വായ്പ തട്ടിപ്പിനായി മൊബൈല്‍ ആപ്പ്; ജാഗ്രത വേണമെന്ന് ബാങ്കുകള്‍

Deepthi Vipin lal

സഹകരണ ബാങ്കുകളുടെ പേരില്‍ ആപ്പ് തയ്യാറാക്കി തട്ടിപ്പ് നടത്താന്‍ കേരളത്തില്‍ ഉത്തരേന്ത്യന്‍ സംഘങ്ങള്‍. വയനാട്ടിലെ ഒരു സഹകരണ ബാങ്കിന്റെ പേരില്‍ ഓണ്‍ലൈന്‍ വായ്പ ഓഫറുമായി വന്നതും ഇതേ സംഘമാണെന്നാണ് സൂചന. സഹകരണ ബാങ്കുകളുടേത് മാത്രമല്ല, മറ്റ് പ്രധാന വാണിജ്യ ബാങ്കുകളുടെ പേരിലും വ്യാജ ആപ്പുകള്‍ ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതോടെ മൊബൈല്‍ ആപ്ലിക്കേഷന്‍ സുരക്ഷിതത്വം സംബന്ധിച്ച് ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്.

ബാങ്കുകളുടേതിന് സമാനമായ പേരും ലോഗോയും ഉള്‍പ്പെടുത്തിയുള്ള ലിങ്കുകള്‍ ഫോണിലേക്ക് എത്തും. അശ്രദ്ധയോടെ കൈകാര്യംചെയ്ത് ഈ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കിയാല്‍ ഉപഭോക്താവ് തട്ടിപ്പിനിരയാകും. ഇതാണ് തട്ടിപ്പിന്റെ രീതി. ഇതില്‍ കുടുങ്ങാതിരിക്കാന്‍ ബാങ്കുകളുടെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ യഥാര്‍ഥ ആപ്ലിക്കേഷനുകളുടെ അക്ഷരക്രമം ശ്രദ്ധിക്കണമെന്നതാണ് പ്രാധാന മുന്നറിയിപ്പായി നല്‍കുന്നത്. ബാങ്കിന്റെ പേരുമായി സാമ്യം തോന്നുമെങ്കിലും വ്യാജ ആപ്പിന് മിക്കവാറും അക്ഷരവ്യത്യാസമുണ്ടാകും.

മൊബൈല്‍ ആപ്പ് ഔദ്യോഗിക ആപ്പ് സ്റ്റോറുകളില്‍നിന്നുമാത്രം ഡൗണ്‍ലോഡ് ചെയ്യണം. ഇ-മെയില്‍ വഴിയും സമൂഹമാധ്യമങ്ങളിലും മറ്റ് പേജുകളിലും വരുന്ന ലിങ്കുകള്‍ ഉപയോഗിച്ച് ബാങ്കിങ് ആപ്പുകള്‍ ഒരുകാരണവശാലും ഡൗണ്‍ലോഡ് ചെയ്യാന്‍ പാടില്ല. ഷോപ്പിങ് നടത്തിയാല്‍ ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് വാഗ്ദാനം നല്‍കുന്ന ആപ്ലിക്കേഷനുകള്‍ പ്രത്യേകം സൂക്ഷിക്കണം.

ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ബാങ്കിങ് ആപ്ലിക്കേഷനുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നില്ലെങ്കില്‍ ഫോണില്‍നിന്ന് ഒഴിവാക്കണം. ബാങ്കിങ് ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അവ പുറത്തിറക്കിയ തീയതി ശ്രദ്ധിക്കണം. മാല്‍വെയര്‍ കടന്നുകൂടിയെന്ന് സംശയമുണ്ടായാല്‍ ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്യണം. ഇതിനേക്കാള്‍ പ്രധാനപ്പെട്ട കാര്യം, കേരളത്തിലെ ഒരു സഹകരണ ബാങ്കുകളും ഡിജിറ്റല്‍ വായ്പ രീതി നടപ്പാക്കിയിട്ടില്ല എന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News