സഹകരണത്തില്‍ കേന്ദ്രത്തിന്റെ ലക്ഷ്യം അടിമുടി മാറ്റം
സംസ്ഥാനവിഷയമായ സഹകരണത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന ധാരണ പൊളിച്ചെഴുതപ്പെടുകയാണ്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ വളര്‍ച്ചയിലേക്കുനയിക്കാന്‍ സഹകരണത്തിലൂടെ അഭിവൃദ്ധി എന്ന മുദ്രാവാക്യവുമായി കേന്ദ്രസര്‍ക്കാര്‍
രംഗത്തിറങ്ങിയിരിക്കുന്നു. സഹകരണമേഖലയില്‍ അടിമുടി മാറ്റം
ലക്ഷ്യമിട്ട് 41 പദ്ധതികളാണു കേന്ദ്രം കൊണ്ടുവരുന്നത്. കേന്ദ്രത്തിന്റെ നേരിട്ടുനിയന്ത്രണത്തിലുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ കാര്യത്തിലും ഏറെ പരിഷ്‌കാരം കൊണ്ടുവരുന്നുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പായി സഹകരണമന്ത്രാലയം മാറുകയാണ്. സംസ്ഥാനവിഷയമായ സഹകരണത്തില്‍ കേന്ദ്രത്തിന് ഒന്നും ചെയ്യാനില്ലെന്ന സാമാന്യബോധമാണ് ഇതിലൂടെ തിരുത്തപ്പെടുന്നത്. അടിമുടി മാറ്റമാണു കേന്ദ്രസര്‍ക്കാര്‍ സഹകരണമേഖലയില്‍ വരുത്തുന്നത്. കേന്ദ്രത്തിന്റെ അധികാരപരിധിയില്‍നിന്നുകൊണ്ടാണ് ഇതെല്ലാം നടപ്പാക്കുന്നതെന്നു പറയുമ്പോഴും സംസ്ഥാനങ്ങളിലെ സഹകരണ ഘടനതന്നെ മാറിമറിയുമെന്നതില്‍ തര്‍ക്കമില്ല. ഒന്നും രണ്ടുമല്ല, 41 പദ്ധതികള്‍ക്കാണു സഹകരണമേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളത്. ‘സഹകരണത്തിലൂടെ അഭിവൃദ്ധി’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ വളര്‍ച്ചയിലേക്കു നയിക്കുക എന്നതാണു കേന്ദ്രം ലക്ഷ്യമിട്ടിട്ടുള്ളത്. കര്‍ഷകരും സാധാരണക്കാരുമായ കുറഞ്ഞ വരുമാനശേഷിയുള്ളവരിലേക്കു കേന്ദ്രപദ്ധതികള്‍ എത്തിക്കാനുള്ള ഉപകരണമായി പ്രാഥമികതലത്തിലെ സഹകരണസംഘങ്ങളെ ഉപയോഗിക്കുകയാണ് ഈ പദ്ധതികളുടെയെല്ലാം അടിസ്ഥാനലക്ഷ്യം. നിലവിലെ പല പദ്ധതികള്‍ക്കും കേന്ദ്രം നീക്കിവെച്ചിട്ടുള്ള ഫണ്ട് വേണ്ടത്ര ഉപയോഗപ്പെടുത്തില്ലെന്നാണു വിലയിരുത്തല്‍. അതിനാല്‍, വിവിധ വകുപ്പുകളുടെ ഫണ്ടുകള്‍ സഹകരണസംഘങ്ങളിലൂടെ ഉപയോഗിക്കാന്‍ പാകത്തില്‍ പദ്ധതികളെ ഏകോപിപ്പിക്കുകയെന്നതാണ് 41 പദ്ധതികളിലൂടെ കേന്ദ്ര സഹകരണമന്ത്രാലയം ചെയ്യുന്നത്.
