സഹകരണ ജീവനക്കാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ബത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമാക്കി

moonamvazhi

സര്‍ക്കാര്‍ ആനുകൂല്യത്തിന് സഹകരണ-സര്‍ക്കാര്‍ ജീവനക്കാരെ രണ്ടായി പരിഗണിക്കുന്ന തീരുമാനം തിരുത്തി ഉത്തരവ്. ഭിന്നശേഷി കുട്ടികളുള്ള സഹകരണ സംഘം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന വിദ്യാഭ്യാസ ബത്തയുടെ കാര്യത്തിലാണ് ഇപ്പോഴത്തെ ഉത്തരവ് ബാധകം. സഹകരണ സംഘം ജീവനക്കാരുടെ മക്കള്‍ക്ക് നല്‍കിരുന്ന വിദ്യാഭ്യാസ ബത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന അതേരീതിയിലാക്കി സര്‍ക്കാര്‍ പരിഷ്‌കരിച്ചു. ഇതോടെ 400 രൂപയുടെ വര്‍ദ്ധനവ് സഹകരണ ജീവനക്കാര്‍ക്ക് ലഭിക്കും.

സഹകരണ സംഘം ജീവനക്കാരുടെ മക്കള്‍ക്ക് നല്‍കിയിരുന്ന വിദ്യാഭ്യാസ ബത്ത 450 രൂപയായിരുന്നു. 2020 മാര്‍ച്ചില്‍ ഇത് 600 രൂപയാക്കി ഉയര്‍ത്തി. 2021 ഫിബ്രവരിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഭിന്നശേഷിയുള്ള മക്കള്‍ക്ക് വിദ്യാഭ്യാസ ബത്ത 1000 രൂപയാക്കി. ഈ സഹായം സഹകരണ സംഘം ജീവനക്കാര്‍ക്ക് നല്‍കിയിരുന്നില്ല. ഇതിലെ വിവേചനം ചൂണ്ടിക്കാട്ടി സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കി.

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് സര്‍ക്കാര്‍-സഹകരണ ജീവനക്കാരെന്ന വിവേചനം ഒഴിവാക്കണമെന്നായിരുന്നു രജിസ്ട്രാര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയത്. വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു രജിസ്ട്രാറുടെ കത്ത്. 2022 നവംബര്‍ രണ്ടിനാണ് രജിസ്ട്രാര്‍ കത്ത് നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ക്ക് ലഭിക്കുന്ന അതേ രീതിയില്‍ സഹകരണ സംഘം ജീവനക്കാരുടെ മക്കള്‍ക്ക് നല്‍കുന്ന തുകയും ഉയര്‍ത്തണമെന്നായിരുന്നു രജിസ്ട്രാര്‍ ആവശ്യപ്പെട്ടത്.

കേരള സഹകരണ ചട്ടം 199 പ്രകാരം കേരള സര്‍വീസസ് റൂള്‍ പ്രകാരം ബാധകമായ അലവന്‍സുകള്‍ക്ക് സഹകരണ സംഘം ജീവനക്കാരും അര്‍ഹരാണെന്ന് സര്‍ക്കാര്‍ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രറുടെ നിര്‍ദ്ദേശം അംഗീകരിക്കാവുന്നതാണെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. അംഗവൈകല്യം, മാനസിക വൈകല്യം എന്നിവ ബാധിച്ച കുട്ടികളുള്ള സഹകരണ സംഘം ജീവനക്കാര്‍ക്ക് 1000 രൂപ നിരക്കില്‍ വിദ്യാഭ്യാസ ബത്ത അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News