സര്‍ക്കാരിന്റെ അലംഭാവം: ബിഹാറില്‍ 22 ജില്ലാ ബാങ്കുകള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലേക്ക്

moonamvazhi

സംസ്ഥാന സര്‍ക്കാരിന്റെ മെല്ലെപ്പോക്കുനയം കാരണം ബിഹാറിലെ 22 ജില്ലാ കേന്ദ്ര സഹകരണബാങ്കുകള്‍ അഡ്മിനിസ്‌ട്രേറ്റര്‍ഭരണത്തിലേക്കു നീങ്ങുന്നു. ഈ ബാങ്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളുടെ കാലാവധി 2023 ജനുവരി പതിനേഴിനവസാനിക്കുകയാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും പുതിയ തിരഞ്ഞെടുപ്പിനുള്ള നടപടികളൊന്നും ജനതാദള്‍ (യു ) – ആര്‍.ജെ.ഡി- കോണ്‍ഗ്രസ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല.

സഹകരണബാങ്കുകളുടെ ഭരണകാലാവധി അവസാനിക്കുന്ന കാര്യം ചൂണ്ടിക്കാട്ടി സഹകാരികള്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും സഹകരണമന്ത്രിയെയും മറ്റും കണ്ടെങ്കിലും ഫലമുണ്ടായില്ല. കാലാവധി തീരുന്ന ദിവസം ഈ ബാങ്കുകളില്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ചുമതലയേല്‍ക്കും. സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളിലേക്കു 2018 ലാണു തിരഞ്ഞെടുപ്പു നടന്നത്. ഇതില്‍ സംസ്ഥാനബാങ്കിന്റെ ഭരണസമിതിയുടെ കാലാവധി അടുത്ത ഏപ്രില്‍വരെയുണ്ട്. മറ്റിടങ്ങളില്‍ 2023 ജനുവരി 17നു കാലാവധി തീരും.

ജനുവരി 17 നു കാലാവധി അവസാനിക്കുന്ന കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ തങ്ങള്‍ കത്തയച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നു ഗോപാല്‍ഗഞ്ച് ജില്ലാ സഹകരണബാങ്ക് ചെയര്‍മാന്‍ മഹേഷ് റായ് പരാതിപ്പെട്ടു. സംസ്ഥാന സഹകരണനിയമമനുസരിച്ച് നിലവിലെ ഭരണസമിതിയുടെ കാലാവധി നീട്ടാന്‍ വ്യവസ്ഥയില്ല. ഏക പോംവഴി നിയമസഭയില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയാണ് – അദ്ദേഹം പറഞ്ഞു.

ജില്ലാ സഹകരണബാങ്കുകളുടെ ഭരണസമിതി പിരിച്ചുവിട്ടാല്‍ കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ പുതിയ ചട്ടങ്ങളനുസരിച്ചേ ഇനി സമിതി പുന:സംഘടിപ്പിക്കാന്‍ സാധിക്കുകയുള്ളു. ബാങ്കിങ്‌മേഖലയില്‍ എട്ടു വര്‍ഷമെങ്കിലും പരിചയമുള്ള ആള്‍ക്കാരെ മാത്രമേ റിസര്‍വ് ബാിന്റെ പുതിയ നിയമമനുസരിച്ച് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി ( സി.ഇ.ഒ ) നിയമിക്കാന്‍ കഴിയൂ. നിലവില്‍ 23 ജില്ലാ കേന്ദ്ര സഹകരണബാങ്കുകളാണു ബിഹാറിലുള്ളത്. ഇതില്‍ സുപോള്‍ ജില്ലാ സഹകരണബാങ്ക് ഭരണസമിതിയെ അസാധുവാക്കിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News