സഹകരണ അന്വേഷണ സമിതിയുടെ ചോദ്യങ്ങള്‍, യാത്രകള്‍
– ടി. സുരേഷ് ബാബു
89 വര്‍ഷം മുമ്പു തിരുവിതാംകൂറിലെ സഹകരണ രംഗത്തെപ്പറ്റി പഠിക്കാന്‍ നിയുക്തമായ അന്വേഷണ സമിതിക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നല്‍കിയ കാലാവധി ആറു മാസം. പക്ഷേ, റിപ്പോര്‍ട്ട് തയാറാക്കാനെടുത്തതു രണ്ടു വര്‍ഷത്തിലധികം. 390 പേജുള്ള റിപ്പോര്‍ട്ട്
സമര്‍പ്പിച്ചതു 1935 ല്‍. ഒമ്പതു ഭാഗങ്ങളും 27 അധ്യായങ്ങളും 22 അനുബന്ധങ്ങളുമുള്ള റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ ‘ മൂന്നാംവഴി ‘ യില്‍ തുടര്‍ച്ചയായി വായിക്കാം.
തിരുവിതാംകൂറില്‍ സഹകരണ നിയമം വന്നതു 1915 ലാണ്. അതിനു ശേഷം ഒന്നര പതിറ്റാണ്ട് പിന്നിട്ടപ്പോഴാണു സഹകരണ മേഖലയെ ആരോഗ്യകരമായ അവസ്ഥയിലേക്കു കൊണ്ടുവരണമെന്ന ആവശ്യം പല തലങ്ങളില്‍ നിന്നുമുയര്‍ന്നത്. അക്കാലത്തു ബ്രിട്ടീഷിന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന്റെ അവസ്ഥയെക്കുറിച്ചു സര്‍ എഡ്വേര്‍ഡ് മക്‌ലഗന്‍ അധ്യക്ഷനായ ഒരു വിദഗ്ധ സമിതി പഠനം നടത്തുകയുണ്ടായി. ബ്രിട്ടീഷിന്ത്യയിലെ പ്രവിശ്യാ സര്‍ക്കാറുകള്‍ക്കും മൈസൂര്‍ പോലുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ഇതേ തരത്തില്‍ അന്വേഷണ സമിതികള്‍ വേണമെന്നു തോന്നി. അവര്‍ സമിതികളെ നിയോഗിക്കുകയും സമിതികളുടെ ശുപാര്‍ശകള്‍ക്കനുസരിച്ചു സഹകരണ മേഖലയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.
തിരുവിതാംകൂറിലും സഹകരണ മേഖലയിലെ അവസ്ഥ ഒട്ടും മെച്ചപ്പെട്ടതായിരുന്നില്ല. സഹകരണ സംഘം രജിസ്ട്രാറായിരുന്ന വൈദ്യലിംഗം പിള്ളയാണു തിരുവിതാംകൂറിലെ സംഘങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കാനും ശുപാര്‍ശകള്‍ നല്‍കാനും എത്രയും വേഗം ഒരു അന്വേഷണ സമിതി രൂപവത്കരിക്കണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചത്. കേന്ദ്ര സഹകരണ ബാങ്കിന്റെ സെക്രട്ടറിയും ഇത്തരത്തിലൊരു സമിതി വേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു. പിന്നെ വൈകിയില്ല. സഹകരണ സംഘം രജിസ്ട്രാര്‍ എം. ഗോവിന്ദപിള്ള കണ്‍വീനറായി ഏഴംഗ സഹകരണ അന്വേഷണ സമിതിയെ നിയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ 1932 ഡിസംബര്‍ 25 നു ഉത്തരവിട്ടു. സമിതിയുടെ പ്രസിഡന്റു മാത്രം പുറത്തു നിന്നു വന്നയാളായിരുന്നു. പുണെയിലെ സര്‍വന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ പ്രസിഡന്റായ ജി.കെ. ദേവധാറിനെയാണു പ്രസിഡന്റായി നിയമിച്ചത്.
