സഹകരണമേഖലയ്ക്ക് ദോഷകരമായി വരുന്ന പ്രശ്നങ്ങളിൽ കേന്ദ്രസർക്കാരുമായി ഇടപെടുന്നതിൽ വകുപ്പിനു വീഴ്ച വരുന്നതായി പരക്കെ ആക്ഷേപം
സംസ്ഥാനത്തെ സഹകരണ മേഖലയ്ക്ക് കഴിഞ്ഞ ആറ് മാസത്തിലധികമായി അടിക്കടി ഉണ്ടാകുന്ന നികുതി പ്രശ്നങ്ങളിൽ കേന്ദ്രസർക്കാരിൽ കാര്യക്ഷമമായി ഇടപെടാൻ വകുപ്പിനു സാധിക്കുന്നില്ലെന്ന് പരക്കെ ആക്ഷേപം. ഈ രീതി തുടർന്നാൽ സംസ്ഥാനത്തെ സഹകരണ മേഖല വലിയ പ്രതിസന്ധി നേരിടുമെന്ന് സംസ്ഥാനത്തെ സഹകരണ രംഗത്തെ പ്രമുഖർ ഒന്നടങ്കം വിലയിരുത്തുന്നു. സഹകരണ മേഖലയുടെ പ്രശ്നങ്ങൾ നേരിടാൻ ഭരണ-പ്രതിപക്ഷങ്ങൾ കാര്യക്ഷമമായി മുന്നോട്ടു വരാത്തതിൽ സഹകാരികൾ അസംതൃപ്തരാണ്. ഇത് സഹകരണമേഖലയുടെ പിന്നോട്ടടിക്കു വഴിവയ്ക്കും എന്നും ഇവർ വിലയിരുത്തുന്നു. ഇപ്പോഴത്തെ പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാരിന് പരിഹാരം കാണാൻ സാധിക്കാതെ വന്നാൽ കേരളത്തിലെ സഹകരണ മേഖല വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുംമെന്നും സംസ്ഥാന സഹകരണ വകുപ്പ് നിവേദക സംഘമായി മാറുന്നുവെന്നും സഹകാരികൾ പറയുന്നു.
ഒരു കോടിയിലധികം രൂപ പണമായി പിൻവലിക്കുമ്പോൾ രണ്ടു ശതമാനം നികുതി നൽകണം എന്ന വ്യവസ്ഥ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ബാധകമാണെന്ന് കഴിഞ്ഞദിവസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞതായി വാർത്ത വന്നിരുന്നു. ഒപ്പം സഹകരണ സംഘങ്ങളിൽ നിന്ന് ആദായ നികുതി ഈടാക്കുന്നതും കേരളത്തിലെ സഹകരണ മേഖലയെ തകർക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
സഹകരണമേഖലയെ ബാധിക്കുന്ന ഇൻകം ടാക്സ് നിയമ വകുപ്പുകൾ 80p അനുസരിച്ച് പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ നികുതി അടയ്ക്കണം. 20000 രൂപയിൽ കൂടുതൽ കറൻസിയായി നടത്തുന്ന നിക്ഷേപത്തിന് മുൻകാലപ്രാബല്യത്തോടെ 100% പിഴ ഈടാക്കുമെന്ന തീരുമാനവും വന്നു. കേരള സഹകരണ വികസന റിസ്ക് ഫണ്ട് ബോർഡിനുമേൽ ജി.എസ്.ടി ചുമത്തി. ഈ കാര്യങ്ങളിൽ ഇളവ് ആവശ്യപ്പെട്ടുകൊണ്ട് ഓഗസ്റ്റ് 19ന് മന്ത്രിയും വകുപ്പ് സെക്രട്ടറിയും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ കണ്ട് ചർച്ച നടത്തിയിരുന്നു. രണ്ടു കാര്യങ്ങളും പരിഗണിക്കാമെന്ന് കേന്ദ്ര ധനമന്ത്രി ഉറപ്പുനൽകി. തന്നെയുമല്ല റിസ്ക് ഫണ്ട് വിഷയത്തിൽ സാധാരണഗതിയിൽ ജി.എസ്.ടി ചുമത്തേണ്ടതില്ലെന്നും ഇക്കാര്യം അടുത്ത ജി.എസ്.ടി കൗൺസിൽ സംസ്ഥാന ധനമന്ത്രി തോമസ് ഐസക് മുഖാന്തരം കൊണ്ടുവരണമെന്നും കേന്ദ്ര ധനമന്ത്രി പ്രത്യേകം ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യങ്ങളൊന്നും തന്നെ പിന്നീട് തുടർ നടപടികൾ ഉണ്ടായതായി അറിവില്ല. ജി.എസ്.ടി. കൗൺസിൽ ധനമന്ത്രി തോമസ് ഐസക് പറഞ്ഞതായും കേട്ടില്ല. ഇപ്പോൾ റിസ്ക് ഫണ്ട് സ്കീമിൽ പുതുതായി വരുത്തിയ ഭേദഗതിയിലും പ്രീമിയം വർധനനവിലും സഹകാരികൾ അസംതൃപ്തരാണ്. തന്നെയുമല്ല മുൻകാലപ്രാബല്യത്തോടെ ജി.എസ്.ടി പിടിക്കണമെന്നും സർക്കുലർ പറയുന്നു.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ മന്ത്രി തന്നെ പിറ്റേദിവസം ഫേസ്ബുക്കിൽ കുറിച്ചതിന്റെ പൂർണ രൂപം ചുവടെ ചേർക്കുന്നു.
