സമ്പല്‍ സമൃദ്ധി സഹകരണത്തിലൂടെ ; സഹകരണവാരാഘോഷം നവംബര്‍ 14 നു തുടങ്ങും
ഇക്കൊല്ലത്തെ സഹകരണ വാരാഘോഷത്തിന്റെ മുഖ്യ പ്രമേയം ‘ സമ്പല്‍ സമൃദ്ധി സഹകരണത്തിലൂടെ ‘ എന്നതാണ്. നവംബര്‍ 14 നു തിരുവനന്തപുരത്താണു വാരാഘോഷത്തിന്റെ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. 20 നുള്ള സമാപനം കോഴിക്കോട്ടു നടക്കും.
ദേശീയ സഹകരണ യൂണിയന്റെ ആഹ്വാനമനുസരിച്ച് 68 -ാമതു അഖിലേന്ത്യാ വാരാഘോഷമാണ് ഇത്തവണ സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ആഘോഷം.
വാരാഘോഷത്തിന് ഓരോ ദിവസവും വിഷയങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ച്, ആദ്യദിവസമായ നവംബര്‍ 14 ന്റെ വിഷയം ‘ കോവിഡ് പ്രതിസന്ധി നേരിടുന്നതിലും ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിലും സഹകരണ പ്രസ്ഥാനങ്ങളുടെ പങ്ക് ‘ എന്നതാണ്. മറ്റു ദിവസങ്ങളിലെ വിഷയങ്ങള്‍ ഇവയാണ് : സഹകരണ വിപണനം, ഉപഭോക്താക്കള്‍, സംസ്‌കരണം, മൂല്യവര്‍ധന ( നവംബര്‍ 15 ), സഹകരണ സ്ഥാപനങ്ങള്‍ക്കു ബിസിനസ് ചെയ്യുന്നതിനുള്ള സൗകര്യം ( നവം. 16 ), നവീകരണം പ്രോത്സാഹിപ്പിക്കല്‍, തൊഴിലവസരം സൃഷ്ടിക്കല്‍, തൊഴില്‍ വൈശിഷ്ട്യം രൂപപ്പെടുത്തല്‍ എന്നിവയില്‍ സഹകരണ സംഘങ്ങളുടെ പങ്ക് ( നവം. 17 ), സംരംഭക വികസനവും പൊതു – സ്വകാര്യ – സഹകരണ പങ്കാളിത്തം ശക്തിപ്പെടുത്തലും ( നവം. 18 ), യുവാക്കള്‍ക്കും സത്രീകള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കുമുള്ള സഹകരണ പ്രസ്ഥാനങ്ങള്‍ ( നവം. 19 ), സാമ്പത്തിക ഉള്‍പ്പെടുത്തലും ഡിജിറ്റലൈസേഷനും സാമൂഹിക മാധ്യമങ്ങളും – സഹകരണ പ്രസ്ഥാനത്തിലൂടെ ( നവം. 20 ).
എല്ലാ സര്‍ക്കിള്‍ യൂണിയനുകളും സഹകരണ സ്ഥാപനങ്ങളും നവംബര്‍ 14 നു രാവിലെ പതാക ഉയര്‍ത്തി സഹകരണ പ്രതിജ്ഞയെടുക്കും. വാരാഘോഷത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കും. സഹകരണ മേഖല ഇന്നു നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സെമിനാറുകള്‍ നടത്തും.