അവരുടെ ബിസിനസ് കറസ്‌പോണ്ടന്‍സുകള്‍ക്കോ ഇത്തരം സംവിധാനമില്ലാത്ത മറ്റൊരു ബാങ്കിനോ സബ് മെമ്പര്‍ഷിപ്പിലൂടെ സേവനം കൈമാറാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയുണ്ട്. അതായത്, ബിസിനസ് കറസ്‌പോണ്ടന്‍സുകളും സബ് മെമ്പര്‍ഷിപ്പ് ലഭിക്കുന്ന ബാങ്കുകളും നടത്തുന്ന ഇടപാടിന്റെ സാമ്പത്തിക ഉത്തരവാദിത്തം ആ സേവനം കൈമാറി നല്‍കുന്ന എന്‍.പി.സി.ഐ.യുടെ ഭാഗമായ ബാങ്കിനായിരിക്കും എന്നുമാത്രം. ഈ സൗകര്യം ഉപയോഗപ്പെടുത്തിയാണ് കേരളത്തിലെ പ്രാഥമിക ബാങ്കുകള്‍ ഇപ്പോള്‍ ആര്‍.ടി.ജി.എസ്., എന്‍.ഇ.എഫ്.ടി., തുടങ്ങിയ ഡിജിറ്റല്‍ ഇടപാട് നടത്തുന്നത്. അതിനാല്‍, സഹകരണ ബാങ്കുകളിലെ ഇടപാടുകാര്‍ ഇതുവരെ എ.ടി.എം. സൗകര്യത്തിന്റെ കുറവല്ലാതെ മറ്റൊന്നും അറിഞ്ഞിരുന്നില്ല.
ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിക്കു ശേഷം ഈ സേവനം ഇനിയും സഹകരണ ബാങ്കുകള്‍ക്ക് നല്‍കാനാകുമോയെന്നതിലാണ് സംശയം. പ്രാഥമിക സഹകരണ ബാങ്കുകള്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ എന്ന രീതിയില്‍ മാത്രം പ്രവര്‍ത്തിക്കണമെന്നാണ് ബാങ്കിങ് നിയന്ത്രണ ഭേദഗതിയിലെ വ്യവസ്ഥ. അവയ്ക്ക് ബാങ്കിങ് പ്രവര്‍ത്തനം നടത്താനാവില്ല. ബാങ്കിങ് പ്രവര്‍ത്തനമെന്നാല്‍ പൊതുജനങ്ങളില്‍നിന്നു നിക്ഷേപം സ്വീകരിക്കുകയും പൊതുജനങ്ങള്‍ക്ക് വായ്പ നല്‍കുകയും ചെയ്യുന്ന പ്രവര്‍ത്തനമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍വചനം. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ അംഗങ്ങളില്‍നിന്നു മാത്രം നിക്ഷേപം സ്വീകരിക്കുകയും അംഗങ്ങള്‍ക്കു മാത്രം വായ്പ നല്‍കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ്. ഏതെങ്കിലും വാണിജ്യ ബാങ്കുകളുടെ സഹായത്തോടെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ആധുനിക ബാങ്കിങ് സൗകര്യം നിര്‍വഹിക്കുന്നുണ്ടെങ്കില്‍ അതിന് വിലക്കുണ്ടാകാനുള്ള സാഹചര്യം നിലവിലുണ്ട്. അത്തരം ഇടപെടലുകള്‍ റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്ന് ഇതിനകം ഉണ്ടായിട്ടുമുണ്ട്. ബാങ്കിങ് ലൈസന്‍സിലല്ലാതെ പൊതുജനങ്ങള്‍ക്ക് ബാങ്കിങ് സേവനം ഉറപ്പാക്കുന്നതിനുള്ള കുറുക്കുവഴിയായിട്ടാണ് ഇതിനെ റിസര്‍വ് ബാങ്ക് നോക്കിക്കാണുന്നത്. അതുകൊണ്ടാണ് ഇതിനെ വിലക്കുന്നത്. പക്ഷേ, പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് ഡിജിറ്റല്‍ സാമ്പത്തിക ഇടപാട് സൗകര്യം ലഭ്യമാക്കുന്നതിന് നിലവില്‍ നിയമ തടസ്സമില്ല. ഇതിനെ റിസര്‍വ് ബാങ്ക് എതിര്‍ക്കുന്നുമില്ല. നാഷണല്‍ പെയ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമാകാതെ അത് എങ്ങനെ നിര്‍വഹിക്കാനാകുമെന്നതാണ് പ്രശ്‌നം. അതിനാലാണ് നാഷണല്‍ പെയ്‌മെന്റ് സിസ്റ്റത്തിനു ബദലായി സംസ്ഥാനത്ത് സഹകരണ പെയ്‌മെന്റ് സിസ്റ്റം കൊണ്ടുവരേണ്ടത് അനിവാര്യമായിത്തീരുന്നത്.