പരാമര്‍ശ വിഷയങ്ങള്‍
സഹകരണ നിയമം നടപ്പാക്കിയ ശേഷം സഹകരണരംഗത്തു തിരുവിതാംകൂറിലുണ്ടായ പുരോഗതി വിലയിരുത്തുകയും നിയമത്തില്‍ കാലത്തിനനുസരിച്ചു വേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുക എന്നതായിരുന്നു സമിതിയുടെ മുഖ്യ ലക്ഷ്യം. നിലവിലുള്ള അവസ്ഥയെപ്പറ്റി പഠിച്ച് വേണ്ട ശുപാര്‍ശകള്‍ നടത്തുക , വിതരണം, ഉല്‍പ്പാദനം, വില്‍പ്പന എന്നിവയുമായി ബന്ധപ്പെട്ടും സംഘങ്ങളുടെ വായ്‌പേതര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും കാര്യങ്ങള്‍ പരിശോധിച്ച് ശുപാര്‍ശകള്‍ നടത്തുക എന്നതും സമിതിയുടെ അന്വേഷണ വിഷയങ്ങളില്‍പ്പെട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിനോടൊപ്പം നിയമത്തിലെ ഭേദഗതികള്‍ നടപ്പാക്കുന്നതിനു വേണ്ട ഒരു കരടു ബില്‍ തയാറാക്കാനും സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
1929 മാര്‍ച്ച് 25 നു ചേര്‍ന്ന സാമ്പത്തിക വികസന ബോര്‍ഡ് അംഗീകരിച്ച ചില നിര്‍ദേശങ്ങളിലും അന്വേഷണ സമിതിയുടെ അഭിപ്രായം സര്‍ക്കാര്‍ തേടുകയുണ്ടായി. നെയ്യാറ്റിന്‍കരയില്‍ ചേര്‍ന്ന അഖില തിരുവിതാംകൂര്‍ സഹകരണ സമ്മേളനം മുന്നോട്ടുവെച്ച ചില നിര്‍ദേശങ്ങളും അന്വേഷണ സമിതിയുടെ മുമ്പാകെ വെച്ചു. സഹകരണ മേഖലയ്ക്കായി ഒരു പരിശീലന സ്ഥാപനം തുടങ്ങണമെന്നും അതിന്റെ ചെലവുകള്‍ സര്‍ക്കാരും കേന്ദ്ര സഹകരണ ബാങ്കും ചേര്‍ന്നു വഹിക്കണമെന്നുമുള്ള നിര്‍ദേശമാണു ഇതില്‍ പ്രധാനം. മുനിസിപ്പല്‍ പ്രദേശങ്ങളില്‍ ക്ഷീര സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുക, സഹകരണ സംഘം കെട്ടിടങ്ങള്‍ക്കു മുനിസിപ്പല്‍ നികുതി ഇളവു ചെയ്തുകൊടുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സമ്മേളനം മുന്നോട്ടുവെച്ചിരുന്നു.
കാലാവധി ആറു മാസം
1933 ജനുവരി ആദ്യംതന്നെ സമിതിയുടെ അന്വേഷണം തുടങ്ങണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. ആറു മാസത്തിനുള്ളില്‍, അതായത് അക്കൊല്ലം ജൂണ്‍ അവസാനത്തോടെ, റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതി രണ്ടു വര്‍ഷത്തിലധികമെടുത്തു. ചില സംഘങ്ങളെപ്പറ്റി പ്രത്യേകം പഠിക്കാനും ചില സാക്ഷികളുമായി സംസാരിക്കാനും അന്വേഷണ സമിതിക്കു സംസ്ഥാനത്തു യാത്ര ചെയ്യേണ്ടി വരുമെന്നു സര്‍ക്കാരിന്റെ ഉത്തരവില്‍ സൂചിപ്പിച്ചിരുന്നു. സമിതിയെ സഹായിക്കാന്‍ വേണ്ടി ചില ജീവനക്കാരെ സര്‍ക്കാര്‍ പ്രത്യേകം നിയമിച്ചിരുന്നു. ഒരു സെക്രട്ടറി, രണ്ടു ക്ലര്‍ക്കുമാര്‍, ഒരു ഷോര്‍ട്ട്ഹാന്റ് ടൈപ്പിസ്റ്റ്, രണ്ടു പ്യൂണ്‍മാര്‍ എന്നിവരെയാണു നിയമിച്ചത്. സെക്രട്ടറിക്കു പ്രതിമാസം 150 രൂപയായിരുന്നു പ്രതിഫലം. ക്ലര്‍ക്കുമാരില്‍ ഒരാള്‍ക്കു 70 രൂപയും മറ്റൊരാള്‍ക്കു 40 രൂപയും നല്‍കി. ടൈപ്പിസ്റ്റിനും 40 രൂപയിരുന്നു പ്രതിഫലം. പ്യൂണിനു ഒമ്പതു രൂപയാണു പ്രതിമാസം നല്‍കിയിരുന്നത്. അന്വേഷണസമിതിയുടെ സിറ്റിങ്ങിനു എല്ലാ സഹകരണ സംഘങ്ങളും വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശിക്കുകയുണ്ടായി.
നിയമിച്ചയുടന്‍തന്നെ അന്വേഷണ സമിതി പ്രവര്‍ത്തനം തുടങ്ങി. 1932 ഡിസംബര്‍ 29 നു സമിതി ആദ്യയോഗം ചേര്‍ന്നു. സമിതി ഒരു ചോദ്യാവലി തയാറാക്കി സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ആകെ 235 ചോദ്യങ്ങളാണിതിലുണ്ടായിരുന്നത്. ഇംഗ്ലീഷിലുള്ള ചോദ്യാവലി 1933 ജനുവരി 17 നും മലയാളത്തിലുള്ളതു ജനുവരി 24 നും പ്രസിദ്ധപ്പെടുത്തി. തമിഴിലുള്ള ചോദ്യാവലി 31 നും പ്രസിദ്ധീകരിച്ചു. ചോദ്യാവലിയുടെ കോപ്പികള്‍ എല്ലാ സഹകരണ സംഘങ്ങള്‍ക്കും സഹകരണ മേഖലയിലെ പ്രമുഖ വ്യക്തികള്‍ക്കും അയച്ചുകൊടുത്തു. സംസ്ഥാനത്തിനു പുറത്തുള്ളവര്‍ക്കും കോപ്പികളയച്ചു. സഹകരണ വകുപ്പിലെ ഇന്‍സ്‌പെക്ടര്‍മാര്‍, സൂപ്പര്‍വൈസിങ് യൂണിയനുകള്‍, ബാങ്കുകള്‍ എന്നിവ വഴി ചോദ്യാവലിയുടെ 2200 കോപ്പികള്‍ വിതരണം ചെയ്തു. സമിതിയുടെ ഓഫീസില്‍ നിന്നു 600 കോപ്പികള്‍ നേരിട്ടും വിതരണം ചെയ്തു.