പദ്ധതികള്‍
താഴെത്തട്ടിലേക്ക്
ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 30 കോടി അംഗങ്ങളാണു സഹകരണസംഘങ്ങളിലുള്ളത്. ഇതൊരു നിസ്സാരസംഖ്യയല്ല. ഒരു രാജ്യമായി കണക്കാക്കിയാല്‍ നമ്മുടെ സഹകാരികളുടെ എണ്ണം ലോകജനസംഖ്യയില്‍ നാലാംസ്ഥാനത്തുള്ള ഇന്തോനേഷ്യയെ പിന്നിലാക്കും. ( ഇന്തോനേഷ്യയിലെ ഇപ്പോഴത്തെ ജനസംഖ്യ 28 കോടി 24 ലക്ഷമാണ് ). നമ്മുടെ 30 കോടി സഹകാരികളില്‍ ഏറെയും സാധാരണക്കാരും കര്‍ഷകരും ചെറുകിട ഉല്‍പ്പാദകരുമടങ്ങുന്ന കുറഞ്ഞ വരുമാനക്കാരാണ്. ഇവരിലേക്കു സര്‍ക്കാരിന്റെ പദ്ധതികളെത്തിയാല്‍ അതു രാജ്യത്തിന്റെ പുരോഗതിക്കു വഴിവെക്കുമെന്നാണു കേന്ദ്ര സഹകരണമന്ത്രാലയം വിലയിരുത്തിയത്. ഈ കണക്കുകൂട്ടലില്‍നിന്നാണു 41 പദ്ധതികളുടെയും ജനനം. മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മാത്രമിരുന്നു പദ്ധതികള്‍ ആവിഷ്‌കരിച്ചു പ്രഖ്യാപിക്കുന്ന രീതിയിലും മാറ്റം വരുത്തി. സംഘങ്ങളുടെ പ്രവര്‍ത്തനം, അവയുടെ സാധ്യത, സഹകരണസംഘങ്ങളുടെ സേവനം കുറഞ്ഞ മേഖലകള്‍, രാജ്യത്തിനാവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനു സഹകരണസംഘങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നിവയെല്ലാം വിശദമായി പരിശോധിച്ചാണു പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ഈ പദ്ധതികള്‍ രാജ്യത്താകെ നടപ്പാക്കാന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എന്തൊക്കെ ചെയ്യേണ്ടതുണ്ടെന്നും നിശ്ചയിച്ചിട്ടുണ്ട്. ഇതും ഏകപക്ഷീയമായല്ല. ഓരോ സംസ്ഥാനത്തോടും കേന്ദ്ര ഭരണ പ്രദേശത്തോടും കേന്ദ്രത്തിന്റെ അടിസ്ഥാനപദ്ധതികളില്‍ അഭിപ്രായവും നിര്‍ദേശവും തേടിയിരുന്നു. സംസ്ഥാന സഹകരണസംഘം രജിസ്ട്രാര്‍മാര്‍, വകുപ്പ് സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം പല ഘട്ടത്തിലായി നടക്കുകയും ചെയ്തിട്ടുണ്ട്.
കേന്ദ്രത്തിന്റെ നേരിട്ടു നിയന്ത്രണത്തിലുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ കാര്യത്തിലും ഏറെ പരിഷ്‌കാരം കൊണ്ടുവരുന്നുണ്ട്. ഇതിനായി നിലവിലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമം അടിമുടി മാറ്റി ഭേദഗതി കൊണ്ടുവരികയാണ്. പാര്‍ലമെന്റില്‍ ഇതിന്റെ ബില്ല് അവതരിപ്പിക്കുകയും അതു സെലക്ട് കമ്മിറ്റി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ത്തന്നെ ഈ ബില്ല് നിയമമായി മാറും. തിരഞ്ഞെടുപ്പ്, ഓഡിറ്റിങ് പരിശോധന എന്നിവയെല്ലാം കേന്ദ്ര സഹകരണസംഘം രജിസ്ട്രാറുടെ ശക്തമായ നിയന്ത്രണത്തിനു കീഴിലാകുന്ന മാറ്റമാണ് ഈ നിയമത്തിലൂടെ ഉണ്ടാകുന്നത്. ഇതിനായി കേന്ദ്ര രജിസ്ട്രാറുടെ ഓഫീസും പരിഷ്‌കരിച്ചു. സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ഓണ്‍ലൈനായി നിര്‍വഹിക്കാന്‍ പാകത്തിലാണു പുതിയ കേന്ദ്ര രജിസ്ട്രാര്‍ഓഫീസിലെ സജ്ജീകരണം. ഇതിനൊപ്പം, പുതിയ മൂന്നു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ക്കും സര്‍ക്കാര്‍ രൂപം നല്‍കി. കാര്‍ഷികഭൂമിയുടെ വ്യാപനത്തിനായി വിത്തുല്‍പ്പാദനത്തില്‍ തുടങ്ങി കര്‍ഷകരുടെ വരുമാനവര്‍ധനവിനായി സംഭരണവും വിപണനവും കയറ്റുമതിയും നടത്തുന്നതുവരെ ഏറ്റെടുക്കാന്‍ പാകത്തിലാണ് ഈ സംഘങ്ങളുടെ പ്രവര്‍ത്തനഘടന. ഇതിനെല്ലാം പുറമെയാണു സംസ്ഥാനങ്ങളിലെ സഹകരണസംഘങ്ങളെ എങ്ങനെ കേന്ദ്രപദ്ധതികള്‍ക്കായി ഉപയോഗിക്കാമെന്ന രീതിയിലുള്ള പരീക്ഷണങ്ങളും നടക്കുന്നത്. അതിനുള്ള കേന്ദ്രത്തിന്റെ കര്‍മപദ്ധതി ഒരു പുതിയ സഹകരണവിപ്ലവത്തിനു തുടക്കമിടും.