സഹകരണ പെയ്‌മെന്റ് സിസ്റ്റം
ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിന് രണ്ടു രീതികളാണ് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്നത്. ഒന്ന്, നാഷണല്‍ പെയ്‌മെന്റ് സിസ്റ്റത്തിലൂടെ. രണ്ടാമത്തെത് ഡിജിറ്റല്‍ ഇടപാടിനുള്ള സാങ്കേതിക-സാമ്പത്തിക സംവിധാനം ഏര്‍പ്പെടുത്താനുള്ള ഏജന്‍സികളെ നിശ്ചയിച്ച്. ആധാര്‍ എനേബിള്‍ഡ് പെയ്‌മെന്റ് സിസ്റ്റം രണ്ടാമത്തെ വിഭാഗത്തിലുള്ളതാണ്. കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ ഇതില്‍ ആദ്യത്തെ സംവിധാനമാണ് ഇതുവരെ പ്രയോജനപ്പെടുത്തിയത്. പുതിയ കാലത്ത് രണ്ടാമത്തെ രീതിയിലേക്ക് മാറുകയും സംസ്ഥാനത്ത് സഹകരണ മേഖലയ്ക്ക് മാത്രമായി ഒരു പെയ്‌മെന്റ് സിസ്റ്റം നടപ്പാക്കാനുള്ള സാധ്യത തേടുകയുമാണ് വേണ്ടത്. നാഷണല്‍ പെയ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമായ ഏതെങ്കിലും ബാങ്കുമായി സഹകരിച്ചാണ് ആധാര്‍ എനേബിള്‍ഡ് പെയ്‌മെന്റ് സിസ്റ്റം റിസര്‍വ് ബാങ്കിന്റെ അംഗീകൃത ഏജന്‍സികള്‍ നടപ്പാക്കുന്നത്. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഇടപാടുകാര്‍ക്ക് മൈക്രോ എ.ടി.എമ്മുകളിലൂടെയോ നിക്ഷേപ-വായ്പാ പിരിവുകാരിലൂടെയോ ഇടപാട് നടത്താമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഈ സാധ്യത ഇനി എങ്ങനെ സഹകരണ മേഖലയില്‍ പ്രയോജനപ്പെടുത്താമെന്നതാണ് പരിശോധിക്കേണ്ടത്. രാജ്യത്തെ പ്രാഥമിക സഹകരണ സംഘങ്ങളാണ് കാര്‍ഷിക മേഖലയെ നിലനിര്‍ത്തുന്നതെന്നാണ് നബാര്‍ഡിന്റെ റിപ്പോര്‍ട്ട്. ഗ്രാമീണ മേഖലയില്‍പ്പോലും കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കാനാകുന്നത് ഇത്തരം സഹകരണ സംഘങ്ങളുള്ളതുകൊണ്ടാണ്. അതിനാല്‍, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘത്തിന്റെ പ്രാധാന്യം നബാര്‍ഡോ റിസര്‍വ് ബാങ്കോ കേന്ദ്ര ധനമന്ത്രാലയമോ കുറച്ചുകാണുന്നില്ല. ഈ കര്‍ഷകരിലേക്ക് എങ്ങനെ ഡിജിറ്റലായി പണമെത്തിക്കാമെന്നതാണ് കേരളം പരിശോധിക്കേണ്ടത്. അതിനെ റിസര്‍വ് ബാങ്കിന് എതിര്‍ക്കാനുമാവില്ല. കേരളത്തിലെ മിക്കവാറും സ്‌കൂള്‍ കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ വരെയുള്ളവര്‍ ആധാര്‍ കാര്‍ഡ് എടുത്തിട്ടുണ്ട്. അതിനാല്‍, ഈ സാഹചര്യം സഹകരണ മേഖല ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.