തണുപ്പന്‍ പ്രതികരണം
1933 ഫെബ്രുവരി 22 നകം ചോദ്യത്തിനുള്ള മറുപടികള്‍ എഴുതി അയയ്ക്കണമെന്നു അന്വേഷണ സമിതിയുടെ കത്തില്‍ നിര്‍ദേശിച്ചിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ സമിതി നിര്‍ബന്ധിച്ചിരുന്നില്ല. തങ്ങള്‍ക്കു അറിവും പരിചയവുമുള്ള കാര്യങ്ങളെപ്പറ്റി മാത്രം മറുപടി തന്നാല്‍ മതി എന്നായിരുന്നു നിര്‍ദേശം. എന്നിട്ടും, ചോദ്യാവലിയോടുള്ള പ്രതികരണം പൊതുവേ തണുപ്പനായിരുന്നു. സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമായി 2800 ചോദ്യാവലിയാണു വിതരണം ചെയ്തിരുന്നത്. എന്നാല്‍, ആകെ 127 മറുപടികള്‍ മാത്രമാണു സമിതിക്കു കിട്ടിയത്. ആകെ 37 സഹകരണ സംഘങ്ങളേ ചോദ്യാവലിക്കു മറുപടി അയച്ചുള്ളു. ആറു ബാങ്കുകളും 12 സൂപ്പര്‍വൈസിങ് യൂണിയനുകളും 13 ഇന്‍സ്‌പെക്ടര്‍മാരും പ്രതികരിച്ചു. സംസ്ഥാനത്തിനു പുറത്തുള്ള മൂന്നു പേരും തിരുവിതാംകൂറിലെ 59 പ്രമുഖ വ്യക്തികളും വിലപ്പെട്ട നിര്‍ദേശങ്ങള്‍ സമിതിക്കു സമര്‍പ്പിച്ചു. ഇതിനൊക്കെപ്പുറമേ, സമിതിയുടെ പ്രസിഡന്റ് ജി.കെ. ദേവധാര്‍ സ്വന്തം നിലയ്ക്കു ബ്രിട്ടീഷിന്ത്യയിലെയും ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്കും മറ്റും ചോദ്യാവലി അയച്ചുകൊടുക്കുകയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയുമുണ്ടായി.
ചോദ്യാവലിയുടെ തുടക്കത്തില്‍ 12 പൊതു ചോദ്യങ്ങളാണു ഉണ്ടായിരുന്നത്. തിരുവിതാംകൂറിലെ സഹകരണ പ്രസ്ഥാനം നന്നായി മുന്നോട്ടു പോകുന്നുണ്ടെന്നു താങ്കള്‍ കരുതുന്നുണ്ടോ എന്നതായിരുന്നു ആദ്യത്തെ പൊതു ചോദ്യം. പൊതു ചോദ്യങ്ങള്‍ക്കുശേഷം സഹകരണ മേഖലയിലെ ഓരോ വിഭാഗത്തെയും സ്പര്‍ശിച്ചുകൊണ്ടുള്ള ചോദ്യങ്ങളാണുണ്ടായിരുന്നത്. പ്രാഥമിക സഹകരണ സംഘങ്ങള്‍, വായ്‌പേതര സംഘങ്ങള്‍, സഹകരണ ഇന്‍ഷുറന്‍സ്, ഭൂമിയുടെ കോളണിവത്കരണം, തിരുവിതാംകൂറിലെ സെന്‍ട്രല്‍ ബാങ്ക്, താലൂക്കു ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍, ബാങ്കിങ് യൂണിയനുകള്‍, ഭൂപണയ ബാങ്കുകള്‍, കാലിവളര്‍ത്തു കേന്ദ്രങ്ങള്‍, ക്ഷീര സംഘങ്ങള്‍, സഹകരണ സ്റ്റോറുകള്‍, ഭവന നിര്‍മാണ സംഘങ്ങള്‍, അധ:കൃത വര്‍ഗക്കാരുടെ സംഘങ്ങള്‍, ധാന്യ ബാങ്കുകള്‍ എന്നിവ തുടങ്ങി ഓഡിറ്റ്, ജീവനക്കാര്‍ക്കുള്ള പരിശീലനം, ആര്‍ബിട്രേഷന്‍, ലിക്വിഡേഷന്‍ വരെയുള്ള കാര്യങ്ങള്‍ ചോദ്യാവലിയില്‍ ഉള്‍പ്പെട്ടിരുന്നു.
