സഹകരണ പദ്ധതികള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രം പ്രത്യേക യോഗം വിളിച്ചു; കേരളത്തില്‍നിന്ന് ബിജു പരവത്ത് പ്രതിനിധി
കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ പദ്ധതികളും പുതിയ പരിഷ്‌കാരങ്ങളും ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിച്ചു. കേന്ദ്രം നടപ്പാക്കാന്‍ തീരുമാനിച്ച പദ്ധതികള്‍ക്ക് ജനപക്ഷ നിര്‍ദ്ദേശങ്ങള്‍ ആരായുകയാണ് യോഗത്തിന്റെ ലക്ഷ്യം. വിവിധ സംസ്ഥാനങ്ങളില്‍ സഹകരണ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍, സഹകരണ വകുപ്പില്‍നിന്ന് വിരമിച്ചതും ഈ രംഗത്ത് ക്രിയാത്മകമായി ഇടപെടുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍, സഹകരണ മേഖലയിലെ പരിഷ്‌കാരങ്ങളില്‍ നിര്‍ദ്ദേശം ഉന്നയിക്കാറുള്ള സംഘടനാപ്രതിനിധികള്‍ എന്നിവരില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
ജൂണ്‍ ഏഴിന് ഡല്‍ഹി ടാഗോര്‍ ചേംബറിലാണ് യോഗം. 54 പേരാണ് ഇതില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍നിന്ന് മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകനായ ബിജു പരവത്തിനെയാണ് ഈ യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്രസഹകരണ മന്ത്രാലയം ക്ഷണിച്ചിട്ടുള്ളത്. കേന്ദ്രപദ്ധതികള്‍ ഓരോ സംസ്ഥാനത്തെയും സാഹചര്യത്തിന് അനുസരിച്ച് വിലയിരുത്തി പൊതുജനപക്ഷത്തുനിന്ന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ് പ്രതിനിധികളുടെ ദൗത്യം. ഇതിനായി ഒരോ സംസ്ഥാനത്തുനിന്നും പ്രതിനിധികളുണ്ട്. കേന്ദ്ര സഹകരണ പരിഷ്‌കാരങ്ങളെക്കുറിച്ച് എല്ലാ സംസ്ഥാനങ്ങളില്‍നിന്നും ഔദ്യോഗികമായി കേന്ദ്ര സഹകരണ മന്ത്രാലയം അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടിയിരുന്നു. അപ്പക്‌സ് ഫെഡറേഷനുകള്‍, സംഘടനകള്‍ എന്നിവയില്‍നിന്നും നിര്‍ദ്ദേശങ്ങള്‍ തേടിയതാണ്. ഉദ്യോഗസ്ഥതല യോഗങ്ങള്‍ പലതവണ നടത്തിയിട്ടുണ്ട്. ഒടുവിലത്തെ ഘട്ടമായാണ് രാജ്യത്തെ പ്രധാന മാധ്യമപ്രവര്‍ത്തകരെ അടക്കം പങ്കെടുപ്പിച്ച് പ്രത്യേക യോഗം വിളിച്ചത്.
ഒമ്പത് സെഷനുകളിലാണ് യോഗത്തിനുള്ളത്. ഇതില്‍ ഓരോ സെഷനുകളും സഹകരണ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാനിധ്യത്തില്‍ പാനല്‍ ചര്‍ച്ച നടക്കും. പുതിയ കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളുടെ രൂപീകരണം, സംഘങ്ങളുടെ ആദായനികുതി ഇളവുകള്‍, കാര്‍ഷിക വായ്പ സംഘങ്ങള്‍ക്കുള്ള മാതൃക ബൈലോയും പുതിയ പരിഷ്‌കാര നിര്‍ദ്ദേശങ്ങളും, കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ് വെയര്‍ നടപ്പാക്കുന്നത്, കര്‍ഷക കൂട്ടായ്മകളും സഹകരണ സംഘങ്ങളും തമ്മിലുണ്ടാക്കേണ്ട ബന്ധങ്ങള്‍, പുതിയ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍, ദേശീയ സഹകരണ ഡേറ്റ ബേസ്, കേന്ദ്ര സഹകരണ സംഘം രജിസ്ട്രാറുടെ പുതിയ പദ്ധതി നിര്‍ദ്ദേശങ്ങള്‍ എന്നിവയെല്ലാമാണ് പാനല്‍ ചര്‍ച്ചയുടെ വിഷയങ്ങള്‍.
[mbzshare]