വിദ്യാര്‍ഥികള്‍ക്കു മൊബൈല്‍ വാങ്ങാന്‍ പതിനായിരം രൂപവരെ വായ്പ; ജൂലായ് 31 വരെ വായ്പ കിട്ടും
വിദ്യാതരംഗിണി വായ്പാ പദ്ധതിയില്‍ ഒരു വിദ്യാര്‍ഥിക്കു മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പരമാവധി പതിനായിരം രൂപവരെ പലിശരഹിത വായ്പ അനുവദിക്കാമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹ് ഉത്തരവിട്ടു. വിദ്യാര്‍ഥികള്‍ ഇതിനുള്ള അപേക്ഷ ജൂലായ് മുപ്പത്തിയൊന്നിനകം സഹകരണ സ്ഥാപനങ്ങളില്‍ നല്‍കണം.
കോവിഡിനെത്തുടര്‍ന്നു ഓണ്‍ലൈന്‍ വഴി പഠനം നടത്താന്‍ സൗകര്യമില്ലാത്ത, ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്കു മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ സഹകരണ സംഘങ്ങള്‍ / ബാങ്കുകള്‍ വഴി പലിശരഹിത വായ്പ അനുവദിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളിലാണ് ഇക്കാര്യമുള്ളത്.
പദ്ധതി നടപ്പാക്കുന്നതിനു ഒരു സഹകരണ സ്ഥാപനത്തിനു പരമാവധി അഞ്ചു ലക്ഷം രൂപവരെ വായ്പ നല്‍കാം. അതതു സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന പരിധിയിലുള്ള അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കു സ്കൂളധികാരിയുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണു മൊബൈല്‍ വാങ്ങാന്‍ വായ്പ നല്‍കേണ്ടത്. ഈ വായ്പ പരമാവധി 24 മാസത്തെ തുല്യഗഡുക്കളായി തിരിച്ചടയ്ക്കണം. 2021 ജൂണ്‍ 25 മുതല്‍ ജൂലായ് 31 വരെയായിരിക്കും വായ്പ അനുവദിക്കുക. വായ്പ കിട്ടുന്നവര്‍ വാങ്ങിയ മൊബൈലിന്റെ ബില്ലിന്റെ പകര്‍പ്പ് വായ്പ അനുവദിച്ച സ്ഥാപനത്തില്‍ ഹാജരാക്കണം. വായ്പ തിരിച്ചടയ്ക്കേണ്ട കാലാവധിക്കുശേഷം ബാക്കി വരുന്ന തുകയ്ക്കു പരമാവധി എട്ടു ശതമാനം പലിശ ഈടാക്കാം.