സമിതിയുടെ കാലാവധി നീളുന്നു
ചുമതലയേറ്റ് ആറു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു സര്‍ക്കാര്‍ അന്വേഷണ സമിതിക്കു നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍, റിപ്പോര്‍ട്ട് സമര്‍പ്പണം ഇന്നത്തെ അന്വേഷണ സമിതികളെപ്പോലെ പല കാരണങ്ങളാല്‍ നീണ്ടുപോയി. രണ്ടു വര്‍ഷത്തിലധികമെടുത്താണു അന്വേഷണം പൂര്‍ത്തിയാക്കിയത്. റിപ്പോര്‍ട്ട് വൈകാനുള്ള മുഖ്യകാരണം സമിതി പ്രസിഡന്റിന്റെ മോശമായ ആരോഗ്യനിലയായിരുന്നു. 1933 ജനുവരി ആറിനു പ്രസിഡന്റ് ജി.കെ. ദേവധാറിനു ജന്മനാടായ പുണെയിലേക്കു മടങ്ങേണ്ടിവന്നു. ഗുരുതരമായ രോഗം ബാധിച്ച അദ്ദേഹം രണ്ടു മേജര്‍ ശസ്ത്രക്രിയക്കു വിധേയനായി. പുണെയിലും ബോംബെയിലുമായി ആശുപത്രിയില്‍ കഴിയേണ്ടിവന്ന അദ്ദേഹത്തിനു അക്കൊല്ലം ഡിസംബര്‍ പകുതിവരെ തിരുവനന്തപുരത്തേക്കു മടങ്ങാനായില്ല. എങ്കിലും, തന്റെ അസാന്നിധ്യത്തില്‍ അന്വേഷണ സമിതിയുടെ പ്രവര്‍ത്തനം മുടങ്ങരുതെന്നു ദേവധാര്‍ ആഗ്രഹിച്ചു. ആശുപത്രിയിലായ ഉടനെത്തന്നെ അദ്ദേഹം തന്റെ രോഗാവസ്ഥ വ്യക്തമാക്കി സര്‍ക്കാരിനു കത്തയച്ചിരുന്നു. തന്റെ ചുമതലകള്‍ തത്കാലം നിറവേറ്റാന്‍ ഒരാളെ വൈസ് ചെയര്‍മാനായി നിയമിക്കാമെന്നു ദേവധാര്‍ നിര്‍ദേശിച്ചു. അതനുസരിച്ച് മെയ് 13 നു കമ്മറ്റിയംഗമായ ഡോ. കുഞ്ഞന്‍ പിള്ളയെ വൈസ് ചെയര്‍മാനായി സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു. ലാന്റ് റവന്യൂ, ഇന്‍കം ടാക്‌സ് കമ്മീഷണറായിരുന്നു കുഞ്ഞന്‍പിള്ള. ചോദ്യാവലിയോടു പ്രതികരിച്ചവരില്‍ നിന്നു തെളിവെടുക്കാനായി സമിതി മെയ് ഇരുപതിനു യാത്രയാരംഭിച്ചു. നാലു യാത്രകള്‍ കഴിഞ്ഞപ്പോഴേക്കും കുഞ്ഞന്‍ പിള്ളയ്ക്കു സമിതിയില്‍ നിന്നു പിന്മാറേണ്ടിവന്നു. അക്കൊല്ലം ഒക്ടോബര്‍ രണ്ടിനൂ അദ്ദേഹത്തെ സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചതായിരുന്നു കാരണം. തുടര്‍ന്ന്, റാവു സാഹബ് പത്മനാഭ റാവുവിനെ സമിതിയംഗവും വൈസ് ചെയര്‍മാനുമായി സര്‍ക്കാര്‍ നിയോഗിച്ചു. തിരുവനന്തപുരം ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍ എ. ഗോപാല മേനോനെയും സമിതിയംഗമായി നിയമിച്ചു.
പ്രസിഡന്റിന്റെ അസാന്നിധ്യത്തിലും സമിതി പ്രവര്‍ത്തനം തുടര്‍ന്നു. ഒക്ടോബര്‍ അവസാനത്തോടെ സമിതി നാട്ടില്‍ നിന്നുള്ള തെളിവെടുപ്പു പൂര്‍ത്തിയാക്കി. ആകെ 35 ദിവസമേ സമിതിക്കു യാത്ര ചെയ്യാന്‍ കഴിഞ്ഞുള്ളു. 26 സ്ഥലങ്ങള്‍ സന്ദര്‍ശിച്ച സമിതി 615 സാക്ഷികളെ വിസ്തരിച്ചു. ഏതാനും സഹകരണ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് അവയുടെ പ്രവര്‍ത്തനം നിരീക്ഷിച്ചു.
അന്നു തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരിയില്‍ നിന്നാണു സമിതിയുടെ യാത്ര തുടങ്ങിയത്. തുടര്‍ന്നു നാഗര്‍കോവില്‍, തക്കല, കുഴിത്തുറ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, കൊല്ലം, മാവേലിക്കര, ഹരിപ്പാട്, കായംകുളം, ആലപ്പുഴ, ചേര്‍ത്തല, കൊട്ടാരക്കര, അടൂര്‍, പുനലൂര്‍, പത്തനംതിട്ട, തിരുവല്ല, കോഴഞ്ചേരി, ചങ്ങനാശ്ശേരി, കോട്ടയം, മീനച്ചില്‍, മൂവാറ്റുപുഴ, തൊടുപുഴ, പെരുമ്പാവൂര്‍, ആലുവ, പറവൂര്‍ എന്നിവിടങ്ങളിലും സമിതിയംഗങ്ങള്‍ പോയി തെളിവെടുപ്പു നടത്തി. ഇവിടങ്ങളിലെ പ്രധാന സഹകരണ സംഘങ്ങള്‍ അവര്‍ സന്ദര്‍ശിക്കുകയും സഹകാരികളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.