കേന്ദ്രധനവകുപ്പ് മന്ത്രി ശ്രീമതി. നിര്‍മ്മലാ സീതാരാമനുമായി 19.08.2019-ന് നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിലെ സഹകരണ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ ഉന്നയിച്ചു. പ്രധാനമായും 4 നിവേദനങ്ങളാണ് ഈ കൂടിക്കാഴ്ചയിൽ നൽകിയത്.
1) ഇന്‍കംടാക്സ് നിയമം വകുപ്പ് 80 (P) അനുസരിച്ച് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് (PACS) കാലങ്ങളായി അനുവദിച്ചു വന്നിരുന്ന നികുതി ഇളവ് തുടരണം. ഇന്‍കംടാക്സ് അധികൃതര്‍ കേരളത്തില്‍ PACSലേക്ക് നടത്തുന്ന കടന്നുകയറ്റം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. 20,000 രൂപയില്‍ കൂടുതല്‍ PACS കളില്‍ കറന്‍സിയായി നടത്തുന്ന നിക്ഷേപത്തിന് മുന്‍കാല പ്രാബല്യത്തോടെ 100 ശതമാനം പിഴ ഈടാക്കുന്നത് ഒഴിവാക്കണം
പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ (PACS) സാധാരണഗതിയില്‍ ഇന്‍കംടാക്സ് നിയമത്തിന്റെ പരിധിയില്‍ വരേണ്ടവയല്ല എന്നും കേരളത്തില്‍ ഇക്കാര്യത്തില്‍ എന്ത് സംഭവിക്കുന്നു എന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി ബഹു. ധനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. 20,000 രൂപയില്‍ കൂടുതല്‍ കറന്‍സിയായി നിക്ഷേപം നടത്തിയതിന് മുന്‍കാല പ്രാബല്യത്തോടെ പിഴ ഈടാക്കുന്ന നടപടിയും പരിശോധിക്കും. ഇക്കാര്യങ്ങളില്‍ സ്വീകരിക്കുന്ന നടപടികള്‍ കേരളത്തിന്റെ റസിഡന്‍സ് കമ്മീഷണറെ അപ്പപ്പോള്‍ ധരിപ്പിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
2) നബാര്‍ഡില്‍ നിന്നുള്ള കാര്‍ഷിക വായ്പയുടെ പുനര്‍വായ്പാ പരിധി ഉയര്‍ത്തുകയും പലിശ കുറക്കുകയും ചെയ്യുക. മറ്റ് ഇനത്തിലുള്ള ഹ്രസ്വകാല വായ്പാ സഹായം അടിയന്തിരമായി 2000 കോടി രൂപ പലിശ കുറച്ച് അനുവദിക്കുക. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നബാര്‍ഡില്‍ നിന്നും ഒരു പ്രത്യേക വായ്പയായി കുറഞ്ഞ പലിശ നിരക്കില്‍ 1000 കോടി രൂപ അനുവദിക്കുക. കാര്‍ഷിക വായ്പയുടെ ബാങ്കുകള്‍ക്കുള്ള മൂലധന പര്യാപ്തതതാ നിബന്ധന ഒഴിവാക്കി നല്‍ക്കുക.സഹകരണബാങ്കുകള്‍ക്ക് പ്രകൃതി ദുരന്തത്തില്‍ നഷ്ടമായ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി ഗ്രാന്റ് അനുവദിക്കുക. സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിന് നബാര്‍ഡിലൂടെ നല്കുന്ന ദീര്‍ഘകാല വായ്പയുടെ സമയപരിധി 5 വര്‍ഷത്തില്‍ നിന്നും 15 വര്‍ഷമായി ഉയര്‍ത്തുക. കേരളത്തില്‍ ഈ വര്‍ഷവും ആവര്‍ത്തിച്ച പ്രകൃതി ദുരന്തത്തിന്റേയും പ്രളയത്തിന്റേയും പശ്ചാത്തലത്തില്‍ സഹകരണബാങ്കുകളിലെ കാര്‍ഷിക വായ്പയുടെ മൊറാട്ടോറിയം കാലാവധി ഒരു വര്‍ഷം കൂടെ ദീര്‍ഘിപ്പിക്കുക, വായ്പ പുനഃക്രമീകരണത്തിന് അനുവദിക്കുക
ഈ വിഷയങ്ങള്‍ വിശദമായി പരിശോധിച്ചതിനുശേഷം അനുഭാവപൂര്‍വ്വമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന നഷ്ടം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്, കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശന റിപ്പോര്‍ട്ട് എന്നിവ പരിഗണിച്ച് സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കുമെന്നും നബാര്‍ഡുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മുന്‍വര്‍ഷത്തെ പ്രളയത്തിന്റെ അടിസ്ഥാനത്തില്‍ അനുവദിച്ച വായ്പാ മൊറോട്ടോറിയവും, വായ്പാ പുനഃക്രമീകരണവും കാലാവധി തീര്‍ന്നതിനുശേഷം ആവശ്യമെങ്കില്‍ പരിഗണിക്കാമെന്നും അറിയിച്ചു.
