സഹകരണ ഉല്‍പന്നങ്ങള്‍ക്ക് വിദേശവിപണി; പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് നബാര്‍ഡ് പരിശീലനം

moonamvazhi

പ്രാഥമിക സഹകരണ ബാങ്കുകളെ മള്‍ട്ടി സര്‍വീസ് സെന്ററുകളാക്കാനുള്ള നബാര്‍ഡ് പദ്ധതിയുടെ കാര്യക്ഷമത ഉറപ്പാക്കാന്‍ നബാര്‍ഡ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കേരളബാങ്കുമായി ചേര്‍ന്നാണ് ഇതിനായി രണ്ടുദിവസത്തെ ശില്പശാല ഒരുക്കുന്നത്. 2350 കോടിരൂപയുടെ കാര്‍ഷിക അടിസ്ഥാന സൗകര്യവികസന നിധി നബാര്‍ഡ് കേരളത്തിനായി നീക്കിവെച്ചിട്ടുണ്ട്. കാര്‍ഷിക-അനുബന്ധ മേഖലയില്‍ സംരംഭകത്വ പദ്ധതികള്‍ക്കാണിത്. ഈ ഫണ്ട് ഉപയോഗിക്കുന്ന സഹകരണ ബാങ്കുകളും ശില്‍പ ശാലയുടെ ഭാഗമാകും.

‘കയറ്റുമതി ഉല്‍പാദനവും കാര്‍ഷികഅധിഷ്ഠിത മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളുടെ വിപണനവും’ എന്ന വിഷയത്തിലാണ് ശില്‍പശാലയുടെ ഊന്നല്‍. ഒക്ടോബര്‍ ആറ്, ഏഴ് തീയതികളില്‍ കോട്ടയം കുമരകത്ത് കെ.ടി.ഡി.സി. വാട്ടര്‍സ്‌കേപ്പ് റിസോര്‍ട്ടിലാണ് ശില്‍പശാല. കാര്‍ഷികവിളകളുടെയും സംസ്‌കരിച്ച ഭക്ഷ്യ ഉത്പന്നങ്ങളുടെയും കേന്ദ്ര കയറ്റുമതി ഏജന്‍സിയായ എ.പി.ഇ.ഡി.എ., സംസ്ഥാന ആസൂത്രണ ബോര്‍ഡ്, കേന്ദ്ര നാളികേര വികസന ബോര്‍ഡ്, സി.ടി.സി.ആര്‍.ഐ. എന്നിവിടങ്ങളിലുള്ള വിദഗ്ദ്ധര്‍, കയറ്റുമതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെല്ലാം രണ്ടു ദിവസത്തെ ശില്പശാലയില്‍ വിവിധ സെഷനുകളില്‍ വിഷയം കൈകാര്യം ചെയ്യും. ‘പ്രാദേശികം മുതല്‍ ആഗോളം വരെ: കാര്‍ഷികാധിഷ്ഠിത മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളിലെ അവസരങ്ങളും വെല്ലുവിളികളും’ എന്നതാണ് ശില്പശാലയുടെ പ്രമേയം.

ഗുണ നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍, ബ്രാന്‍ഡിങ്, ഉല്‍പ്പന്നങ്ങളുടെ തദ്ദേശ വിപണിയും കയറ്റുമതിയുമായി ബന്ധപ്പെട്ട മാര്‍ക്കറ്റിങ് എന്നിവയ്ക്ക് പൊതുവായ പ്ലാറ്റ്‌ഫോം വികസിപ്പിക്കുക എന്നതാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. കയറ്റുമതി ഉല്പാദനപ്രക്രിയകള്‍, ഗുണനിലവാരം, സര്‍ട്ടിഫിക്കേഷനുകള്‍, ഉത്പാദനത്തിനും പ്രചാരണത്തിനും വിവിധ ഏജന്‍സികളുടെ സാമ്പത്തികവും സാങ്കേതികവുമായ സഹായം, കയറ്റുമതിക്കുള്ള ധനസഹായം, കയറ്റുമതി മാര്‍ക്കറ്റിങ്, ഡോക്യുമെന്റേഷന്‍, വായ്പാ പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ശില്പശാല ഊന്നല്‍ നല്‍കും.

പങ്കെടുക്കുന്ന പ്രാഥിമക സഹകരണ ബാങ്കുകള്‍ക്ക് കാര്‍ഷിക ഉത്പന്നങ്ങളുടെ സംസ്‌കരണം, വിവിധ പ്രോഡക്ടുകളുടെ ഉല്‍പാദനം, പ്രചാരണ പ്രവര്‍ത്തികള്‍ എന്നിവയെ പറ്റിയുള്ള അറിവുകളും കഴിവുകളും വര്‍ധിപ്പിക്കാനുള്ള അവസരമായാണ് ഈ ശില്പശാല ഒരുക്കുന്നത്. സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍, കേരള ബാങ്ക് പ്രസിഡണ്ട് ഗാപി കോട്ടമുറിക്കല്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി  സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി.സുഭാഷ് , നബാര്‍ഡ് കേരള സി.ജി.എം. ഡോ. ഗോപകുമാരന്‍ നായര്‍ ജി., കേരള ബാങ്ക് സി.ഇ.ഒ. പി.എസ്.രാജന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.സി.സഹദേവന്‍ എന്നിവര്‍ വിശിഷ്ട അതിഥികളാകും.

Leave a Reply

Your email address will not be published. Required fields are marked *

Latest News