സഹകരണബാങ്കിന്റെ 94 കോടി രൂപ സൈബറാക്രമണത്തിലൂടെ തട്ടിയെടുത്തവര്‍ക്ക് ജയില്‍ശിക്ഷ

[mbzauthor]

മഹാരാഷ്ട്രയിലെ കോസ്‌മോസ് സഹകരണ ബാങ്കിന്റെ 94 കോടി രൂപ സൈബറാക്രമണത്തിലൂടെ കവര്‍ന്നെടുത്ത പതിനൊന്നു പ്രതികള്‍ക്കു പുണെ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ( ഫസ്റ്റ് ക്ലാസ് ) കോടതി ജയില്‍ശിക്ഷ വിധിച്ചു. ഒമ്പതുപേരെ നാലു വര്‍ഷത്തേക്കും രണ്ടുപേരെ മൂന്നു വര്‍ഷത്തേക്കുമാണു കോടതി ശിക്ഷിച്ചത്. ആകെ 18 പേരെയാണു രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നു കേസില്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ ആറു പേര്‍ക്കെതിരെ വിചാരണ തുടരുകയാണ്. ഒരു പ്രതി വിചാരണക്കിടെ മരിച്ചു. കേസിലെ മുഖ്യ സൂത്രധാരന്‍ വിദേശത്താണ്. ഇയാളെ പിടിക്കാനുള്ള ശ്രമം തുടരുന്നു.

2018 ആഗസ്റ്റ് പതിനൊന്നിനും പതിമൂന്നിനുമാണു പ്രതികള്‍ ബാങ്കില്‍നിന്നു 94 കോടി രൂപ കവര്‍ന്നത്. ബാങ്കിന്റെ എ.ടി.എം. സ്വിച്ച് സര്‍വര്‍ ആക്രമിച്ച ഹാക്കര്‍മാര്‍ 28 രാജ്യങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നാണു 78 കോടി രൂപ പിന്‍വലിച്ചത്. രണ്ടരക്കോടി രൂപ ഇന്ത്യയിലെ എ.ടി.എമ്മുകളില്‍നിന്നും തട്ടിയെടുത്തു. ഇതേ ഹാക്കര്‍മാര്‍ ആഗസ്റ്റ് 13 നു 13.92 കോടി രൂപ പ്രോക്‌സി സ്വിഫ്റ്റ് സിസ്റ്റംവഴി ഹോങ്കോങ് ആസ്ഥാനമായുള്ള ഒരു ബാങ്കിലേക്കു ട്രാന്‍സ്ഫര്‍ ചെയ്തു. ഈ തുകയില്‍ 5.72 കോടി രൂപ പോലീസിനു തിരിച്ചുപിടിക്കാനായി. കൊള്ളയുടെ പ്രധാന ആസൂത്രകനായ ഹാക്കര്‍ വിദേശത്താണുള്ളത്. ഇയാളെ വിട്ടുകിട്ടാനുള്ള നടപടികള്‍ പോലീസ് എടുത്തുവരികയാണ്. കോസ്‌മോസ് ബാങ്കിന്റെ ഇടപാടുകാരുടെ വിവരങ്ങള്‍ കൃത്രിമവഴിയിലൂടെ ശേഖരിച്ചു ടെലികമ്യൂണിക്കേഷന്‍ ശൃംഖലയായ സ്വിഫ്റ്റ് ബാങ്കിങ് സിസ്റ്റം ഓണ്‍ലൈന്‍വഴി ആക്രമിച്ചാണു പ്രതികള്‍ പണം കൈക്കലാക്കിയതെന്നു പോലീസ് അറിയിച്ചു. സി.സി.ടി.വി. ഫൂട്ടേജുകളുടെയും ഫോറന്‍സിക്, ഡിജിറ്റല്‍ തെളിവുകളുടെയും സഹായത്തോടെയാണു പോലീസ് കേസ് തെളിയിച്ചത്. ഈ സൈബര്‍ കുറ്റകൃത്യം അന്വേഷിക്കാന്‍ മഹാരാഷ്ടസര്‍ക്കാര്‍ പ്രത്യേക പോലീസ്‌സംഘത്തെത്തന്നെ നിയോഗിച്ചിരുന്നു.

ഏഴു സംസ്ഥാനങ്ങളിലായി പ്രവര്‍ത്തനം വ്യാപിച്ചുകിടക്കുന്ന കോസ്‌മോസ് മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്ക് രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന സഹകരണ ബാങ്കുകളിലൊന്നാണ്. 1906 ല്‍ പുണെ ആസ്ഥാനമായി രൂപംകൊണ്ട കോസ്‌മോസ് ബാങ്ക് കോര്‍ബാങ്കിങ് സിസ്റ്റം നടപ്പാക്കിയ രാജ്യത്തെ ആദ്യത്തെ സഹകരണ ബാങ്കുകളില്‍പ്പെടും.

[mbzshare]

Leave a Reply

Your email address will not be published.