വികസനത്തിനു പണം കണ്ടെത്താന്‍ നിക്ഷേപ പദ്ധതിയുമായി കോഴിക്കോട് ജില്ലാ സഹകരണാശുപത്രി
100 കിടക്കകള്‍കൂടി ഉള്‍പ്പെടുത്തി ആശുപത്രി പതിനൊന്നു നിലയാക്കി ഉയര്‍ത്തുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ബ്ലോക്ക് തുടങ്ങുക, ആധുനിക സജ്ജീകരണങ്ങളോടെ ഹൃദയ ശസ്ത്രക്രിയ, ന്യൂറോളജി വിഭാഗങ്ങള്‍ തുടങ്ങുക, പരിസ്ഥിതി സൗഹൃദത്തിനായി ആധുനിക മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുക തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ കോഴിക്കോട് ജില്ലാ സഹകരണാശുപത്രി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ആശുപത്രിയില്‍ നിക്ഷേപിക്കുന്നവര്‍ക്കു നിശ്ചിത വാര്‍ഷിക വരുമാനവും ചികിത്സാ ആനുകൂല്യങ്ങളും നല്‍കുന്ന പദ്ധതിയാണു നടപ്പാക്കുന്നത്.
രണ്ടു ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപവരെയുള്ള നിക്ഷേപ പദ്ധതികളില്‍ ചേരുന്നവര്‍ക്കാണ് വരുമാനവും ആനുകൂല്യവും ലഭിക്കുക. രണ്ടു ലക്ഷം രൂപയുടെ ഓഹരിക്ക് / നിക്ഷേപത്തിനു പ്രതിവര്‍ഷം ഒരു ലക്ഷം രൂപവരെ ചികിത്സാ ആനുകൂല്യവും എണ്ണായിരം രൂപയോളം വാര്‍ഷിക വരുമാനവും ആശുപത്രി വാഗ്ദാനം ചെയ്യുന്നു. മൂന്നു ലക്ഷം രൂപയ്ക്കു ഒന്നര ലക്ഷം രൂപവരെ ചികിത്സാ ആനുകൂല്യവും 12,000 രൂപവരെ വരുമാനവും നാലു ലക്ഷം രൂപയ്ക്കു രണ്ടു ലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യവും 16,000 രൂപവരെ വരുമാനവും അഞ്ചു ലക്ഷം രൂപയ്ക്കു രണ്ടര ലക്ഷം വരെ ചികിത്സാ ആനുകൂല്യവും 20,000 രൂപവരെ വരുമാനവുമാണ് ആശുപത്രി വാഗ്ദാനം ചെയ്യുന്നത്. നിബന്ധനകള്‍ക്കു വിധേയമായി കോഴിക്കോട് ജില്ലക്കു പുറത്തുള്ളവര്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണെന്നു ഭരണസമിതി അറിയിച്ചു.