വാണിജ്യ ബാങ്കുകള്‍ ഉപയോഗിക്കുന്ന എ.ടി.എം. ഡെബിറ്റ് – ക്രെഡിറ്റ് കാര്‍ഡുകള്‍ അതേരീതിയില്‍ സഹകരണ ബാങ്കുകള്‍ക്ക് ഉപയോഗിക്കാനാവില്ല. അതിനു പകരമാണ് ആധാര്‍ നമ്പര്‍ ഉപയോഗപ്പെടുത്തിയുള്ള പണം പിന്‍വലിക്കല്‍ രീതി പരീക്ഷിക്കാവുന്നത്. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചോ കമ്പനി രൂപവത്കരിച്ചോ റിസര്‍വ് ബാങ്കില്‍നിന്ന് ആധാര്‍ എനേബിള്‍ഡ് പെയ്‌മെന്റ് സിസ്റ്റം നടപ്പാക്കുന്ന അംഗീകൃത ഏജന്‍സി ലൈസന്‍സ് സ്വന്തമാക്കണം. ഈ കമ്പനിയും കേരളബാങ്കും സഹകരിച്ച് കേരളത്തിലെ 1625 പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും ഒരേപോലെ ഉപയോഗിക്കാവുന്ന പെയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. നാഷണല്‍ പെയ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമായ കേരള ബാങ്കിന് എല്ലാ പ്രാഥമിക ബാങ്കുകളുടെയും സാമ്പത്തിക സെറ്റില്‍മെന്റ് ഏറ്റെടുക്കാനാകും. ഇത് ഏജന്റായി പ്രവര്‍ത്തിക്കുന്ന കമ്പനിവഴി നിയന്ത്രിക്കാവുന്നതുമാണ്. അല്ലെങ്കില്‍, ‘ന്യൂ അംബ്രല്ല എന്റിറ്റി’യുടെ സാധ്യത കേരളത്തിലെ സഹകരണ മേഖലയ്ക്ക് ഉപയോഗിക്കാനാകുമോയെന്നാണ് പരിശോധിക്കേണ്ടത്. സഹകരണ സംഘങ്ങളെ ഡിജിറ്റല്‍ നെറ്റ്‌വര്‍ക്കിന്റെ ഭാഗമാക്കുന്നതിന് ഒരു പുതിയ ബിസിനസ് പ്ലാന്‍ ഈ പദ്ധതിയനുസരിച്ച് റിസര്‍വ് ബാങ്കിന് സമര്‍പ്പിക്കാവുന്നതാണ്. പെയ്‌മെന്റ് മേഖലയില്‍ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന പരിചയം കമ്പനിക്ക് വേണമെന്നതാണ് അപേക്ഷിക്കുന്നതിന്് റിസര്‍വ് ബാങ്ക് നിശ്ചയിച്ച മാനദണ്ഡം. സഹകരണ മേഖലയ്ക്ക് വേണ്ടി മാത്രമായി നടത്തുന്ന ഡിജിറ്റല്‍ പെയ്‌മെന്റ് നെറ്റ്‌വര്‍ക്ക് എന്ന പരിഗണയില്‍ ഈ മാനദണ്ഡം ഒഴിവാക്കിക്കിട്ടാന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടാവുന്നതാണ്. കേരള ബാങ്കിന്റെ രൂപവത്കരണത്തിന് റിസര്‍വ് ബാങ്ക് പല നിയന്ത്രണങ്ങളിലും കേരളത്തിന് ഇളവ് നല്‍കിയിട്ടുണ്ടെന്നത് നമുക്ക് പ്രതീക്ഷയ്ക്ക് വഴിനല്‍കുന്നു.
