വിഴിഞ്ഞം തുറമുഖത്തിന് ഫണ്ട് കണ്ടെത്താന്‍ സഹകരണ കണ്‍സോര്‍ഷ്യം

moonamvazhi

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണത്തിന് വേഗം കൂട്ടാന്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പണം കണ്ടെത്താന്‍ സര്‍ക്കാര്‍. അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ നല്‍കേണ്ട പണം ഇതുവരെ നല്‍കിയിട്ടില്ല. ഇതിനുള്ള പണമാണ് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് കണ്ടെത്താന്‍ ആലോചിക്കുന്നത്. പുലിമുട്ട് നിര്‍മ്മാണത്തിനായി 100 കോടിരൂപ രൂപ ആദ്യഘഡുവായി സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നല്‍കണം. ഇതായിരിക്കും സഹകരണ കണ്‍സോര്‍ഷ്യത്തില്‍നിന്ന് ആദ്യം ശേഖരിക്കുക.

ഇതുവരെയുള്ള നിര്‍മ്മാണത്തിന് അനുസരിച്ച് 347 കോടി രൂപയാണ് അദാനിക്ക് സര്‍ക്കാര്‍ നല്‍കേണ്ടിവരുന്നത്.ഇതില്‍ 100 കോടിരൂപ അടിയന്തരമായി നല്‍കേണ്ടതാണ്. ഒരാഴ്ചയ്ക്കകം പണം നല്‍കാമെന്നായിരുന്നു പ്രതിമാസ അവലോകന യോഗത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അദാനിക്ക് നല്‍കിയ ഉറപ്പ്. അത് പാലിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. അതിനാലാണ് ഫണ്ട് കണ്ടെത്താന്‍ സഹകരണ കണ്‍സോര്‍ഷ്യം എന്ന ആശയം സര്‍ക്കാര്‍ പരിഗണിക്കാന്‍ കാരണം.

ഓണത്തിന് വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ലക്ഷ്യം നിറവേറണമെങ്കില്‍ സര്‍ക്കാര്‍ പണം അനുവദിക്കേണ്ടതുണ്ടെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. കരാര്‍ തുകയുടെ 50 ശതമാനത്തിലേറെ മുടക്കി. ഇതുവരെ സര്‍ക്കാര്‍ സാമ്പത്തികമായി സഹായിച്ചിട്ടില്ല. സംസ്ഥാനം നല്‍കേണ്ട വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ ആദ്യ ഗഡു നല്‍കാമെന്ന ഉറപ്പും സര്‍ക്കാരിന് പാലിക്കാനായിട്ടില്ല.

തുറമുഖത്തേക്ക് റെയില്‍- റോഡ് കണക്ടിവിറ്റിക്ക് 1150 കോടിയും റെയില്‍ പാതയ്ക്ക് ഭൂമി ഏറ്റെടുക്കാന്‍ 200 കോടിയും സര്‍ക്കാര്‍ കണ്ടത്തേണ്ടതുണ്ട്. ഇത് എങ്ങനെ കണ്ടെത്തുമെന്നതിലും സര്‍ക്കാരിന് വ്യക്തതയില്ല.ഇപ്പോള്‍ കണ്‍സോര്‍ഷ്യത്തില്‍നിന്ന് സ്വീകരിക്കുന്ന പണം ഹഡ്‌കോ വായ്പ കിട്ടുമ്പോള്‍ സഹകരണ ബാങ്കുകള്‍ക്ക് തിരികെ നല്‍കാമെന്നാണ് പറയുന്നത്. ഇതിന് പുറമെ വീണ്ടും രണ്ടായിരം കോടിയോളം രൂപയും സഹകരണ കണ്‍സോര്‍ഷ്യത്തെ ആശ്രയിച്ചാകുമോയെന്നതില്‍ വ്യക്തതയില്ല.

Leave a Reply

Your email address will not be published. Required fields are marked *

Latest News