സഹകരണ നിയമഭേദഗതി; ഏഴ് ജില്ലകളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് സെലക്ട് കമ്മിറ്റി

[mbzauthor]

സഹകരണ നിയമത്തില്‍ സമഗ്രഭേദഗതി കൊണ്ടുവരുന്ന കേരളസഹകരണസംഘം ബില്‍ (മൂന്നാം ഭേദഗതി) സംബന്ധിച്ച് പൊതുജനങ്ങളില്‍നിന്നും സഹകാരികളില്‍നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച നിയമസഭ സെലക്ട് കമ്മിറ്റി. യുവാക്കളില്‍നിന്നടക്കം മികച്ച പ്രതികരണമാണ് കമ്മിറ്റിയുടെ സിറ്റിങ്ങിലുണ്ടാകുന്നത്. നിലവിലെ ഭേദഗതിയിലെ പ്രശ്‌നങ്ങളും പോരായ്മകളും ചൂണ്ടിക്കാട്ടുന്നതിനൊപ്പം, കാലോചിതമായ കൂടുതല്‍ വ്യവസ്ഥകളും നിര്‍ദ്ദേശങ്ങളായി സമിതിക്ക് ലഭിച്ചിട്ടുണ്ട്.

ഏഴ് ജില്ലകളിലെ സിറ്റിങ്ങാണ് ഇതിനകം പൂര്‍ത്തിയാക്കിയത്. മൂന്നുമേഖലകളിലായാണ് ഇത് നടന്നത്. കൊല്ലം,തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്കായി തിരുവനന്തപുരത്തായിരുന്നു ആദ്യ സിറ്റിങ്. ഇതില്‍ സഹകരണ മേഖലയിലെ വിവിധ സംഘടനകള്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. തൃശൂര്‍ കേരളാബാങ്കിലെ ജവഹര്‍ലാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ തൃശൂര്‍ , പാലക്കാട് ജില്ലകളിലെ 12 സര്‍ക്കിള്‍ സഹകരണയൂണിയനുകളില്‍ നിന്നായി 500 പേര്‍ പങ്കെടുത്തു. കാട്ടയം കെ.പി.എസ്. മേനോന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സിറ്റിങ്ങില്‍ കോട്ടയം ,പത്തനംതിട്ട ,ആലപ്പുഴ ജില്ലയിലുള്ളവരാണ് പങ്കെടുത്തത്.

ഇതിനകം ആയിരത്തിലധികം നിര്‍ദ്ദേശങ്ങളാണ് സമിതിക്ക് ലഭിച്ചത്. സഹകരണ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുകയാണ് സമഗ്ര സഹകരണ നിയമ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. സഹകാരികളുടെയും പൊതുജനങ്ങളുടെയും നിയമജ്ഞന്‍മാരുടെയും അഭിപ്രായംസ്വരൂപിച്ച് ഏറ്റവും മികച്ച രീതിയില്‍ നിയമം രൂപീകരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കെ.കെ.രമ, ടി.ഐ മധുസൂദനന്‍, ഇ.ചന്ദ്രശേഖരന്‍, ഹമീദ്, ജയലാല്‍, തോമസ് കെ തോമസ് , മാത്യുകുഴല്‍നാടന്‍ എന്നീ എം.എല്‍.എ.മാരാണ് സെലക്ട് കമ്മീറ്റിയിലുള്ളത്. സെലക്ട് കമ്മിറ്റി ജോയിന്റ് സെക്രട്ടറി പി.ഹരി , സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ് എന്നിവരും സിറ്റിങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

[mbzshare]

Leave a Reply

Your email address will not be published.