ഊന്നല്‍ കാര്‍ഷിക
സംഘങ്ങള്‍ക്ക്
കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളാണു രാജ്യത്തെ സഹകരണമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക യൂണിറ്റായി പ്രവര്‍ത്തിക്കുന്നത്. ഈ സംഘങ്ങളെ കേന്ദ്രീകരിച്ചാണു കേന്ദ്രത്തിന്റെ മുഴുവന്‍ പദ്ധതികളും തയാറാക്കിയിട്ടുള്ളത്. അതിനു കാര്‍ഷിക വായ്പാസംഘങ്ങള്‍ എങ്ങനെയാവണമെന്നു നിശ്ചയിക്കുകയാണ് ആദ്യം ചെയ്തത്. അതിനാണു മോഡല്‍ ബൈലോ ( മാതൃകാ നിയമാവലി ) കൊണ്ടുവന്നത്. രാജ്യത്തെ കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളെ ബഹുസേവനം നല്‍കുന്ന സഹകരണയൂണിറ്റാക്കി മാറ്റാനാണു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു പഞ്ചായത്തില്‍ ഒരു കാര്‍ഷിക വായ്പാ സഹകരണസംഘം തുടങ്ങണമെന്നാണു നിര്‍ദേശം. എം.പി.എ.സി.എസ്. എന്നാണു കേന്ദ്രം ഇവയെ വിശേഷിപ്പിക്കുന്നത്. ‘എം’ മള്‍ട്ടിപര്‍പ്പസ് എന്നതാണ്.
രാജ്യത്തു 765 ജില്ലകളിലായി 2,69,364 പഞ്ചായത്തുകളാണുള്ളത്. ഇവയില്‍ നിലവില്‍ 1,01,285 കാര്‍ഷിക വായ്പാസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതാണു കേന്ദ്രത്തിന്റെ കണക്കുപരിശോധനയില്‍ ബോധ്യപ്പെട്ട വസ്തുത. 96,405 ഗ്രാമപ്പഞ്ചായത്തുകളില്‍ കാര്‍ഷിക വായ്പാസംഘങ്ങളോ ക്ഷീരസംഘങ്ങളോ പ്രവര്‍ത്തിക്കുന്നില്ല. ക്ഷീരസംഘങ്ങളുണ്ടാകുകയും കാര്‍ഷിക സംഘങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന പഞ്ചായത്തുകളുടെ എണ്ണം 27,954 ആണ്. ഈ കണക്കിന്റെ അടിസ്ഥാനത്തിലാണു രണ്ടു ലക്ഷം മള്‍ട്ടി പര്‍പ്പസ് കാര്‍ഷിക വായ്പാസംഘങ്ങള്‍ രാജ്യത്തു പുതുതായി രൂപവത്കരിക്കാന്‍ തീരുമാനിച്ചത്. അഞ്ചു വര്‍ഷം കൊണ്ട് ഈ ലക്ഷ്യം നേടാനാണു തീരുമാനം. ഒരു കാര്‍ഷിക വായ്പാസംഘത്തിനു ഡെയറി, ഫിഷറീസ്, കാര്‍ഷികം എന്നുതുടങ്ങി അതു പ്രവര്‍ത്തിക്കുന്ന പഞ്ചായത്തിലെ ജനങ്ങള്‍ക്കാവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാന്‍ കഴിയണം. ഇതിന്റെ അടിസ്ഥാനത്തിലാണു മാതൃകാ നിയമാവലിയില്‍ കാര്‍ഷിക സംഘങ്ങള്‍ക്ക് ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നു നിശ്ചയിച്ചത്. പുതിയ സംഘങ്ങള്‍ തുടങ്ങുന്നതിനുള്ള കര്‍മപരിപാടി തയാറാക്കിയതു നബാര്‍ഡ്, നാഷണല്‍ ഡെയറി ഡവലപ്‌മെന്റ് ബോര്‍ഡ്, നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡ് എന്നിവ ചേര്‍ന്നാണ്. ഈ പദ്ധതിയുടെ പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റായി എന്‍.സി.ഡി.സി.യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്‍.ഡി.ഡി.സി, നബാര്‍ഡ് എന്നിവയുടെ ലക്ഷ്യം 1,24,359 കാര്‍ഷിക സംഘങ്ങളാണ്.
