സംഘങ്ങളിലെ രണ്ടു വര്‍ഷത്തെ കുടിശ്ശികവായ്പകളിന്മേലുള്ള പലിശ പൂര്‍ണമായും ഓഡിറ്റ് കരുതലില്‍ നിന്നു ഒഴിവാക്കണം – എം. പുരുഷോത്തമന്‍
കോവിഡിനെത്തുടര്‍ന്നു ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സാമ്പത്തികമാന്ദ്യത്തില്‍ അകപ്പെട്ട 2020 ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള രണ്ടു വര്‍ഷത്തെ കുടിശ്ശികവായ്പകളിന്മേലുള്ള പലിശ പൂര്‍ണമായും 2022 ലെ ഓഡിറ്റ് കരുതലില്‍ നിന്നു ഒഴിവാക്കണമെന്നു മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എം. പുരുഷോത്തമന്‍ സഹകരണ മന്ത്രി വി.എന്‍. വാസവനു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ആള്‍ജാമ്യത്തില്‍ നല്‍കിയിട്ടുള്ള അഞ്ചു വര്‍ഷത്തില്‍ താഴെയുള്ള കാര്‍ഷിക വായ്പകള്‍ക്കു മുതലില്‍ കരുതല്‍ വെക്കുന്നതു പൂര്‍ണമായി ഒഴിവാക്കുക, മൂന്നു മുതല്‍ ആറു വര്‍ഷംവരെ കുടിശ്ശികയായ വസ്തുജാമ്യത്തില്‍ നല്‍കിയ കാര്‍ഷിക വായ്പകളിന്മേലുള്ള മുതലിന്റെ കരുതല്‍ മുന്‍ സര്‍ക്കുലര്‍ പ്രകാരം 30 ശതമാനമെന്നതു 2021-22 ല്‍ പൂര്‍ണമായി ഒഴിവാക്കുക, വസ്തുജാമ്യത്തില്‍ വിതരണം ചെയ്തിട്ടുള്ള മൂന്നു മുതല്‍ ആറു വര്‍ഷം വരെയുള്ള കാര്‍ഷികേതര വായ്പകളുടെ മുതലിന്മേലുള്ള കരുതല്‍ നിലവിലുള്ള 30 ശതമാനത്തില്‍ നിന്നു 15 ശതമാനമായി കുറയ്ക്കുക എന്നീ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചു.
സംഘങ്ങള്‍ നിയമാനുസൃതം ആര്‍ബിട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ എല്ലാ കുടിശ്ശികവായ്പകളിലും പൊതുവായി മുതലിലും പലിശയിലും കരുതല്‍ വ്യവസ്ഥകളില്‍ ഇളവു വരുത്തുന്നതു അഭികാമ്യമായിരിക്കുമെന്നു നിവേദനത്തില്‍ അഭിപ്രായപ്പെട്ടു. കോവിഡ് കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ 2022-23 വര്‍ഷത്തോടെ കുടിശ്ശിക നിവാരണത്തില്‍ ഗണ്യമായ പുരോഗതി നേടാന്‍ സംഘങ്ങള്‍ക്കു സാധിക്കുമെന്നതിനാല്‍ 2022-23 ല്‍ കരുതല്‍ വ്യവസ്ഥകളിലെ ഇളവുകള്‍ പിന്‍വലിക്കാവുന്നതാണെന്നും നിവേദനത്തില്‍ അഭിപ്രായപ്പെട്ടു. നിവേദനത്തിലെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നു മന്ത്രി മറുപടി നല്‍കി.
2021-22 വര്‍ഷത്തെ സംഘങ്ങളുടെ കുടിശ്ശികവായ്പകളുടെ കണക്കുകള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നു നിവേദനത്തില്‍ എം. പുരുഷോത്തമന്‍ ചൂണ്ടിക്കാട്ടി. വായ്പാ തിരിച്ചടവിലെ ഗണ്യമായ കുറവുമൂലം പലിശവരുമാനം കുറയുകയും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍പോലും നഷ്ടത്തിലേക്കു മാറിപ്പോകുന്ന സ്ഥിതിയുണ്ടാവുകയും ചെയ്തിട്ടുണ്ടെന്നു അദ്ദേഹം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലുമുണ്ടായതിനേക്കാള്‍ കടുത്ത പ്രതിസന്ധിയാണു വായ്പാതിരിച്ചടവിന്റെ കാര്യത്തില്‍ സഹകരണ വായ്പാമേഖലയില്‍ ഇപ്പോളുണ്ടായിരിക്കുന്നത് – നിവേദനത്തില്‍ പറഞ്ഞു.