പ്രസിഡന്റ് തിരിച്ചെത്തുന്നു
രോഗം ഭേദമായി പ്രസിഡന്റ് ദേവധാര്‍ 1933 ഡിസംബര്‍ 14 നു തിരിച്ചെത്തി വീണ്ടും അന്വേഷണ സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ സക്രിയനായി. 1934 ഫെബ്രുവരി 14 വരെ അദ്ദേഹം രണ്ടു മാസം തിരുവിതാംകൂറില്‍ത്തന്നെ കഴിഞ്ഞു. ഇക്കാലയളവില്‍ തിരുവിതാംകൂറിലെ പല സഹകരണ സ്ഥാപനങ്ങളിലും ദേവധാര്‍ നേരിട്ടുപോയി പ്രവര്‍ത്തനങ്ങള്‍ പഠിച്ചു. വ്യത്യസ്ത മേഖലകളിലുള്ള സംഘങ്ങളില്‍ പോയി അവയുടെ പ്രശ്‌നങ്ങളും പോരായ്മകളും നേട്ടങ്ങളും പഠിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇവിടങ്ങളിലൊക്കെ ഏതാണ്ട് ഒറ്റക്കുതന്നെയാണു മറുനാട്ടുകാരനായ ദേവധാര്‍ പോയത്. ചില സ്ഥലങ്ങളില്‍ മാത്രം സമിതിയിലെ ഏതാനും അംഗങ്ങള്‍ അദ്ദേഹത്തെ അനുഗമിക്കുകയുണ്ടായി. ശരിക്കും ആസൂത്രണം ചെയ്തായിരുന്നു ആ യാത്ര. സമയം പാഴാക്കിക്കളയുന്നതിനോട് ഒട്ടും യോജിക്കാത്തയാളായിരുന്നു സമിതി പ്രസിഡന്റ്.
വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നൂറോളം സഹകരണ സംഘങ്ങളിലാണു ദേവധാര്‍ സന്ദര്‍ശനം നടത്തിയത്. തിരുവിതാംകൂര്‍ സെന്‍ട്രല്‍ ബാങ്കിലും 11 താലൂക്ക് ബാങ്കുകളിലും ഒരു അര്‍ബന്‍ ബാങ്കിലും 12 സഹകരണ യൂണിയനുകളിലും അദ്ദേഹം നേരിട്ടുപോയി. ഒരു ഇന്‍ഷുറന്‍സ് സൊസൈറ്റിയിലും നാലു ഡിപ്പാര്‍ട്ടുമെന്റല്‍ ബെനിഫിറ്റ് ഫണ്ട് സൊസൈറ്റികളിലും സര്‍ക്കാര്‍ ജീവനക്കാരുടെ ഒമ്പതു സംഘങ്ങളിലും പോയി. സമൂഹത്തിന്റെ താഴെത്തട്ടില്‍ കഴിയുന്നവര്‍ ചേര്‍ന്നു രൂപവത്കരിച്ച സഹകരണ സംഘങ്ങളിലും പോകാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. മീന്‍പിടിത്തക്കാരുടെയും അധ:കൃത വിഭാഗക്കാരുടെയും വനിതകളുടെയും നെയ്ത്തുകാരുടെയും നാലു സംഘങ്ങളില്‍ വീതം അദ്ദേഹം സന്ദര്‍ശനം നടത്തി. രണ്ട് സ്‌റ്റോര്‍ സൊസൈറ്റികളിലും രണ്ട് സ്‌കൂള്‍ സ്‌റ്റോര്‍ സൊസൈറ്റികളിലും കരകൗശല വിദഗ്ധരുടെ രണ്ട് സൊസൈറ്റികളിലും പോയി. വ്യത്യസ്ത സമുദായങ്ങളില്‍പ്പെട്ടവര്‍ ചേര്‍ന്നു രൂപവത്കരിച്ച 11 സൊസൈറ്റികളില്‍ പോയി അവയെപ്പറ്റി പഠിച്ചു. കെട്ടിട നിര്‍മാണം, കോഴി വളര്‍ത്തല്‍, ആരോഗ്യ ക്ഷേമം എന്നിവക്കായി രൂപം കൊണ്ട സംഘങ്ങളിലും പോയി. ഒരു ഗ്രാമ പുനരുദ്ധാരണ സംഘവും സന്ദര്‍ശിച്ചു അദ്ദേഹം.
ആഴത്തിലുള്ള പഠനം
തിരുവിതാംകൂറിലെ സഹകരണ മേഖലയെക്കുറിച്ച് ആഴത്തില്‍ പഠിക്കാനുള്ള ശ്രമമാണു ദേവധാര്‍ നടത്തിയത്. അന്വേഷണ സമിതിയിലെ രണ്ടംഗങ്ങളുമൊത്തു അദ്ദേഹം പുനലൂര്‍ പേപ്പര്‍ മില്‍ സന്ദര്‍ശിച്ചു. വ്യവസായത്തൊഴിലാളികള്‍ക്കായി സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കുന്നതിനെപ്പറ്റി പഠിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ സന്ദര്‍ശനം. കോട്ടയത്തെ മലയാള മനോരമ പ്രസ്സും അദ്ദേഹം സന്ദര്‍ശിച്ചു. പ്രസ് തൊഴിലാളികള്‍ക്കായുള്ള സംഘത്തെപ്പറ്റി പഠിക്കുകയായിരുന്നു ഉദ്ദേശ്യം. ഒരു വിതരണ സ്റ്റോര്‍ തുടങ്ങാനും സ്ത്രീകളെയും പ്രസ്സില്‍ ജോലിക്കു വെക്കാനും ദേവധാര്‍ നിര്‍ദേശിച്ചു. പറവൂര്‍, ആലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളിലെ ഏതാനും കയര്‍ ഫാക്ടറികളും അദ്ദേഹം സന്ദര്‍ശിച്ചു.