കേരളം
മുന്നില്‍
രാജ്യത്ത് 80 ശതമാനമോ അതില്‍ക്കൂടുതലോ പഞ്ചായത്തുകളില്‍ കാര്‍ഷിക വായ്പാസംഘങ്ങളുള്ളത് ആറു സംസ്ഥാനങ്ങളിലാണ്. കേരളം, കര്‍ണാടകം, ഛത്തീസ്ഗഢ്, ഒഡീഷ, ജാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവയാണിത്. കേരളത്തില്‍ എല്ലാ പഞ്ചായത്തുകളിലും ഒന്നോ അതിലധികമോ കാര്‍ഷിക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍, ഈ പദ്ധതിയില്‍ പ്രധാന ലക്ഷ്യകേന്ദ്രമാകുന്നതു മറ്റു സംസ്ഥാനങ്ങളായിരിക്കും. പുതിയ കാര്‍ഷിക സംഘങ്ങള്‍ തുടങ്ങുന്നതിനും നിലവിലെ സംഘങ്ങള്‍ വിവിധോദ്ദേശ്യ സംഘങ്ങളാക്കി മാറ്റുന്നതിനും വിവിധ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലെ പദ്ധതികളെ ഈ സംഘത്തിന്റെ പ്രവര്‍ത്തനത്തിനായി മാറ്റുകയാണു ചെയ്തിട്ടുള്ളത്. പത്തു പദ്ധതികളാണ് ഇതിനായി കൂട്ടി യോജിപ്പിച്ചിട്ടുള്ളത്. ഇതിലൂടെ 1,67,127 കോടിരൂപ സംഘങ്ങള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. ഒരു ശതമാനം പലിശയ്ക്ക് ഈ തുക കാര്‍ഷിക സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കു ലഭിക്കും. 26,358 കോടി രൂപ ഇതില്‍ സബ്‌സിഡിയായി അനുവദിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. വകുപ്പുകളുടെ ഏകോപനത്തിനായി സഹകരണമന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ മന്ത്രാലയതലസമിതിയും രൂപവത്കരിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തും ഇതു വേഗത്തില്‍ നടപ്പാക്കുന്നതിനു സഹകരണസംഘം രജിസ്ട്രാര്‍മാരുടെ പ്രത്യേകയോഗം 2023 മെയ് 24 നു കേന്ദ്രം വിളിച്ചുചേര്‍ത്തിരുന്നു. അതില്‍ പുതിയ കാര്‍ഷിക വായ്പാസംഘങ്ങളുടെ പ്രവര്‍ത്തനമാറ്റത്തെക്കുറിച്ച് വിശദമായി വിവരിച്ചുനല്‍കിയിട്ടുണ്ട്.
