സംരംഭക വര്‍ഷം; വായ്പ നല്‍കാന്‍ പദ്ധതിയില്ലാതെ സഹകരണ ബാങ്കുകള്‍ പുറത്ത്

moonamvazhi

ഒരുവര്‍ഷം ഒരുലക്ഷം സംരംഭങ്ങളെന്ന സര്‍ക്കാര്‍ പദ്ധതി വാണിജ്യ ബാങ്കുകള്‍ ഏറ്റെടുത്തപ്പോള്‍ കേരള ബാങ്ക് ഉള്‍പ്പടെയുള്ള സഹകരണ ബാങ്കുകള്‍ കാര്യമായ പങ്കാളിത്തമില്ലാതെ പുറത്ത്. അഞ്ചുമാസത്തിനുള്ളില്‍ 50,774 സംരംഭങ്ങളാണ് കേരളത്തിലുണ്ടായത്. ഇതിനുള്ള മൂലധന നിക്ഷേപത്തിനായി 2997.52 കോടി രൂപയാണ് ബാങ്കുകള്‍ നല്‍കിയത്. ഇതില്‍ സഹകരണ മേഖലയുടെ പങ്കാളിത്തം വളരെ കുറവാണ്. എം.എസ്.എം.ഇ. വായ്പകള്‍ക്ക് പ്രത്യേക സ്‌കീം തയ്യാറാക്കിയ കേരളബാങ്കിന് പോലും സര്‍ക്കാരിന്റെ സംരംഭക പദ്ധതിയില്‍ കാര്യമായി ഇടപെടനായിട്ടില്ല.

കനറ ബാങ്ക്, ഗ്രാമീണ്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയാണ് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളെ സമര്‍ത്ഥമായി ഉപയോഗിച്ചിട്ടുള്ളത്. ഇതില്‍തന്നെ മികച്ചുനില്‍ക്കുന്നത് കനറാബാങ്കാണ്. 10 ജില്ലകളില്‍ ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയത് കനറ ബാങ്കാണ്. ശരാശരി രണ്ടരകോടിയോളമാണ് ഓരോ ജില്ലകളിലെയും കനറ ബാങ്കിന്റെ വായ്പ തോത്. പത്തനംതിട്ട ജില്ലയില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഇടുക്കിയിലും എറണാകുളത്തും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, കണ്ണൂരില്‍ ഗ്രാമീണ്‍ ബാങ്ക് എന്നിങ്ങനെയാണ് വായ്പ വിതരണത്തില്‍ മുന്നിലുള്ളത്.

ഓരോ പഞ്ചായത്ത് തലത്തിലും സംരഭകര്‍ക്ക് സഹായ കേന്ദ്രം തുടങ്ങിയാണ് വ്യവസായ വകുപ്പ് സംരംഭകത്വ പദ്ധതി നടപ്പാക്കിയത്. തുടങ്ങുന്ന സംരംഭങ്ങളില്‍ 30 ശതമാനവും അതത് വര്‍ഷം പൂട്ടിപ്പോകുന്ന സ്ഥിതിയായിരുന്നു നിലവിലുള്ളത്. ഇത് മാറ്റാന്‍, സംരംഭത്തിന്റെ സാധ്യതകള്‍, ചെലവ്, ഉല്‍പന്നത്തിന്റെ വിപണി സാധ്യത എന്നിവയെല്ലാം വിലയിരുത്താന്‍ സഹായിക്കാനാണ് തദ്ദേശതലത്തില്‍ വിദഗ്ധരുടെ സേവനം വ്യവസായ വകുപ്പ് ഉറപ്പാക്കിയത്. സംരംഭങ്ങള്‍ക്ക് വിജയസാധ്യത ഉറപ്പാക്കിയപ്പോള്‍, വായ്പയ്ക്ക് തിരിച്ചടവ് ലഭിക്കുമെന്ന ബോധ്യം ബാങ്കുകള്‍ക്കുമുണ്ടായി. ഇതാണ് വാണിജ്യബാങ്കുകള്‍ അവസരമായി ഉപയോഗപ്പെടുത്തിയത്.

വായ്പകള്‍ക്ക് തിരിച്ചടവ് ലഭിക്കാത്തതാണ് സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി. നിക്ഷേപ-വായ്പ അനുപാതം സഹകരണ ബാങ്കുകളില്‍ കുറവാണ്. പുതിയ സംരംഭക വായ്പകളിലേക്ക് സഹകരണ ബാങ്കുകളിലെ പണം പ്രാദേശികമായി ഉപയോഗിക്കാനായാല്‍ അത് വലിയ മാറ്റത്തിന് വഴിയൊരുക്കും. പ്രാദേശികതലത്തില്‍ സംരംഭങ്ങള്‍കൂടും. സഹകരണ ബാങ്കുകള്‍ക്ക് ബിസനിസ് തോത് ഉയര്‍ത്താനുമാകും. സംരംഭക വര്‍ഷത്തിന്റെ ഭാഗമാകാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ടെങ്കിലും പ്രാഥമിക സഹകരണ ബാങ്കുകളെ ഈ പദ്ധതിയുടെ ഭാഗമാക്കാനുള്ള ഇടപെടല്‍ ഉണ്ടായിട്ടില്ല.

10 ലക്ഷം രൂപവരെയുള്ള വായ്പകള്‍ ഒരുമാസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കി നല്‍കണമെന്നതാണ് സഹകരണ വകുപ്പ് ബാങ്കുകള്‍ക്ക് മുമ്പില്‍വെച്ച നിബന്ധന. ഇത് കേരളബാങ്കിന് പാലിക്കാനാകുന്നില്ലെന്നതാണ് അവര്‍ പുറന്തള്ളിപ്പോകാന്‍ കാരണം. ഏത് ബാങ്ക് വായ്പ നല്‍കിയാലും നാലുശതമാനം പലിശ സബ്‌സിഡി വ്യവസായാ വകുപ്പ് നല്‍കുന്നുണ്ട്. ഈ സൗകര്യവും പ്രാഥമിക സഹകരണ ബാങ്കുകളുടെ വായ്പകള്‍ക്ക് ലഭ്യമാകുന്നില്ല. പ്രാദേശിക വികസനത്തിന് ഏറെ സാധ്യതയുള്ള ഒരു പദ്ധതിയാണ് സഹകരണ മേഖലയ്ക്ക് ഉപയോഗപ്പെടുത്താനാകാതെ നഷ്ടമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News