മാര്‍ത്താണ്ഡത്തു ദേവധാര്‍ രണ്ടു തവണ നീണ്ട സന്ദര്‍ശനം തന്നെ നടത്തി. പട്ടണങ്ങളിലേതു മാത്രമല്ല ഉള്‍പ്രദേശങ്ങളിലെയും സഹകരണ സംഘങ്ങള്‍ കാണാന്‍ അദ്ദേഹം പ്രത്യേകം താല്‍പ്പര്യമെടുത്തു. അംഗങ്ങളില്‍ നിന്നു പിരിച്ച പണം കൊണ്ട് സംഘങ്ങള്‍ കെട്ടിപ്പടുത്ത കെട്ടിടങ്ങളും അദ്ദേഹം കണ്ടു. ഈ യാത്രകള്‍ക്കിടയില്‍ ചില സമ്മേളനങ്ങളിലും ദേവധാര്‍ പങ്കെടുത്തു. നെയ്യാറ്റിന്‍കരയില്‍ ചേര്‍ന്ന അഖില തിരുവിതാംകൂര്‍ സഹകരണ സമ്മേളനം ഇക്കൂട്ടത്തില്‍പ്പെടും. വനപ്രദേശങ്ങളായ കല്ലാറിലും കുലശേഖരത്തുമൊക്കെയുള്ള മാര്‍ക്കറ്റുകള്‍ സന്ദര്‍ശിച്ച് മലഞ്ചരക്കുകളെക്കുറിച്ചു പഠിക്കാനും അദ്ദേഹം ശ്രമിച്ചു. ധാരാളം തൊഴിലാളികള്‍ പണിയെടുക്കുന്ന പീരുമേട്ടിലും ദേവീകുളത്തുമുള്ള തേയിലത്തോട്ടങ്ങള്‍ സന്ദര്‍ശിച്ച ദേവധാര്‍ ഇരുകൂട്ടര്‍ക്കും ഒരുപോലെ ഗുണകരമായ സഹകരണ സംഘങ്ങള്‍ എന്തുകൊണ്ട് സ്ഥാപിക്കുന്നില്ല എന്നു തൊഴിലുടമകളോട് ആരാഞ്ഞു. ഇവരില്‍ ചിലരുമായി പിന്നീട് എഴുത്തുകുത്തുകള്‍ നടത്താനും അദ്ദേഹം ശ്രദ്ധിച്ചു. എന്തുകൊണ്ട് തോട്ടങ്ങളില്‍ സഹകരണാടിസ്ഥാനത്തില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൂടാ എന്നതായിരുന്നു അദ്ദേഹത്തിന്റെ അന്വേഷണ വിഷയം.
1934 മെയ് രണ്ടാമത്തെ ആഴ്ച പ്രസിഡന്റ് ദേവധാര്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തി. ആ മാസം 14 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ സമിതിയുടെ ശുപാര്‍ശകളുടെ കരട് തയാറാക്കി. ജൂണ്‍ ആദ്യത്തെയാഴ്ച സമിതി ഒട്ടേറെ തവണ യോഗങ്ങള്‍ ചേര്‍ന്നു വിശദമായി ചര്‍ച്ചകള്‍ നടത്തി നിര്‍ദേശങ്ങള്‍ പാസാക്കി. ജൂലായ് രണ്ടാമത്തെ ആഴ്ചയില്‍ ചേര്‍ന്ന യോഗത്തിലാണു അന്തിമ റിപ്പോര്‍ട്ട് വായിച്ച് അംഗീകരിച്ചത്. 390 പേജുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതാവട്ടെ 1935 മാര്‍ച്ച് 30 നാണ്.
അന്വേഷണ സമിതിയുമായി ബന്ധപ്പെട്ട് തിരുവിതാംകൂറിലെത്തിയ പ്രസിഡന്റ് ദേവധാര്‍ വളരെ ആവേശത്തോടെയാണു ഇവിടത്തെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായത്. അന്വേഷണ സമിതിയുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലും എവിടെ യോഗങ്ങള്‍ക്കു വിളിച്ചാലും അദ്ദേഹം പോകുമായിരുന്നു. സഹകരണ മേഖലയുമായി ബന്ധപ്പെട്ട ഒട്ടേറെ യോഗങ്ങളില്‍ അദ്ദേഹം അധ്യക്ഷനാവുകയോ ഉദ്ഘാടകനാവുകയോ ചെയ്തു. തിരുവനന്തപുരം, കോട്ടയം, തിരുവല്ല, കൊല്ലം, ചെങ്ങന്നൂര്‍, മൂവാറ്റുപുഴ, നെടുമങ്ങാട്, കുഴിത്തുറ, കഴക്കൂട്ടം എന്നിവിടങ്ങളില്‍ നടന്ന സഹകാരികളുടെ സമ്മേളനങ്ങളില്‍ അദ്ദേഹം സജീവമായി പങ്കെടുത്തു. 1934 ജൂണ്‍ അഞ്ചിനു ഒരു വനിതാ സമ്മേളനത്തെയും ദേവധാര്‍ അഭിസംബോധന ചെയ്തു. ‘ വനിതകളും സഹകരണവും ‘ എന്ന വിഷയത്തെക്കുറിച്ചാണു അന്നദ്ദേഹം അവിടെ പ്രസംഗിച്ചത്.