മാതൃകാനിയമാവലി
ഒരു തുടക്കം
കാര്‍ഷിക വായ്പാസഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം ഏകീകരിക്കാനും ഇത്തരം സംഘങ്ങള്‍ക്കു കൂടുതല്‍ പ്രവര്‍ത്തനം ഏറ്റെടുക്കാനും ലക്ഷ്യമിട്ടാണു കേന്ദ്രസര്‍ക്കാര്‍ മോഡല്‍ ബൈലോ തയാറാക്കിയിട്ടുള്ളത്. ഇതു സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അംഗീകരിക്കുന്നതോടെ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ അതേരീതിയില്‍ ഉപയോഗപ്പെടുത്താന്‍ കാര്‍ഷിക സംഘങ്ങള്‍ക്കു കഴിയും. ഓരോ സംസ്ഥാനത്തെയും കാര്‍ഷിക വായ്പാസംഘങ്ങളുടെ പ്രവര്‍ത്തനം വ്യത്യസ്തമാണ്. അതിനാല്‍, മോഡല്‍ ബൈലോയുടെ കരട് തയാറാക്കി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സഹകരണ അപക്‌സ് സ്ഥാപനങ്ങള്‍ക്കും നല്‍കിയിരുന്നു. 1500 നിര്‍ദേശങ്ങളാണ് ഇങ്ങനെ ലഭിച്ചത്. ഈ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചാണ് അന്തിമ ബൈലോ തയാറാക്കിയിട്ടുള്ളത്. ഇതു സംസ്ഥാനങ്ങളുടെ അംഗീകാരത്തിനായി അയച്ചുകൊടുത്തിട്ടുണ്ട്. 18 സംസ്ഥാനങ്ങള്‍ ഇതിനകം മോഡല്‍ ബൈലോ അംഗീകരിച്ചു. കേരളം ഉള്‍പ്പടെയുള്ള പത്തു സംസ്ഥാനങ്ങള്‍ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല. ബീഹാര്‍, ഛത്തിസ്ഗഢ്, ഗോവ, ജാര്‍ഖണ്ഡ്, തെലങ്കാന, മിസോറാം, പഞ്ചാബ്, തമിഴ്നാട്, പുതുച്ചേരി എന്നിവയാണ് ബൈലോ ഇതുവരെ അംഗീകരിക്കാത്ത മറ്റു സംസ്ഥാനങ്ങള്‍.
സംസ്ഥാനത്തു പ്രാഥമിക സഹകരണ ബാങ്കുകളായാണു കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തിന്റെ ബൈലോ നിര്‍ബന്ധിതമായി നടപ്പാക്കേണ്ട സ്ഥിതി വന്നാല്‍ അതു കേരളത്തിലെ സഹകരണമേഖലയില്‍ കാര്യമായ മാറ്റമുണ്ടാക്കും. കാര്‍ഷിക വായ്പാ സംഘങ്ങളെ വിവിധോദ്ദേശ്യ സംഘങ്ങളാക്കി മാറ്റുകയെന്നതാണു കേന്ദ്ര നിര്‍ദേശം. ക്ഷീര സംഘങ്ങള്‍, ഫിഷറീസ് സംഘങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെല്ലാം കാര്‍ഷിക വായ്പാസംഘങ്ങള്‍ക്ക് ഏറ്റെടുക്കാവുന്ന വിധത്തില്‍ പ്രവര്‍ത്തനം മാറ്റാമെന്നാണു നിര്‍ദേശം. കേരളത്തില്‍ ഇവയെല്ലാം പ്രത്യേകമായാണു പ്രവര്‍ത്തിക്കുന്നത്. വിവിധ വകുപ്പുകള്‍ക്കു കീഴിലുമാണ്. ഇതാണു ബൈലോ അംഗീകരിക്കുന്നതില്‍ നേരിടുന്ന ഒരു പ്രശ്‌നം. മോഡല്‍ ബൈലോ അനുസരിച്ച് പ്രാഥമിക സഹകരണ ബാങ്കുകളുടെ ബാങ്കിങ്പ്രവര്‍ത്തനം ബാങ്കിന്റെ കറസ്പോണ്ടന്റ് എന്ന നിലയിലായി മാറും. ഇതാണു കേന്ദ്രം നല്‍കിയ മോഡല്‍ ബൈലോ അംഗീകരിക്കുന്നതില്‍നിന്നു കേരളത്തെ പ്രധാനമായും പിന്തിരിപ്പിക്കുന്നത്.
മോഡല്‍ ബൈലോയിലെ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായി പാലിക്കാനുള്ള വ്യവസ്ഥയല്ലെന്നാണു കേന്ദ്ര സഹകരണമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. കാര്‍ഷിക സംഘങ്ങള്‍ക്ക് പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ ഒരു മാതൃകയായി നല്‍കുന്നതാണെന്നാണു വിശദീകരണം. അതേസമയം, ബൈലോ അംഗീകരിക്കുമ്പോള്‍ അതു നടപ്പാക്കാന്‍ സംസ്ഥാനനിയമത്തില്‍ ഭേദഗതി വരുത്തേണ്ടിവരുമെന്ന സൂചനയും ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്. ഒരു മാതൃക മാത്രമാണെങ്കില്‍ എല്ലാ സംസ്ഥാനങ്ങളില്‍നിന്നും അംഗീകരിച്ചുവാങ്ങുന്നത് എന്തിനെന്ന കാര്യത്തിലും വ്യക്തതയില്ല. ഭൂരിപക്ഷം സംസ്ഥാനങ്ങളും ഔദ്യോഗികമായി അംഗീകരിച്ചു നടപ്പാക്കുമ്പോള്‍ അതില്‍ നിയമപരമായ പ്രശ്‌നങ്ങളുണ്ടാവില്ലെന്നാണു വിലയിരുത്തല്‍. അതുകൊണ്ടാണു മോഡല്‍ ബൈലോ കേന്ദ്രം അഗീകരിച്ചുപ്രഖ്യാപിക്കുന്നതിനു മുമ്പ് സംസ്ഥാനങ്ങളുടെ അംഗീകാരം വാങ്ങിയെടുക്കുന്നത്.
