സഹകരണജീവനക്കാര്‍ക്കുള്ള സ്വാശ്രയ പെന്‍ഷന്‍പദ്ധതി പരിഷ്‌കരിക്കാനുള്ള റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല- മന്ത്രി വി.എന്‍. വാസവന്‍
സഹകരണസംഘങ്ങളില്‍നിന്നു വിരമിച്ച ജീവനക്കാരുടെ ക്ഷേമത്തിനായുള്ള സ്വാശ്രയ പെന്‍ഷന്‍പദ്ധതിയില്‍ നിലവില്‍ പ്രതിമാസം പെന്‍ഷന്‍ നല്‍കാന്‍ 31.44 കോടി രൂപ ആവശ്യമുണ്ടെന്നും പെന്‍ഷന്‍ബോര്‍ഡിനു വരുമാനവര്‍ധനവിനുവേണ്ടിയുള്ള മാര്‍ഗങ്ങള്‍ പെന്‍ഷന്‍ പരിഷ്‌കരണക്കമ്മറ്റിയുടെ പരിഗണനയിലാണെന്നും സഹകരണമന്ത്രി വി.എന്‍. വാസവന്‍ നിയമസഭയെ അറിയിച്ചു. പെന്‍ഷന്‍ പരിഷ്‌കരണറിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
2023 ജൂണ്‍ 27 ലെ ഉത്തരവനുസരിച്ച് സഹകരണപെന്‍ഷന്‍പദ്ധതി പരിഷ്‌കരിക്കാന്‍ റിട്ട. ജില്ലാ ജഡ്ജി അധ്യക്ഷനായാണു സമിതിയെ നിയോഗിച്ചിരിക്കുന്നത്. സഹകരണപെന്‍ഷന്‍പദ്ധതിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും പെന്‍ഷന്‍ അനുവദിച്ചിട്ടു രണ്ടര വര്‍ഷമേ ആയിട്ടുള്ളു. ഫണ്ടിന്റെ പര്യാപ്തത പരിഗണിച്ചുമാത്രമേ തുടര്‍ന്നുള്ള ഡി.എ. അനുവദിക്കാവൂ എന്നു മുന്‍കമ്മീഷന്‍ നല്‍കിയ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതിനാല്‍ ഇടക്കാലാശ്വാസം നല്‍കുന്ന കാര്യം പരിഗണനയിലില്ല. സഹകരണപെന്‍ഷന്‍ പദ്ധതി ഒരു സ്വാശ്രയ പെന്‍ഷന്‍പദ്ധതിയായതിനാല്‍ പെന്‍ഷന്‍ഫണ്ടിലേക്കു ബജറ്റില്‍ തുക വകയിരുത്തണമെന്ന ആവശ്യവും സര്‍ക്കാരിന്റെ പരിഗണനയിലില്ല- മന്ത്രി അറിയിച്ചു.
1994 ലെ സ്വാശ്രയ പെന്‍ഷന്‍പദ്ധതി ഫണ്ടിന്റെ ദൗര്‍ലഭ്യം കാരണം പ്രതിസന്ധിയിലാണെന്ന കാര്യവും പെന്‍ഷന്‍ഫണ്ട് വിപുലീകരിക്കാനായി പെന്‍ഷന്‍പദ്ധതിഫണ്ടിന്റെ നീക്കിയിരിപ്പിന്റെ പത്തു ശതമാനം തുക സംസ്ഥാനബജറ്റില്‍ വകയിരുത്തണമെന്ന പെന്‍ഷന്‍ സംഘടനകളുടെ ആവശ്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന പി. ഉബൈദുള്ളയുടെ ചോദ്യത്തിനുള്ള മറുപടിയായാണു മന്ത്രി ഇക്കാര്യം പറഞ്ഞത്.