കേരള ബാങ്കിന്റെ പങ്കാളിത്തതോടെ സഹകരണ പെയ്‌മെന്റ് സംവിധാനം ഒരുക്കാനാണ് ശ്രമിക്കേണ്ടത്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പയടക്കം കര്‍ഷകര്‍ക്ക് എ.ടി.എം. വഴി പിന്‍വലിക്കാനുള്ള സൗകര്യം ഒരുക്കുന്നത് റിസര്‍വ് ബാങ്കിന്റെ നിലവിലെ നയങ്ങള്‍ക്കോ നിയമങ്ങള്‍ക്കോ വിരുദ്ധമല്ല. മാത്രവുമല്ല, കേരള ബാങ്കിന്റെ രൂപവത്കരണത്തിനുതന്നെ കാരണമായി ചൂണ്ടിക്കാട്ടിയത് പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ആധുനിക ബാങ്കിങ് സൗകര്യം ഉറപ്പാക്കുക എന്നതായിരുന്നു. എല്ലാ പ്രാഥമിക ബാങ്കുകളെയും ഒറ്റ നെറ്റ്‌വര്‍ക്കിലേക്ക് കൊണ്ടുവരികയാണ് ഇതിനു വേണ്ടത്. ഏകീകൃത സോഫ്റ്റ്‌വെയര്‍ എന്നതാണ് ഇതിനു സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. ഈ നിര്‍ദേശം യുക്തിരഹിതവും അനാവശ്യ സാമ്പത്തിക ബാധ്യത വരുത്തുന്നതുമാണ്. ഏകീകൃത സോഫ്റ്റ്‌വെയറല്ല, സോഫ്റ്റ് വെയറുകളുടെ ഏകോപനമാണ് ഇക്കാര്യത്തില്‍ വേണ്ടത്. സൈബര്‍ സുരക്ഷയും ബാങ്കിങ് മാനദണ്ഡവും പാലിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്ന സഹകരണ ബാങ്കുകള്‍ അവ മാറ്റേണ്ടതില്ല. പകരം, ഇത്തരം സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്ന ബാങ്കുകളെ തമ്മില്‍ ബന്ധിപ്പിക്കാനുള്ള ക്രമീകരണം വരുത്തുകയാണ് വേണ്ടത്. ഇതിനൊപ്പം, സുരക്ഷിതമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്ന ബാങ്കുകളില്‍ അവ മാറ്റണം. ഇങ്ങനെ മാറ്റുന്ന സോഫ്റ്റ്‌വെയറുകള്‍ ഏകീകൃതമാക്കുന്നതാണ് ഉചിതം. ഇത്തരത്തില്‍ എല്ലാ ബാങ്കുകളെയും ഒറ്റ നെറ്റ്‌വര്‍ക്കില്‍ കൊണ്ടുവന്നാല്‍ കേരളത്തില്‍ ഒരു ബദല്‍ സഹകരണ പെയ്‌മെന്റ് സിസ്റ്റം നടപ്പാക്കാന്‍ എളുപ്പമാകും. അങ്ങനെ വന്നാല്‍, സഹകരണ ബാങ്കുകളിലെ ഒരിടപാടുകാരനും ഈ മേഖലയില്‍നിന്നു വിട്ടുപോവുകയോ സ്വകാര്യ ബാങ്കുകളെ ആശ്രയിക്കുകയോ വേണ്ടിവരില്ല.
പെയ്‌മെന്റ് നെറ്റ്വര്‍ക്കിന് ടാറ്റ ഗ്രൂപ്പും
റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച പുതിയ പെയ്‌മെന്റ് നെറ്റ്‌വര്‍ക്കിന്റെ ഭാഗമാവാന്‍ വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ ഒരുക്കം തുടങ്ങിയിട്ടുണ്ട്. റിലയന്‍സ് ജിയോയും ടാറ്റ ഗ്രൂപ്പുമാണ് ഇതില്‍ പ്രധാനം. പുതിയ പെയ്‌മെന്റ് നെറ്റ്‌വര്‍ക്കിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ ന്യൂ അംബ്രല്ല എന്റിറ്റി ലൈസന്‍സ് ഫ്രെയിംവര്‍ക്കിന്റെ ഭാഗമാകാനും അനുയോജ്യമായ പങ്കാളികളെ കണ്ടെത്താനും ടാറ്റ ഗ്രൂപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനാവശ്യമായ സംശയ നിവാരണത്തിന് റിസര്‍വ് ബാങ്കുമായി ടാറ്റ പ്രതിനിധികള്‍ ചര്‍ച്ച നടത്തുകയും ചെയ്തു.