റിപ്പോര്‍ട്ട് തയാറാക്കിക്കൊണ്ടിരിക്കുന്നതിനിടയില്‍ത്തന്നെ ദേവധാര്‍ സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം മറ്റൊരു ദൗത്യമേറ്റെടുത്ത് നീണ്ട യാത്ര നടത്തുകയുണ്ടായി. ഡല്‍ഹി, ബോംബെ, ഭവനഗര്‍, പുണെ, സാംഗ്ലി വരെ ആ യാത്ര നീണ്ടു. ട്രാവന്‍കൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ ശുപാര്‍ശയനുസരിച്ചായിരുന്നു ദേവധാറിന്റെ യാത്ര. ഡല്‍ഹിയില്‍ അദ്ദേഹം കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഉപദേശക സമിതിയില്‍ തിരുവിതാംകൂറിലെ നാളികേരക്കൃഷി നേരിടുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി. സിലോണില്‍ ( ഇന്നത്തെ ശ്രീലങ്ക ) നിന്നു കഴുത്തറുപ്പന്‍ മത്സരം നേരിടുന്നതിനാല്‍ തിരുവിതാംകൂറില്‍ അന്നു തെങ്ങുകൃഷി അപകട നിലയിലായിരുന്നു.
ബോംബെ സന്ദര്‍ശിച്ച ദേവധാര്‍ ടാറ്റ ഓയില്‍ മില്‍സ് കമ്പനി ഡയരക്ടറുമായി കൂടിക്കാഴ്ച നടത്തി. തിരുവിതാംകൂറിലെ നാളികേര വ്യവസായം എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചായിരുന്നു അവരുടെ ചര്‍ച്ച. തിരുവനന്തപുരത്തു തിരിച്ചെത്തിയ ദേവധാര്‍ മറ്റംഗങ്ങളോടൊപ്പം സഹകരണാന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിനു അന്തിമരൂപം നല്‍കുന്നതില്‍ വ്യാപൃതനായി.
സമിതിയുടെ കാര്യത്തില്‍ മഹാരാജാവ് കൈക്കൊണ്ട പ്രത്യേക താല്‍പ്പര്യത്തെപ്പറ്റി റിപ്പോര്‍ട്ടിന്റെ അവസാനഭാഗത്തു എടുത്തുപറയുന്നുണ്ട്. മൂന്നു തവണയാണു പ്രസിഡന്റ് ജി.കെ. ദേവധാര്‍ അന്വേഷണ സമിതിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മഹാരാജാവുമായി അഭിമുഖം നടത്തിയത്.
ദേവധാറിന്റെ ഓര്‍മയ്ക്കായി ഈ വിദ്യാലയം
തിരുവിതാംകൂര്‍ സഹകരണാന്വേഷണ സമിതി അധ്യക്ഷനായിരുന്ന ജി.കെ. ദേവധാറിന്റെ ഓര്‍മയ്ക്കായി മലപ്പുറം താനൂരില്‍ ഒരു സ്മാരകമുണ്ട്. അതാണ് ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
വിദ്യാഭ്യാസ, സാമൂഹിക, സഹകരണ മേഖലകളില്‍ വ്യക്തിമുദ്ര പതിച്ചിട്ടുള്ള ഗോപാല കൃഷ്ണ ദേവധാര്‍ മദ്രാസ്, കൊച്ചി, മൈസൂര്‍ സംസ്ഥാനങ്ങളിലും സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട സമിതികളില്‍ അംഗമായിരുന്നിട്ടുണ്ട്. ഗോപാല കൃഷ്ണ ഗോഖലെ സ്ഥാപിച്ച സര്‍വന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി ( ഭാരത സേവാ സംഘം ) യുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്നു ദേവധാര്‍ .
1921 ലെ മലബാര്‍ കലാപ സമയത്ത് ദേവധാര്‍ മലബാറില്‍ വന്നിട്ടുണ്ട്. ഇവിടത്തെ കലുഷിതമായ അന്തരീക്ഷത്തെപ്പറ്റി പഠിക്കാനും ജനങ്ങള്‍ക്കു സഹായമെത്തിക്കാനും വേണ്ടി സര്‍വന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റിയാണു ജി.കെ. ദേവധാറിന്റെ നേതൃത്വത്തില്‍ ഒരു പ്രതിനിധിസംഘത്തെ ഇവിടേക്കയച്ചത്. ദേവധാര്‍ കലാപബാധിത പ്രദേശങ്ങള്‍ മുഴുവനും സന്ദര്‍ശിച്ചു. അന്നു കോഴിക്കോട് കേന്ദ്രമായി ഒരു റിലീഫ് കമ്മിറ്റി പ്രവര്‍ത്തിച്ചിരുന്നു. തങ്ങള്‍ക്കു എന്തൊക്കെ സഹായം ചെയ്യാന്‍ സാധിക്കുമെന്നതിനെക്കുറിച്ച് ദേവധാറും സംഘവും ഈ കമ്മിറ്റി മുമ്പാകെ ഒരു റിപ്പോര്‍ട്ട് നല്‍കി. ആ റിപ്പോര്‍ട്ട് റിലീഫ് കമ്മിറ്റി അതേപടി സ്വീകരിച്ചു. അങ്ങനെ സെന്‍ട്രല്‍ റിലീഫ് കമ്മിറ്റി എന്ന ഒരു പൊതുവേദിയുണ്ടായി. ഈ പൊതുവേദിയുടെ നേതൃത്വത്തിലാണു പിന്നീട് മലബാറില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.