3) കേരള സഹകരണ വികസന- റിസ്ക് ഫണ്ട് ബോര്‍ഡിന് മേല്‍ GST യും സര്‍വ്വീസ് ടാസ്കും ചുമത്തുന്നത് ഒഴിവാക്കണം.
ഇത്തരം സ്ഥാപനങ്ങളുടെ മേല്‍ സാധാരണഗതിയില്‍ GST യും സര്‍വ്വീസ് ടാക്സും ചുമത്തേണ്ടതല്ലെന്നും ഇക്കാര്യം അടുത്ത GST കൗണ്‍സിലില്‍ സംസ്ഥാന ധനവകുപ്പ് മന്ത്രി മുഖാന്തിരം കൊണ്ടുവരാവുന്നതാണ് എന്നും മന്ത്രി അറിയിച്ചു.
4) സഹകരണ ആശുപത്രി സംഘങ്ങളെ ഇന്‍കംടാക്സ് (30%) നല്കുന്നതില് നിന്നും ഒഴിവാക്കുക.
സഹകരണസംഘങ്ങളായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ക്ക് ഇന്‍കംടാക്സ് ഒഴിവാക്കുന്നതിന് നിയമപരമായ തടസങ്ങള്‍ ഇല്ലയെന്നും ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്നും മന്ത്രി ഉറപ്പു നൽകി.
ആദായ നികുതി നിയമത്തിൽ പുതുതായി കൊണ്ടുവന്നിട്ടുള്ള 194N പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ബാധകമാക്കുന്നത് ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര കൃഷി-സഹകരണ വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറുമായി ഒക്ടോബർ 11-ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചർച്ച നടത്തിയപ്പോൾ കേന്ദ്ര ധനമന്ത്രാലയവുമായി ബന്ധപ്പെട്ട് സഹകരണമേഖലയ്ക്ക് സഹായകരമായ തീരുമാനങ്ങൾക്ക് നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി കൂടിക്കാഴ്ചയിൽ ഉറപ്പുനൽകിയതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ പിന്നീട് ഈ കാര്യത്തിലും കാര്യമായി തുടർ നടപടികൾ എടുക്കാൻ സർക്കാരിനു സാധിച്ചില്ല എന്ന് വേണം കരുതാൻ. മന്ത്രിയുടെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം ചുവടെ…..
കേന്ദ്ര സര്‍ക്കാര്‍ ആദായ നികുതി നിയമത്തില്‍ കൊണ്ടു വന്നിട്ടുള്ള 194 N എന്ന വകുപ്പ് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ബാധകമാക്കുന്നത് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് കേന്ദ്ര കൃഷി – സഹകരണം വകുപ്പ് മന്ത്രി ശ്രീ. നരേന്ദ്രസിംഗ് തോമറിന് നിവേദനം നല്കി.
194 N വകുപ്പ് പ്രകാരം പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ (PACS) ഉള്‍പ്പടെ ഒരു കോടി രൂപയില്‍ കൂടുതല്‍ ഒരു സാമ്പത്തിക വര്‍ഷം ബാങ്കുകളില്‍ നിന്നും കറന്‍സി പിന്‍വലിക്കുന്ന പക്ഷം ഒരു കോടി രൂപയില്‍ കൂടുതലായി പിന്‍വലിക്കുന്ന തുകയ്ക്ക് 2 ശതമാനം നികുതി (TDS) ചുമത്തണമെന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കത്തിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ സഹകരണ മേഖലയെ മൊത്തത്തില്‍ ദോഷകരമായി ബാധിക്കുന്ന ഈ വ്യവസ്ഥ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് സമ്പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രിയെ സമീപിച്ചത്.