ഇനി ഏകീകൃത
നിയന്ത്രണം
കാര്‍ഷിക വായ്പാസംഘങ്ങളെ ഏകീകൃത പ്രവര്‍ത്തനത്തിലേക്കു കൊണ്ടുവരുന്നതിനൊപ്പം ഏകീകൃത നിയന്ത്രണവും കൊണ്ടുവരുന്നതാണു കേന്ദ്രപദ്ധതി. കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പദ്ധതികളുടെയും നിര്‍വഹണ ഏജന്‍സിയായി കാര്‍ഷിക വായ്പാസംഘങ്ങളെ മാറ്റാനാണു തീരുമാനം. ഇങ്ങനെ വരുമ്പോള്‍ ആ നിര്‍വഹണരീതി പരിശോധിക്കേണ്ടതും നിയന്ത്രിക്കേണ്ടതും കേന്ദ്ര സഹകരണ ഏജന്‍സികളുടെ ചുമതലയായി മാറുന്നുണ്ട്. ഇതിനാണു കാര്‍ഷിക വായ്പാസംഘങ്ങള്‍ക്കു പൊതു സോഫ്റ്റ്‌വെയര്‍ കൊണ്ടുവരുന്നത്. രാജ്യത്തെ ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ സഹകരണ മന്ത്രാലയം വിലയിരുത്തിയിട്ടുണ്ട്. വരുമാനത്തിന്റെ കുറവ്, മോശമായ സാമ്പത്തികസ്ഥിതി, സാങ്കേതികരംഗത്തെ സാധ്യതകള്‍ ഉപയോഗിക്കാന്‍ കഴിയാത്തത്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, പുതിയ സാധ്യതകളെക്കുറിച്ചുള്ള അറിവില്ലായ്മ എന്നിവയെല്ലാമാണ് ഇതില്‍ പ്രധാനമായിട്ടുള്ളത്.
കാര്‍ഷിക സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെങ്കില്‍ എന്തൊക്കെ വേണമെന്ന പരിശോധനയാണു രണ്ടാമതായി നടന്നത്. വൈവിധ്യവത്കരണം നടക്കുന്നില്ലെന്നതാണ് ഇതില്‍ കണ്ടെത്തിയത്. ഒരു സംഘത്തിനു വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുമ്പോഴേ മെച്ചപ്പെട്ട രീതിയില്‍ മുന്നേറാനാകൂ എന്നാണു വിലയിരുത്തല്‍. പല സംഘങ്ങളിലും കണക്കെഴുത്തുരീതിപോലും കൃത്യതയുള്ളതല്ല. ഭരണസമിതിയുടെ പ്രശ്‌നങ്ങളും സംഘങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു പൊതു സോഫ്റ്റ്‌വെയര്‍ നടപ്പാക്കാനുള്ള തീരുമാനമെടുത്തത്. സംഘങ്ങളില്‍ സുതാര്യതയും കഴിവും വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണു സഹകരണമന്ത്രാലയം വിശദീകരിച്ചിട്ടുള്ളത്.