പെയ്‌മെന്റ് സിസ്റ്റം ഒരുക്കുന്നതിന് കമ്പനികള്‍ക്ക് വേണ്ട നിബന്ധനകള്‍ പാലിക്കാന്‍ ടാറ്റയ്ക്ക് വലിയ ബുദ്ധിമുട്ടുണ്ടാവില്ലെന്നതാണ് അവരുടെ പ്രധാന നേട്ടം. ടാറ്റ ഗ്രൂപ്പിന്റെ സാമ്പത്തിക സേവനക്കമ്പനിയായ ടാറ്റ ക്യാപിറ്റലും ഐ.ടി. സേവനക്കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും ഇതിനായി കൈകോര്‍ക്കുമെന്നാണ് സൂചന. സാങ്കേതിക- സാമ്പത്തിക ശേഷി ഇതിലൂടെ ടാറ്റയ്ക്ക് ഉറപ്പാക്കാനാകും. പുതിയ പെയ്‌മെന്റ് സംവിധാനങ്ങളും സേവനങ്ങളും എങ്ങനെയാകുമെന്ന ബിസിനസ് പ്ലാന്‍ കൂടി റിസര്‍വ് ബാങ്കിനെ ബോധ്യപ്പെടുത്താനായാല്‍ ടാറ്റയുടെ സാധ്യത വര്‍ധിക്കും. ഇതിലൊക്കെ അനുയോജ്യമായ പങ്കാളികളെ കണ്ടെത്താനും ശ്രമം നടത്തുന്നുണ്ട്. ചര്‍ച്ചകള്‍ പ്രാരംഭദശയിലാണെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നുമാണ് ടാറ്റ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. എന്നാല്‍, ഔദ്യോഗികമായി ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടില്ല.
സംഘങ്ങളും ഡിജിറ്റലാകണം
വലിയ കെട്ടിടവും നിരന്നുനില്‍ക്കുന്ന ഇടപാടുകാരും സ്ഥാപനത്തിന്റെ സാമ്പത്തിക വലുപ്പം നിര്‍ണയിക്കുന്ന കാലം കഴിഞ്ഞു. പ്രത്യേകിച്ച് ധനകാര്യ മേഖലയില്‍. സേവനം വാതില്‍പ്പടിയിലേക്കും അവിടന്ന് ഒരു പടി കൂടി കടന്ന് മൊബൈല്‍ഫോണിലേക്കും എത്തിയ കാലത്താണ് നമ്മളിന്നുള്ളത്. ഇത് ഉള്‍ക്കൊണ്ട് പ്രവര്‍ത്തനം ചിട്ടപ്പെടുത്താന്‍ സഹകരണ സംഘങ്ങള്‍ക്കും കഴിയണം. പ്രാഥമിക സഹകരണ ബാങ്കുകള്‍ മാത്രമല്ല, എല്ലാ പ്രാഥമിക സംഘങ്ങളും ഡിജിറ്റല്‍ മേഖലയെ സ്വീകരിച്ച് പ്രവര്‍ത്തനം ക്രമീകരിക്കേണ്ടതുണ്ട്. ഇതിലേക്ക് അതിവേഗം ചുവടുവയ്ക്കുക എന്നതു മാത്രമാണ് ഇനിയുള്ള പോംവഴി. സാങ്കേതിക ലോകം സാധ്യതകളും ചതിക്കുഴികളും നിറഞ്ഞതാണെന്ന ബോധ്യത്തോടെയാവണം ഈ ചുവടുവെപ്പ്.
