സംഘങ്ങളിലെ തിരഞ്ഞെടുപ്പ്: സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

moonamvazhi

സഹകരണസംഘങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിലുണ്ടായിട്ടുള്ള ന്യൂനതകള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന സഹകരണ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ മാര്‍നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സഹകരണസംഘം ജനറല്‍ വിഭാഗം ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്കു മുഖ്യ കമ്മീഷണറയച്ച സര്‍ക്കുലറില്‍ 19 നിര്‍ദേശങ്ങളാണുള്ളത്.

സഹകരണസംഘം ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തിരഞ്ഞെടുക്കേണ്ട അംഗങ്ങളുടെ എണ്ണം, വിഭാഗം എന്നിവ സംബന്ധിക്കുന്ന സംഘംനിയമാവലി ഓണ്‍ലൈനായോ നേരിട്ടോ സമര്‍പ്പിക്കണമെന്നു സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. നിയമാവലി ഭേദഗതി ചെയ്തിട്ടുണ്ടെങ്കില്‍ ഭേദഗതിഉത്തരവും അപേക്ഷക്കൊപ്പം വെക്കണം. തിരഞ്ഞെടുക്കേണ്ട അംഗങ്ങളുടെ എണ്ണം, വിഭാഗം എന്നിവ സംബന്ധിക്കുന്ന സംഘംനിയമാവലിയിലെ പ്രസക്തഭാഗം ഏതെന്നു അപേക്ഷയില്‍ രേഖപ്പെടുത്തണം.

തിരഞ്ഞെടുപ്പുഫീസായി വായ്പാസംഘങ്ങള്‍ 2000 രൂപയും വായ്‌പേതരസംഘങ്ങള്‍ 1000 രൂപയുമാണ് അടയ്‌ക്കേണ്ടത്. ഫെഡറല്‍ സംഘം 3000 രൂപയും അപക്‌സ് സംഘം 5000 രൂപയും അടയ്ക്കണം. 0425-00-501-99-00 എന്ന ശീര്‍ഷകത്തില്‍ ഫീസൊടുക്കിയ ചെലാന്‍ അപേക്ഷക്കൊപ്പം വെക്കണം. സഹകരണനിയമം 35 ( ഇ ) പ്രകാരം ഫീസടയ്ക്കുന്നതില്‍നിന്നു ഇളവു ചെയ്തിട്ടുള്ള സംഘങ്ങള്‍ ഇളവിന് അര്‍ഹരാണ് എന്ന പരിശോധനാ ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം അപേക്ഷക്കൊപ്പം വെക്കണം.

തിരഞ്ഞെടുപ്പുതീയതി മുതല്‍ അഞ്ചു വര്‍ഷമാണു ഭരണസമിതിയുടെ കാലാവധി. ഈ കാലാവധി അവസാനിക്കുന്നതിന് 60 ദിവസംമുമ്പെങ്കിലും പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പുതീയതി, സമയം, സ്ഥലം എന്നിവ തീരുമാനിക്കണം. ഇതുസംബന്ധിച്ചുള്ള നിശ്ചിതതീയതിയിലെ ഭരണസമിതിതീരുമാനം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മേല്‍പരിശോധന നടത്തി അപേക്ഷക്കൊപ്പം വെക്കണം. തിരഞ്ഞെടുപ്പു നടക്കുന്ന കെട്ടിടമോ ഹാളോ സംഘത്തിന്റെ ഉടമസ്ഥതയിലല്ലെങ്കില്‍ കെട്ടിടം / ഹാള്‍ അനുവദിച്ചുകൊണ്ടുള്ള ഉടമയുടെ സമ്മതപത്രം അപേക്ഷക്കൊപ്പം വെക്കണം.

ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ശുപാര്‍ശ ചെയ്യുന്ന വരണാധികാരിയുടെ തസ്തിക മലയാളത്തില്‍ രേഖപ്പെടുത്തണം. നിലവിലുള്ള ഭരണസമിതി ചാര്‍ജെടുത്ത തീയതി, കാലാവധി അവസാനിക്കുന്ന തീയതി എന്നിവയും രേഖപ്പെടുത്തണം. ഭാരവാഹികളുടെ ആകസ്മിക ഒഴിവിലേക്കുള്ള അപേക്ഷകള്‍ സഹകരണനിയമം ചട്ടം 43 ( 2 ) പ്രകാരം കൃത്യസമയം പാലിച്ചിരിക്കണം. ഇത്തരം ഒഴിവുകളുണ്ടായി 15 ദിവസത്തിനകം സഹകരണ തിരഞ്ഞെടുപ്പു കമ്മീഷനില്‍ അപേക്ഷ കിട്ടണം. ആകസ്മികഒഴിവ് കണക്കാക്കുന്നതു ഭാരവാഹികളുടെ രാജിയില്‍ ഭരണസമിതി തീരുമാനമെടുത്ത തീയതിയും മരിച്ച വ്യക്തിയുടെ കാര്യത്തില്‍ മരണസര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത തീയതിയുമായിരിക്കും.

മരണംമൂലമാണു പ്രസിഡന്റ് / വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുപ്പു നടത്തുന്നതെങ്കില്‍ മരണസര്‍ട്ടിഫിക്കറ്റിന്റെ ശരിപ്പകര്‍പ്പ് അപേക്ഷയോടൊപ്പം വെക്കണം. എന്നാല്‍, രാജിമൂലമാണു തിരഞ്ഞെടുപ്പെങ്കില്‍ രാജിക്കത്തിന്റെ പകര്‍പ്പ് പരിശോധനാഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി അപേക്ഷക്കൊപ്പം വെക്കണം. തിരഞ്ഞെടുപ്പു ചുമതല നിര്‍വഹിക്കേണ്ട ഉദ്യോഗസ്ഥന്‍ ചുമതല പൂര്‍ത്തിയാക്കുന്നതുവരെ കമ്മീഷന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമായിരിക്കും പ്രവര്‍ത്തിക്കുക. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും- സര്‍ക്കുലറില്‍ പറയുന്നു.

സഹകരണവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങളുടെ ഭരണസമിതി തിരഞ്ഞെടുപ്പിന് അപേക്ഷ സമര്‍പ്പിക്കുന്ന നടപടികള്‍ C – Dit  വികസിപ്പിച്ച OEMS വെബ് അപ്ലിക്കേഷന്‍ മുഖാന്തരവും ഡെയറി, ഫിഷറീസ്, വ്യവസായ, ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ്, കൈത്തറി, കയര്‍, കൃഷി, ടൂറിസം വകുപ്പുകളുടെ നിയന്ത്രണത്തിലുള്ള സംഘങ്ങളുടെ തിരഞ്ഞെടുപ്പ്അപേക്ഷകള്‍ മാന്വലായിട്ടുമാണു സമര്‍പ്പിച്ചുവരുന്നത്. ഇത്തരം അപേക്ഷകളില്‍ പല ന്യൂനതകളും കാണുന്നതിനാലാണു മേല്‍പ്പറഞ്ഞ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതെന്നു കേരള സംസ്ഥാന സഹകരണ മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിച്ചു.

സര്‍ക്കുലറിന്റെ പൂര്‍ണരൂപം വായിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക:

document-17

Leave a Reply

Your email address will not be published. Required fields are marked *

Latest News