ഇന്ത്യയുടെ പല ഭാഗത്തുനിന്നും പണവും മരുന്നും വസ്ത്രങ്ങളും റിലീഫ് കമ്മിറ്റിയുടെ പേരില്‍ എത്തി. 22 റിലീഫ് കേന്ദ്രങ്ങളാണുണ്ടായിരുന്നത്. എല്ലാ റിലീഫ് ക്യാമ്പുകളും അവസാനിപ്പിച്ച് കണക്കു നോക്കിയപ്പോള്‍ 36,000 രൂപയില്‍ കൂടുതല്‍ ബാങ്കില്‍ ബാലന്‍സുണ്ടായിരുന്നു. ഈ പണം മലബാറിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാം എന്നു തീരുമാനിച്ചു. ഇതിനായി ഒരു ട്രസ്റ്റ് രൂപവത്കരിച്ചു. ദേവധാര്‍ മലബാര്‍ റീകണ്‍സ്ട്രക്ഷന്‍ ട്രസ്റ്റ് ( DMRT ) എന്നാണു ഇതറിയപ്പെട്ടത്. ഈ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഒരുപാട് ആശ്വാസ പ്രവര്‍ത്തനങ്ങള്‍ പിന്നീട് നടന്നു. വിദ്യാഭ്യാസമില്ലായ്മയാണു എല്ലാ കലാപങ്ങള്‍ക്കും കാരണം എന്ന പൊതുധാരണ ഉണ്ടായതിനെത്തുടര്‍ന്ന് വിദ്യാഭ്യാസം പ്രചരിപ്പിക്കാനും വിദ്യാലയങ്ങളില്ലാത്ത സ്ഥലങ്ങളില്‍ അവ ഉണ്ടാക്കാനും ദേവധാര്‍ ട്രസ്റ്റ് ശ്രമിച്ചു. അങ്ങനെ ഡി.എം.ആര്‍.ടി. സ്ഥാപിച്ച ആദ്യത്തെ വിദ്യാലയമാണു ദേവധാര്‍ ഹൈസ്‌കൂളായി മാറിയത്.
ആദ്യം നിശാപാഠശാലയായിട്ടാണു ആരംഭിച്ചത്. പിന്നീട് സ്വന്തമായി സ്ഥലം വാങ്ങി 1926 ല്‍ സ്‌കൂള്‍ സ്ഥാപിച്ചു. ദേവധാര്‍ ഹയര്‍ എലിമെന്ററി സ്‌കൂളായിരുന്നു അന്ന്. ആദ്യത്തെ ഹെഡ്മാസ്റ്റര്‍ വി.ടി. ശങ്കുണ്ണിമേനോനായിരുന്നു. 1952 ലാണിതു ഹൈസ്‌കൂളായത്.
ഗോഖലെയും തിലകനും
സ്വാതന്ത്ര്യസമര സേനാനികളായ ഗോപാലകൃഷ്ണ ഗോഖലെ, ലോകമാന്യ തിലകന്‍ എന്നിവരായിരുന്നു ജി.കെ. ദേവധാറിന്റെ ആദര്‍ശ പുരുഷന്മാര്‍. ഇവരുടെ ആദര്‍ശവും പ്രവര്‍ത്തനവും ദേവധാറിന്റെ രാഷ്ട്രീയ, സാമൂഹിക ബോധങ്ങളെ സ്വാധീനിച്ചു. ഇന്ത്യയുടെ നല്ല ഭാവിയ്ക്കായി നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ തയാറുള്ള ഒരു യുവ തലമുറയെ കണ്ടെത്താനും പരിശീലിപ്പിക്കാനുമാണു ഗോഖലെ സര്‍വന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപിച്ചത്. ഗോഖലെയുടെ മരണശേഷം സൊസൈറ്റി പ്രസിഡന്റായി ദേവധാര്‍ ചുമതലയേറ്റു.
സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിലും സഹകരണാശയം പ്രചരിപ്പിക്കുന്നതിലും ജി.കെ. ദേവധാര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ബോംബെ പ്രസിഡന്‍സിയില്‍ സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ അദ്ദേഹം പ്രധാന പങ്കു വഹിച്ചു. ബോംബെയിലെ സെന്‍ട്രല്‍ ഹൗസിങ് സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു. ബോംബെയില്‍ സഹകരണ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. ബോംബെയിലെ സെന്‍ട്രല്‍ സഹകരണ ബാങ്കിന്റെ ഡയരക്ടര്‍, ഹിന്ദു സഹകരണ ഹൗസിങ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സര്‍വന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ പത്രത്തിന്റെ പത്രാധിപരായിരുന്നു. കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1919 ല്‍ പുണെയില്‍ സേവാസദനം സ്ഥാപിച്ചു. സ്ത്രീകള്‍ക്കു തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച സംഘടനയാണിത്. മഹാരാഷ്ട്രയിലെ ഹരിജന്‍ സംഘത്തിന്റെ പ്രസിഡന്റായിരുന്നു ദേവധാര്‍. സഹകരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
( അവലംബം : ദേവധാര്‍: കാലവും ചരിത്രവും – ടി. ഗോപാലകൃഷ്ണന്‍ )