സംഘങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടരുത്- തെലങ്കാന ഹൈക്കോടതി

Deepthi Vipin lal

സഹകരണ സംഘങ്ങളുടെ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളെ തെലങ്കാന ഹൈക്കോടതി വിലക്കി. ഭരണപരമായി ഒട്ടേറെ കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള ഒരു സര്‍ക്കാര്‍ സഹകരണ സംഘങ്ങളില്‍ അനാവശ്യമായി എന്തിനാണ് ഇടപെടുന്നതെന്നു ഹൈക്കോടതി ചോദിച്ചു.

സിര്‍സില്ലയിലെ കോ-ഓപ്പറേറ്റീവ് ഇലക്ട്രിക് സപ്ലൈ സൊസൈറ്റിയില്‍ ( CESS ) പുതിയ ഭരണസമിതിയെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ഉത്തരവ് റദ്ദാക്കിക്കൊണ്ടാണു ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. തിരഞ്ഞെടുക്കപ്പെട്ട ഒരു സമിതി സംഘത്തിന്റെ ഭരണം നടത്തുന്ന കാര്യം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നു ചീഫ് ജസ്റ്റിസ് സതീഷ്ചന്ദ്ര ശര്‍മ, ജസ്റ്റിസ് അഭിനന്ദ് കുമാര്‍ ഷാവിലി എന്നിവരുള്‍പ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു.

വിലാസഗര്‍ ഗ്രാമത്തിലെ CESS അംഗമായ എ. കനകയ്യയാണു സംഘത്തിലെ സര്‍ക്കാര്‍ ഇടപെടലിനെ ചോദ്യം ചെയ്തുകൊണ്ട് ഹര്‍ജി സമര്‍പ്പിച്ചത്. മൂന്നു ലക്ഷത്തിലധികം അംഗങ്ങളുള്ള CESS സംസ്ഥാനത്തെ ഏറ്റവും വലിയ സഹകരണ സംഘമാണ്.

സഹകരണ പ്രസ്ഥാനമെന്ന ആശയത്തിന്റെ അന്തസ്സത്തയില്‍ത്തന്നെ സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുകയാണെന്നു ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷകനായ കെ. വിവേക് റെഡ്ഡി വാദിച്ചു. തിരഞ്ഞെടുക്കപ്പെട്ട സമിതിയെ ഭരണം നടത്താന്‍ അനുവദിക്കാതെ സ്വന്തം ഉദ്യോഗസ്ഥനെയോ നോമിനികളെയോ സര്‍ക്കാര്‍ നിയമിക്കുകയാണ്. ഇതിനായി സംസ്ഥാന സഹകരണ നിയമത്തില്‍ മൂന്നു തവണ സര്‍ക്കാര്‍ ഭേദഗതികള്‍ കൊണ്ടുവന്നു- റെഡ്ഡി ചൂണ്ടിക്കാട്ടി. ആദ്യം സംഘത്തിലെ തിരഞ്ഞെടുപ്പ് ആറു മാസം നീട്ടിവെക്കാനും ഇന്‍ചാര്‍ജിനെ നിയമിക്കാനും ഭേദഗതി കൊണ്ടുവന്നു. പിന്നീടിത് ഒരു വര്‍ഷത്തേക്കുകൂടി നീട്ടി. സംഘത്തിലെ അംഗങ്ങള്‍ തന്നെയായ തങ്ങളുടെ നോമിനികളെ മൂന്നു വര്‍ഷത്തേക്കു ഭരണത്തലപ്പത്തേക്കു കൊണ്ടുവരാന്‍ പിന്നീട് സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതിയും കൊണ്ടുവന്നു – റെഡ്ഡി പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതികളുടെ കാലാവധി കഴിഞ്ഞ സംഘങ്ങളില്‍ ഇന്‍ചാര്‍ജിനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നായിരുന്നു അഡീഷണല്‍ അഡ്വക്കറ്റ് ജനറലിന്റെ വാദം. എന്നാല്‍, ഈ വാദം കോടതി അംഗീകരിച്ചില്ല. അനിശ്ചിതകാലം ഇങ്ങനെ സഹകരണ സംഘത്തിന്റെ ഭരണം നടത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്നു കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Latest News