ഓരോ സ്ഥാപനവും എന്തൊക്കെ സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഓഫീസിലെത്തി അന്വേഷിക്കുന്ന കാലമല്ല ഇത്. സഹകരണ ബാങ്കുകള്‍ ഒട്ടേറെ ജനപ്രിയ സ്‌കീമുകള്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും അതൊന്നും കാര്യമായി ജനങ്ങളിലെത്തിക്കാനാവുന്നില്ല. സാങ്കേതിക വിദ്യയിലുണ്ടാകുന്ന നിരന്തര മാറ്റങ്ങളെ നിരീക്ഷിച്ചുകൊണ്ട് ആവശ്യമായ മാറ്റങ്ങള്‍ ഡിജിറ്റല്‍ നടപടിക്രമങ്ങളില്‍ കൊണ്ടുവരിക എന്നതാണ് ഇതിനു വേണ്ടത്. പ്രവര്‍ത്തന പരിധി സംഘങ്ങളുടെ നിയമപരമായ ചട്ടക്കൂട് മാത്രമാണിപ്പോള്‍. ആഗോളവിപണിയാണ് പുതിയ ലോകക്രമം. വിദേശത്തുള്ളവര്‍ക്ക് അവരുടെ സ്വന്തം പ്രദേശത്തെ സഹകരണ ബാങ്കുകളുടെ സേവനങ്ങള്‍ അറിയുമ്പോള്‍ അത് ഉപയോഗപ്പെടുത്താന്‍ കഴിയും. ഇന്ന് എത്ര വിദേശ മലയാളികള്‍ സഹകരണ ബാങ്കുകളെ വായ്പകള്‍ക്ക് ആശ്രയിക്കുന്നുണ്ടെന്നു പരിശോധിച്ചാല്‍ ഈ ന്യൂനത ബോധ്യപ്പെടും. അതേസമയം, വാണിജ്യ ബാങ്കുകളും , പ്രത്യേകിച്ച് പുതുതലമുറ ബാങ്കുകള്‍ , അവരുടെ സേവനങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ അവതരിപ്പിച്ച് ഇടപാടുകാരെ കൂട്ടാന്‍ ശ്രമിക്കുന്നുണ്ട്. എന്തുകൊണ്ട് പുതുതലമുറയിലുള്ളവര്‍ സഹകരണ ബാങ്കുകളിലെത്തുന്നില്ലെന്ന് ഈ സാഹചര്യം കൂടി വിലയിരുത്തി പരിശോധിക്കണം. ആഗോളതലത്തില്‍ത്തന്നെ ബിസിനസ്സുകള്‍ ഡിജിറ്റല്‍ ലോകത്തേക്ക് കുടിയേറുന്ന ഘട്ടമാണിത്. വാങ്ങല്‍, വില്‍പ്പന, കണക്കു സൂക്ഷിക്കല്‍, ബ്രാന്‍ഡിങ് തുടങ്ങി ബിസിനസ്സിനെ സംബന്ധിക്കുന്ന എല്ലാ മേഖലകളിലും സൈബര്‍ ഇടപെടലുകള്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു.
സഹകരണ സംഘങ്ങള്‍ സൈബര്‍ സാധ്യതകള്‍ തിരിച്ചറിയണം. ഇതിനാദ്യം വേണ്ടത്, സമഗ്രമായ വെബ്‌സൈറ്റ് ഓരോ സംഘവും തയാറാക്കുകഎന്നതുതന്നെയാണ്. സൈബര്‍ സെക്യൂരിറ്റി ഉറപ്പാക്കി, സാങ്കേതിക മികവും എളിമയുമുള്ള ഒരു വെബ്‌സൈറ്റാണ് തയാറാക്കേണ്ടത്. സംഘത്തിന്റെ സേവനങ്ങളും സ്‌കീമുകളും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അതില്‍ അനുദിനം പുതുക്കിക്കൊണ്ടിരിക്കുകയും വേണം. ഇതിനൊപ്പം, സമൂഹ മാധ്യമങ്ങളെ ഗുണപരമായി ഉപയോഗിക്കാനുമാവണം. ബ്രാന്‍ഡുകള്‍ വളര്‍ത്തുന്നതിനും ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള നല്ല വേദിയായി സമൂഹ മാധ്യമങ്ങള്‍ മാറിക്കഴിഞ്ഞു. ഇന്ന് ഏറ്റവും കൂടുതല്‍ ബാങ്കിങ് ഇടപാടുകള്‍ നടക്കുന്നത് സ്മാര്‍ട്ട് ഫോണുകളിലൂടെയാണ്. അതിനാല്‍, ഓരോ സഹകരണ സംഘവും അതിന്റെ ബിസിനസ് സൈബര്‍ ലോകത്ത് കൃത്യമായി പ്രതിഷ്ഠിക്കേണ്ടതുണ്ട്. സംഘങ്ങള്‍ ഡിജിറ്റലാവുകയും സഹകരണ പെയ്‌മെന്റ് സിസ്റ്റം സംസ്ഥാനത്താകെ കൊണ്ടുവരികയും ചെയ്താല്‍ സഹകരണ വായ്പാമേഖലയെ കാത്തിരിക്കുക പ്രതിസന്ധിയാവില്ല, പുരോഗതിയായിരിക്കും.