പ്രാഥമിക സംഘങ്ങളുടെ അപ്പക്സ് ബാങ്ക് എന്ന നിലയില്‍ ജില്ലാ ബാങ്കുകളില്‍ നിന്നും ദൈനംദിനം തുക പിന്‍വലിക്കേണ്ടി വരുമ്പോള്‍ 2 ശതമാനം TDS ചുമത്തുകയാണെങ്കില്‍ ഇത് PACS കളുടെ പ്രവര്‍ത്തന മൂലധനത്തെ ദോഷകരമായി ബാധിക്കും. കൂടാതെ പ്രാഥമിക സംഘങ്ങളായ ക്ഷീര സംഘങ്ങള്‍, കണ്‍സ്യൂമര്‍ സംഘങ്ങള്‍, മാര്‍ക്കറ്റിംഗ് സംഘങ്ങള്‍ എന്നിവയ്ക്കെല്ലാം കര്‍ഷകര്‍ക്കും മറ്റ് സപ്ലെയേഴ്സിനും എല്ലാം നിരന്തരം ഉള്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് കറന്‍സിയായി തന്നെ പണം നല്‍കേണ്ടി വരുമെന്ന സാഹചര്യം കൂടെയുണ്ട്.
ഈ സാഹചര്യം മുന്‍ നിര്‍ത്തി സംസ്ഥാനത്തെ എല്ലാ പ്രാഥമിക സഹകരണ സംഘങ്ങളെയും ജില്ലാ സഹകരണ ബാങ്കില്‍ നിന്നും അപ്പക്സ് സഹകരണ ഫെഡറേഷനുകളില്‍ നിന്നും പണം പിന്‍വലിക്കുമ്പോള്‍ 194 N വകുപ്പിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണം എന്നാണ് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.
ഈ ആവശ്യം മറ്റ് പല സംസ്ഥാനങ്ങളും ഉന്നയിച്ചിട്ടുണ്ടെന്നും ധന മന്ത്രാലയവുമായി ബന്ധപ്പെട്ട് സഹകരണ മേഖലയ്ക്ക് സഹായകമായ തീരുമാനങ്ങള്‍ക്കായി നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂടിക്കാഴ്ചയില്‍ ഉറപ്പു നല്കി.
കടകംപള്ളി സുരേന്ദ്രന്
സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി.
പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ആദായനികുതിയും പിൻവലിക്കുന്ന പണത്തിന് അധിക നികുതിയും ചുമത്തുന്ന കേന്ദ്ര നിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടു വരുന്ന കാര്യം പരിഗണിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി നിയമസഭയിൽ പറഞ്ഞു. ആദായ നികുതി അന്യായമായി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെ ഭരണപരമായും രാഷ്ട്രീയമായും നേരിടുമെന്നും സഹകാരി സമൂഹം ഒറ്റ ശബ്ദമായി മാറണമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞെങ്കിലും സഹകാരികളും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും വളരെയേറെ ആശങ്കയിലും അതിലേറെ വിഷമത്തിലുമാണ്. മുൻകാലങ്ങളിൽ സഹകരണമേഖലയിൽ പ്രശ്നങ്ങൾ വരുമ്പോൾ രാഷ്ട്രീയത്തിനതീതമായി പ്രശ്നങ്ങളെ നേരിടാൻ സഹകരണമേഖല ഒന്നിക്കാറുണ്ട്. എന്നാൽ കുറച്ചുകാലങ്ങളായി അത്തരമൊരു ഒരുമയിൽ കുറവ് വന്നിട്ടുണ്ടോ എന്ന സംശയവും ചിലർ പങ്കുവെക്കുന്നു. അതിന് അവർ കാരണമായി പറയുന്നത് കേരള ബാങ്കിന്റെ വരവും വിവാദങ്ങളും രാഷ്ട്രീയമായ ചേരിതിരിവും ആണ്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിഭിന്നമായി ശക്തമായ അടിത്തറയുള്ള കേരളത്തിലെ സഹകരണമേഖലയ്ക്ക് സംഭവിക്കുന്ന ചെറുതും വലുതുമായ കോട്ടങ്ങൾ കേരളത്തിലെ സഹകരണ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വിദ്യാഭ്യാസ എന്നുവേണ്ട മുഴുവൻ മേഖലകളെയും പ്രതികൂലമായി ബാധിക്കും എന്നതിൽ സംശയമില്ല.