സഹകരണ നിയമഭേദഗതിക്കെതിരെ പ്രതിപക്ഷ സഹകാരികള്‍; നിയമസഭയിലേക്ക് മാര്‍ച്ച്

moonamvazhi

സഹകകരണ നിയമഭേദഗതിയിലെ വ്യവസ്ഥകള്‍ സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനാണ് ആക്കം കൂട്ടുകയെന്ന കുറ്റപ്പെടുത്തലുമായി പ്രതിപക്ഷ സഹകാരികള്‍. സഹകരണ മേഖലയുടെ ജനാധിപത്യ സ്വഭാവം ഇല്ലാതാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്ന് സഹകരണ ജനാധിപത്യവേദി ചെയര്‍മാര്‍ കരകുളം കൃഷ്ണപ്പിള്ള പറഞ്ഞു. അതിനാല്‍, ബില്ല് പരിഗണിക്കുന്ന വ്യാഴാഴ്ച നിയമസഭയിലേക്ക് മാര്‍ച്ച് നടത്താന്‍ പ്രതിപക്ഷസഹകാരികള്‍ തീരുമാനിച്ചു.

വേണ്ടത്ര പരിശോധനയോ ചര്‍ച്ചയോ ഇല്ലാതെയാണ് ഇപ്പോള്‍ സഹകരണ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ പല പരിഷ്‌കാരങ്ങളും നടപ്പാക്കുന്നത്. കേന്ദ്ര പദ്ധതികളില്‍പോലും വേണ്ടത്ര ചര്‍ച്ചയില്ലാതെയാണ് സംസ്ഥാനം തീരുമാനമെടുക്കുന്നത്. ഇതെല്ലാം ഈ മേഖലയെ അപകടത്തിലേക്ക് തള്ളിനീക്കുന്നതാണെന്നാണ് കുറ്റപ്പെടുത്തല്‍.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമവും ബാങ്കിംഗ് ഭേദഗതി നിയമവും ഏറെ ആശങ്കയോടെയാണ് സഹകാരികള്‍ കാണുന്നത്. കേരളത്തില്‍ ശക്തമായ അടിത്തറയുള്ള കാര്‍ഷിക വായ്പ സംഘങ്ങളിലെ ബാധിക്കുന്ന മോഡല്‍ ബൈലോയെ സംബന്ധിച്ച് സഹകാരികളുമായോ രാഷ്ട്രീയനേതൃത്വങ്ങളുമായോ ഒരു ചര്‍ച്ചയ്ക്ക് പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളും അവരുടെ സംസ്ഥാനങ്ങളുടെ താല്പര്യം സംരക്ഷിച്ചുകൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി ഈ ബൈലോ അംഗീകരിച്ചുകഴിഞ്ഞു. എന്നാല്‍, കേരളം മോഡല്‍ ബൈലോയെ സംബന്ധിച്ച് എന്ത് അഭിപ്രായമാണ് കേന്ദ്രത്തെ അറിയിച്ചതെന്ന് നിയമസഭയില്‍ പോലും വ്യക്തമാക്കിയിട്ടില്ലെന്ന് കരകുളം കുറ്റപ്പെടുത്തുന്നു.

സഹകരണ നിയമത്തില്‍ സംഘം ഭാരവാഹികള്‍ക്ക് രണ്ടും ടേം വ്യവസ്ഥ കൊണ്ടുവരുന്നതാണ് പ്രതിപക്ഷം പ്രധാനമായി എതിര്‍ക്കുന്നത്. സെലക്ട് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങള്‍ ഈ വ്യവസ്ഥ കൊണ്ടുവരുന്നതില്‍ വിയോജന കുറിപ്പ് നല്‍കിയിട്ടുണ്ട്. പരിണതപ്രജ്ഞനായ സഹകാരികളെ ഈ രംഗത്ത് നിന്ന് ആട്ടിപ്പായിക്കാനുള്ള ടേം വ്യവസ്ഥ എന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുന്ന സെപ്റ്റംബര്‍ 14ന് രാവിലെ ആശാന്‍ സ്‌ക്വയറില്‍ നിന്ന് നിയമസഭയിലേക്ക് സഹകരണ ജനാധിപത്യ വേദിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടക്കുന്നത്. മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് മാര്‍ച്ച് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. നിയമസഭയ്ക്ക് മുമ്പില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. കണ്‍വീനര്‍ എം.എം ഹസ്സന്‍ മുഖ്യപ്രഭാഷണവും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

Latest News