വെണ്ണല സഹകരണ ബാങ്ക് ഓണം വ്യാപാര മേള ആരംഭിച്ചു
എറണാകുളം വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക് അലിന്‍ ചുവട് എന്‍.എസ്.എസ് ഹാളില്‍ ഓണം വ്യാപാര മേളയും ഓണചന്തയും ആരംഭിച്ചു. കൊച്ചി മേയര്‍ എം.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.ഗൃഹോപകരണങ്ങള്‍, ചേന്ദമംഗലം കൈത്തറി, ഖാദി വസ്ത്രങ്ങള്‍, കുടുംബശ്രീ ഉത്പ്പന്നങ്ങള്‍, എന്നിവയും സര്‍ക്കാര്‍ സബ്‌സിഡിയോടെയുള്ള പലചരക്ക് സാധനങ്ങളും പച്ചക്കറികളുമാണ് മേളയിലൂടെ വിറ്റഴിക്കുന്നത്. ഗൃഹോപകരണങ്ങള്‍ സഹായ നിരക്കിലും കൈത്തറി / ഖാദി വസ്ത്രങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ ഡിസ്‌കൗണ്ടും നല്‍കുന്നു.
ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് അദ്ധ്യക്ഷനായി. കണയന്നൂര്‍ അസി. രജിസ്ട്രാര്‍ കെ.ശ്രീലേഖ, കൗണ്‍സിലര്‍മാരായ സി.ഡി.വത്സലകുമാരി, കെ.ബി.ഹര്‍ഷല്‍, ജോജി കുരീക്കോട്, എം.ബി.മുരളീധരന്‍, കെ.എ.അഭിലാഷ്, എസ്.മോഹന്‍ദാസ്, എന്‍.എ.അനില്‍കുമാര്‍, സെക്രട്ടറി എം.എന്‍.ലാജി എന്നിവര്‍ സംസാരിച്ചു.