സഹകരണസംഘങ്ങളില്‍ 26.16 ലക്ഷം പുതിയ അംഗങ്ങളെ ചേര്‍ത്ത് ഉത്തര്‍പ്രദേശ് ലക്ഷ്യം മറികടന്നു
രാജ്യത്തു സഹകരണമേഖല ഏറ്റവും ശക്തമായി പ്രവര്‍ത്തിക്കുന്ന അഞ്ചു മുന്‍നിരസംസ്ഥാനങ്ങളില്‍ ഒന്നാവുക എന്ന ലക്ഷ്യത്തോടെ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളില്‍ ( PACS ) പുതുതായി അംഗങ്ങളെ ചേര്‍ക്കാനായി ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ അംഗത്വപ്രചരണം വന്‍വിജയം നേടി. സെപ്റ്റംബര്‍ ഒന്നിനാരംഭിച്ച അംഗത്വപ്രചരണം ( B-PACS ) മുപ്പതിന് അവസാനിച്ചപ്പോള്‍ 26.16 ലക്ഷം പേര്‍ പുതുതായി സഹകരണസംഘങ്ങളില്‍ അംഗത്വമെടുത്തു. ഒരു മാസംകൊണ്ട് ഇരുപതു ലക്ഷം പേരെ അംഗങ്ങളാക്കാനാണു യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.
പുതുതായി സംഘങ്ങളില്‍ ചേര്‍ന്ന അംഗങ്ങളില്‍നിന്നു 63.49 കോടി രൂപ ഓഹരിമൂലധനമായി സമാഹരിച്ചിട്ടുണ്ട്. പുതിയ അംഗങ്ങളില്‍ ഏറ്റവുമധികം കര്‍ഷകരാണ്. 17.33 ലക്ഷം കര്‍ഷകരാണു പുതുതായി അംഗത്വമെടുത്തത്. 1.56 ലക്ഷം വിദഗ്ധതൊഴിലാളികളും 3.92 ലക്ഷം അവിദഗ്ധതൊഴിലാളികളും 2.2 ലക്ഷം കന്നുകാലി വളര്‍ത്തലുകാരും 6,411 മീന്‍പിടിത്തക്കാരും അംഗത്വമെടുത്തു. 1.02 ലക്ഷം അംഗങ്ങളെ ചേര്‍ത്ത ഷാജഹാന്‍പൂര്‍ ജില്ലയാണ് അംഗത്വത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്. പിലിഭിത്, റാംപൂര്‍, ബുലന്ദ്‌ഷെഹര്‍, ബാഗ്പത് ജില്ലകള്‍ തൊട്ടുപിന്നിലെത്തി. ഡിവിഷന്‍തലത്തില്‍ മീററ്റാണു മുന്നില്‍. ഇവിടെ 2.44 ലക്ഷം പേര്‍ പുതുതായി സഹകരണസംഘങ്ങളില്‍ ചേര്‍ന്നു.
ഈ അംഗത്വപ്രചരണം സംസ്ഥാനത്തു പുതിയൊരു നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുകയാണെന്നും ഇതു സഹകരണമേഖലയ്ക്കു പുതിയൊരു ദിശാബോധം നല്‍കിയിരിക്കുകയാണെന്നും യു.പി. സഹകരണമന്ത്രി ജെ.പി.എസ്. റാത്തോഡ് അഭിപ്രായപ്പെട്ടു. സാധാരണക്കാര്‍ക്കു സഹകരണമേഖലയിലുള്ള വിശ്വാസം വര്‍ധിച്ചു എന്നാണിതു തെളിയിക്കുന്നത്. ഒരു ലക്ഷം കോടി സമ്പദ്‌വ്യവസ്ഥ എന്ന സംസ്ഥാനത്തിന്റെ ലക്ഷ്യം കൈവരിക്കാന്‍ ഇതു സഹായകമാവും- അദ്ദേഹം പറഞ്ഞു. സംഘങ്ങളില്‍ പുതുതായി ചേര്‍ന്ന കര്‍ഷകര്‍ക്കു മൂന്നു ശതമാനം പലിശയ്ക്കു വിളവായ്പ നല്‍കുമെന്നു മന്ത്രി പറഞ്ഞു.