സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സഹകരണ സംഘങ്ങളെ പങ്കാളിയാക്കും- മന്ത്രി അമിത് ഷാ
സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ സഹകരണ ബാങ്കുകള്‍ക്കും ഉടനെ അനുമതി നല്‍കുമെന്നു കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ അറിയിച്ചു. പദ്ധതിയുടെ സഹായം ഗുണഭോക്താക്കള്‍ക്കു നേരിട്ടു നല്‍കുന്നതിനു ( DBT ) ജാം ( JAM – ജന്‍ധന്‍-ആധാര്‍-മൊബൈല്‍ ) ഉപയോഗിച്ചായിരിക്കും ഈ പദ്ധതികള്‍ നടപ്പാക്കുക.
സര്‍ക്കാര്‍ സബ്‌സിഡികള്‍ ഗുണഭോക്താക്കള്‍ക്കു ലഭിക്കാതെ ചോര്‍ന്നുപോകുന്നതു തടയാനാണു കേന്ദ്രം ജാം ലിങ്ക് ഉപയോഗിക്കുന്നത്. ജന്‍ധന്‍ അക്കൗണ്ടുകളും മൊബൈല്‍ നമ്പറും ആധാര്‍ കാര്‍ഡും ബന്ധിപ്പിച്ചാണു ജാം ഉപയോഗിക്കുന്നത്. സര്‍ക്കാരിന്റെ 300 പദ്ധതികള്‍വഴി ഗുണഭോക്താക്കള്‍ക്കു സഹായം നല്‍കാന്‍ നിലവില്‍ 52 മന്ത്രാലയങ്ങള്‍ ജാം ലിങ്ക് ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്.
അഹമ്മദാബാദ് ആസ്ഥാനമായുള്ള ഗുജറാത്ത് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രിക്കള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ എഴുപതാം വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുമ്പോഴാണു മന്ത്രി അമിത് ഷാ ജാം ലിങ്കിലൂടെ സഹകരണ ബാങ്കുകളെ ക്ഷേമ പദ്ധതികളില്‍ പങ്കെടുപ്പിക്കുന്ന കാര്യം പറഞ്ഞത്. സര്‍ക്കാര്‍പദ്ധതികളില്‍ സഹകരണ മേഖലയും പങ്കാളിയാകുന്നതോടെ സാധാരണക്കാരുമായുള്ള സര്‍ക്കാരിന്റെ നേരിട്ടുള്ള ബന്ധം മെച്ചപ്പെടുമെന്നു അമിത് ഷാ അഭിപ്രായപ്പെട്ടു.
ഖേതി ബാങ്ക് എന്നറിയപ്പെടുന്ന ഗുജറാത്ത് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രിക്കള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ മന്ത്രി ശ്ലാഘിച്ചു. കഴിഞ്ഞ വര്‍ഷം 190 കോടി രൂപയുടെ കിട്ടാക്കടമാണു ബാങ്ക് തിരിച്ചുപിടിച്ചത്. ഗുജറാത്തിന്റെ കാര്‍ഷിക മേഖലയുടെ വികസനത്തിനു ബാങ്ക് വലിയ സംഭാവനയാണു നല്‍കിയിട്ടുള്ളത്. 8.42 ലക്ഷം കര്‍ഷകര്‍ക്കായി 4,543 കോടി രൂപയാണു ബാങ്ക് ഇതുവരെ വായ്പയായി നല്‍കിയിട്ടുള്ളത്. 1951 ല്‍ പോര്‍ബന്തറിലെ നാട്ടുരാജാവായ ഉദയ്ബന്‍ സിംജിയുടെ നേതൃത്വത്തിലാണു ഖേതി ബാങ്ക് രൂപം കൊണ്ടത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയോടു ചേര്‍ന്ന നാട്ടുരാജ്യങ്ങളിലെ കര്‍ഷകര്‍ക്കു കൃഷിഭൂമി വാങ്ങാന്‍ വായ്പ കൊടുക്കുക എന്ന മുഖ്യോദ്ദേശ്യത്തിലാണു ബാങ്ക് ജന്മമെടുത്തത്. ബാങ്കിന്റെ വായ്പ നേടിയ 56,000 കര്‍ഷകര്‍ ഇന്നു ഭൂവുടമകളാണ് – അമിത് ഷാ പറഞ്ഞു.
[mbzshare]