സഹകരണ വായ്പാമേഖലയിലെ ഏറ്റവും അടിസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നവയാണു കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍. 98,995 കാര്‍ഷിക സംഘങ്ങളാണു രാജ്യത്തുള്ളത്. ഇവയില്‍ 63,000 സംഘങ്ങളാണു പ്രവര്‍ത്തിക്കുന്നത്. ഇവയെ ഒരു നെറ്റ്‌വര്‍ക്കിന്റെ ഭാഗമാക്കുകയാണ് ഏകീകൃത സോഫ്റ്റ്‌വെയര്‍ നടപ്പാക്കുന്നതിലൂടെ ചെയ്യുന്നത്. സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുമായി ഈ സംഘങ്ങളെ സാങ്കേതികമായി ബന്ധിപ്പിക്കും. ഇതിനൊപ്പം, നബാര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക യൂണിറ്റായിരിക്കും ഇതിന്റെ മൊത്തത്തിലുള്ള നിയന്ത്രണം. 13 കോടി കര്‍ഷകരാണു രാജ്യത്തെ കാര്‍ഷിക വായ്പാ സംഘങ്ങളില്‍ അംഗമായിട്ടുള്ളത്. അതിനാല്‍, കേന്ദ്രത്തിന്റെ കാര്‍ഷിക സഹായപദ്ധതികള്‍ പൂര്‍ണമായും ഈ സഹകരണ സംഘങ്ങള്‍ വഴിയായിരിക്കും നടപ്പാക്കുക. 58,383 കാര്‍ഷിക വായ്പാസംഘങ്ങള്‍ ഇതിനകം കേന്ദ്രത്തിന്റെ പൊതു സോഫ്റ്റ്‌വെയര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാകാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേരളം ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. 437 കോടി രൂപ നിലവില്‍ ഇതിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചുകഴിഞ്ഞു.
ഡി.പി.ആറും
കേന്ദ്രം വക
കേന്ദ്രപദ്ധതികളുടെ ആനുകൂല്യം സഹകരണ സംഘങ്ങള്‍ക്കു ലഭിക്കണമെങ്കില്‍ ഏറ്റെടുക്കുന്ന പദ്ധതികളുടെ വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍) തയാറാക്കിയാണ് അപേക്ഷ നല്‍കേണ്ടത്. എന്നാല്‍, മിക്ക സംഘങ്ങള്‍ക്കും ഇതിനുള്ള പരിജ്ഞാനമില്ലാത്തതിനാല്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നില്ല. ഓരോ പദ്ധതിക്കും നീക്കിവെച്ച പണം വിനിയോഗിക്കപ്പെടുന്നില്ലെന്നാണു കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തിയത്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സഹകരണസംഘങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ ഡി.പി.ആര്‍. തയാറാക്കി നല്‍കാമെന്നാണ് ഇപ്പോള്‍ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. പൊതുപദ്ധതികളും അവ ഏറ്റെടുക്കുന്ന സഹകരണസംഘങ്ങളില്‍ കേന്ദ്രനിയന്ത്രണവും പൊതുപ്രവര്‍ത്തന രീതിയും ഉണ്ടാകുമ്പോള്‍ വ്യത്യസ്ത ഡി.പി.ആര്‍. തയാറാക്കാന്‍ സംഘങ്ങളെ നിര്‍ബന്ധിക്കേണ്ടതില്ലെന്നാണു വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രപദ്ധതികള്‍ക്ക് അപേക്ഷ നല്‍കാന്‍പാകത്തില്‍ 86 ഡി.പി.ആറുകള്‍ സഹകരണമന്ത്രാലയം തയാറാക്കിയിട്ടുണ്ട്. ഇതു സംഘങ്ങള്‍ക്ക് അവരുടെ വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തി അപേക്ഷയ്‌ക്കൊപ്പം നല്‍കിയാല്‍ മതി.
