സംഘങ്ങള്‍ക്കുള്ള മാതൃകാനിയമാവലി 26 സംസ്ഥാനങ്ങള്‍ അംഗീകരിച്ചു; സെപ്റ്റംബറില്‍ പ്രാബല്യത്തിലാകും- മന്ത്രി അമിത് ഷാ

moonamvazhi

പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ക്കായി തയാറാക്കിയ മാതൃകാ നിയമാവലി 26 സംസ്ഥാനങ്ങള്‍ അംഗീകരിച്ചതായി കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ അറിയിച്ചു. ബഹു സംസ്ഥാന ( മള്‍ട്ടി സ്‌റ്റേറ്റ് ) സഹകരണസംഘംനിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ ജൂലായ് ഇരുപതിനാരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ന്യൂഡല്‍ഹിയില്‍ ശനിയാഴ്ച ആരംഭിച്ച പതിനേഴാമത് ഇന്ത്യന്‍ സഹകരണകോണ്‍ഗ്രസ്സില്‍ സംസാരിക്കവേയാണ് അമിത് ഷാ ഇക്കാര്യമറിയിച്ചത്. രണ്ടു ദിവസത്തെ സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.

പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ക്കായുള്ള മാതൃകാ നിയമാവലി 26 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും അംഗീകരിച്ചിട്ടുണ്ട്. വരുന്ന സെപ്റ്റംബര്‍ മുതല്‍ രാജ്യത്തിന്റെ വലിയൊരു ഭാഗത്ത് ഏകീകൃതനിയമം പ്രാബല്യത്തിലാകും എന്നര്‍ഥം – അമിത് ഷാ പറഞ്ഞു. അടുത്ത 25 വര്‍ഷത്തെ വിപുലീകരണത്തിനു സഹായിക്കുന്ന പുതിയൊരു സഹകരണനിയമം രൂപവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ട്. ഒരു സഹകരണ സര്‍വകലാശാല തുടങ്ങാനും പരിപാടിയുണ്ട്. ഇക്കാര്യത്തില്‍ മന്ത്രാലയങ്ങള്‍ തമ്മിലുള്ള ചര്‍ച്ച നടന്നുവരികയാണ്- അദ്ദേഹം പറഞ്ഞു.

2021 ജൂലായ് ആറിനു സഹകരണത്തിനു പ്രത്യേക മന്ത്രാലയം രൂപവത്കരിച്ചശേഷം നിരവധി മാറ്റങ്ങള്‍ സഹകരണമേഖലയിലുണ്ടായിട്ടുണ്ട്. ഇനി ഭാവിയിലും ഇത്തരം മാറ്റങ്ങള്‍ തുടരും. സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും അവകാശങ്ങളെ ഹനിക്കാതെ ഭരണഘടനാ ചട്ടക്കൂടില്‍നിന്നുകൊണ്ടു സഹകരണനിയമത്തില്‍ ഏകീകൃതസ്വഭാവം കൊണ്ടുവരാനാണു സര്‍ക്കാര്‍ ശ്രമിച്ചത്. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമത്തിലെ ഭേദഗതി സംയുക്ത പാര്‍ലമെന്ററിസമിതി നടത്തിക്കഴിഞ്ഞു. ഇതു വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ത്തന്നെ അവതരിപ്പിക്കും. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘംനിയമം സംബന്ധിച്ച ബില്‍ 2022 ഡിസംബര്‍ ഇരുപതിനാണു സംയുക്ത പാര്‍ലമെന്ററിസമിതിയുടെ പരിഗണനയ്ക്കു വിട്ടത്. ബില്ലിലെ മിക്ക വ്യവസ്ഥകളോടും യോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടുള്ള സമിതിറിപ്പോര്‍ട്ട് ഇക്കഴിഞ്ഞ മാര്‍ച്ച് പതിനഞ്ചിനാണു സമര്‍പ്പിച്ചത്. പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ക്കു വ്യത്യസ്ത നിയമാവലികളാണു രാജ്യത്തുള്ളത്. ഇതിലൊരു ഏകസ്വഭാവം വരുത്താനാണു മാതൃകാനിയമാവലി കൊണ്ടുവന്നത്. 26 സംസ്ഥാനങ്ങള്‍ ഇതംഗീകരിച്ചതോടെ രാജ്യത്തെ 85 ശതമാനം പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളും സെപ്റ്റംബര്‍മുതല്‍ ഒറ്റ നിയമത്തിനു കീഴിലാകും – അമിത് ഷാ പറഞ്ഞു.

സഹകരണസംഘങ്ങളുടെ വിവരങ്ങളടങ്ങിയ ഡാറ്റാബേസിന്റെ ജോലി ഏതാണ്ടു 90 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു. ഒരു ബട്ടണമര്‍ത്തിയാല്‍മതി രജിസ്ട്രാര്‍ക്കോ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനോ സഹകരണസംഘങ്ങളെക്കുറിച്ചുള്ള എല്ലാ വിശദവിവരങ്ങളും വിരല്‍ത്തുമ്പിലെത്തും. ഇപ്പോള്‍ രാജ്യത്തു 55,000 പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളാണുള്ളത്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ മൂന്നു ലക്ഷം പ്രാഥമികസംഘങ്ങള്‍ രൂപവത്കരിക്കുകയാണു സര്‍ക്കാര്‍ലക്ഷ്യം. ഓരോ പഞ്ചായത്തിലും അപ്പോള്‍ ഒരു പ്രാഥമികസംഘമുണ്ടാകും. അപ്പോള്‍മാത്രമേ സഹകരണമേഖലയുടെ അടിത്തറ ശക്തിപ്പെടൂ- മന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു സഹകരണമേഖല വലിയ സംഭാവനയാണു നല്‍കുന്നത്. വായ്പാവിതരണത്തിന്റെ 29 ശതമാനവും രാസവളം വിതരണത്തിന്റെ 35 ശതമാനവും നടക്കുന്നതു സഹകരണസംഘങ്ങളിലൂടെയാണ്. രാസവളം ഉല്‍പ്പാദനത്തിന്റെ 25 ശതമാനവും പഞ്ചസാരയുല്‍പ്പാദനത്തിന്റെ 35 ശതമാനവും നിര്‍വഹിക്കുന്നതു സഹകരണമേഖലയാണ്. പാലിന്റെ സംഭരണം, വില്‍പ്പന, ഉല്‍പ്പാദനം എന്നിവയില്‍ സംഘങ്ങളുടെ സംഭാവന 15 ശതമാനംവരും- അമിത് ഷാ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News