മോഡല്‍ ബൈലോ അനുശാസിക്കുന്ന വിധത്തിലുള്ള പദ്ധതികള്‍ ഇതിനകംതന്നെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. സംഭരണശാലകള്‍ സ്ഥാപിക്കുക, കര്‍ഷക ഉല്‍പ്പാദനക്കമ്പനികള്‍ തുടങ്ങുക, ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുടങ്ങുക എന്നിവയെല്ലാം കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് ഏറ്റെടുക്കാവുന്ന വിധത്തില്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ പകുതിപോലും സംഭരിക്കാന്‍ ശേഷിയില്ലെന്നാണു കണക്കുകള്‍. ചൈന, അമേരിക്ക എന്നിവിടങ്ങളില്‍ ഉല്‍പ്പാദനത്തിലധികം സംഭരിക്കാനുള്ള സംവിധാനമുണ്ട്. ഇന്ത്യയില്‍ 311 ദശലക്ഷം മെട്രിക് ടണ്ണാണു ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനം. എന്നാല്‍, 145 ദശലക്ഷം മെട്രിക് ടണ്‍ ധാന്യങ്ങള്‍ സംഭരിക്കാനുള്ള സംവിധാനമേയുള്ളൂ. ഈ ഘട്ടത്തിലാണു കാര്‍ഷിക സഹകരണസംഘങ്ങളിലൂടെ സംഭരണശാലകള്‍ തുടങ്ങാനുള്ള പദ്ധതി തയാറാക്കിയത്. ഒരേക്കര്‍ സ്ഥലം സ്വന്തമായോ പാട്ടത്തിനോ ഉള്ള സംഘങ്ങള്‍ക്കു കേന്ദ്രസബ്‌സിഡിയോടെ സംഭരണശാലകള്‍ സ്ഥാപിക്കാം. ഈ സംഭരണശാലകളിലൂടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുകയും സംസ്‌കരിച്ച് വിപണനം നടത്താനുള്ള സംവിധാനമൊരുക്കുകയും ചെയ്യാനുള്ള പദ്ധതിയാണു കേന്ദ്രത്തിന്റെ പരിഗണനയിലുള്ളത്. ഇതിനൊപ്പം, സഹകരണസംഘങ്ങള്‍ സ്ഥാപിക്കുന്ന സംഭരണശാലകള്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍, റെയില്‍വേ, സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍ എന്നിവയുടെ സംഭരണശാലകളായും മാറ്റും. വ്യക്തികള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താനാകും. ഇതിലൂടെ രാജ്യത്തെ ഏറ്റവും വലിയ സംഭരണശാലാശൃംഖല സഹകരണമേഖലയില്‍ സ്ഥാപിക്കാനാണു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിവിധ പദ്ധതികളില്‍നിന്നായി 1,30,492 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിട്ടുള്ളത്. 17,546 കോടി സബ്‌സിഡിയായും നല്‍കും.
കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു കീഴില്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷന്‍ ( എഫ്.പി.ഒ ) രൂപവത്കരിക്കാനുള്ളതാണു മറ്റൊരു പദ്ധതി. 1100 കര്‍ഷക ഉല്‍പ്പാദനക്കമ്പനികളാണു സഹകരണ സംഘങ്ങള്‍ക്കു കീഴില്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുള്ളത്. ഒരു എഫ്.പി.ഒ.യ്ക്ക് 33 ലക്ഷം രൂപ എന്‍.സി.ഡി.സി. സാമ്പത്തിക സഹായകമായി നല്‍കും. സഹകരണസംഘങ്ങള്‍ക്കു കീഴില്‍ ക്ലസ്റ്റര്‍ അടിസ്ഥാനമാക്കി സംരംഭങ്ങളും ഉല്‍പ്പാദന യൂണിറ്റുകളും തുടങ്ങാനും പദ്ധതിയില്‍ വ്യവസ്ഥയുണ്ട്. ഇത്തരം യൂണിറ്റുകള്‍ക്ക് 25 ലക്ഷം രൂപ വരെയാണ് സഹായം. സഹകരണപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ഓരോ സംഘത്തിന്റെയും ഡേറ്റകള്‍ ശേഖരിക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്. കേന്ദ്ര സഹകരണ ഡേറ്റ സെന്റര്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യമനുസരിച്ച് പദ്ധതി തയാറാക്കാനാണിത്. സംസ്ഥാനങ്ങളിലെ എല്ലാ സംഘങ്ങളുടെയും വിവരങ്ങള്‍ കേന്ദ്ര ഡേറ്റ സെന്ററിലേക്കു ശേഖരിക്കുന്നുണ്ട്. ഭരണസമിതി അംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യത, നിയമനരീതി, പ്രവര്‍ത്തനമേഖല, സാമ്പത്തികസ്ഥിതി എന്നിവയടക്കമുള്ള വിവരങ്ങള്‍ ഇങ്ങനെ നല്‍കണം. 2.64 ലക്ഷം സംഘങ്ങളുടെ വിവരങ്ങള്‍ ഇതിനകം കേന്ദ്രം ശേഖരിച്ചുകഴിഞ്ഞു. ഇതില്‍ കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളുടെ അടിസ്ഥാന വിവരങ്ങളും ഉള്‍പ്പെടും. സമഗ്രമാറ്റമാണു കേന്ദ്രം സഹകരണമേഖലയില്‍ ലക്ഷ്യമിടുന്നത്. അതിന്റെ ഫലം എങ്ങനെയൊക്കെയാകുമെന്നാണ് ഇനി അറിയാനുള്ളത്.
( കവര്‍ സ്റ്റോറി, മൂന്നാംവഴി സഹകണ മാസിക ജൂലായ് ലക്കം 2023)
[mbzshare]