വായ്പാ തിരിച്ചടവിൽ ഇളവ് നൽകണമെന്ന് ആർബിഐ: പ്രതീക്ഷയോടെ സഹകരണബാങ്കുകൾ

Deepthi Vipin lal

കൊവിഡ് രണ്ടാം തരംഗം സാമ്പത്തിക മേഖലയെ ആകെ തകർത്ത സാഹചര്യത്തിൽ നിർണായക ഇടപെടലുമായി റിസർവ് ബാങ്ക്. ചെറുകിട, ഗ്രാമീണ ധനകാര്യമേഖലയിൽ വലിയ പ്രതിസന്ധിയാണ് കൊവിഡ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് ആർബിഐ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ തിരിച്ചടവ് പ്രതിസന്ധിയിലായ വായ്പകളുടെ പുനക്രമീകരണത്തിന് ആർബിഐ അനുമതി നൽകി. 25 കോടി രൂപ വരെയുള്ള വായ്പകൾക്കായിരിക്കും ഈ സൗകര്യം.

തിരിച്ചടവ് മുടങ്ങിയ വായ്പകളിൻമേൽ കർശന നടപടി വേണ്ടെന്ന ആർബിഐ നിലപാട് സഹകരണമേഖലയിലടക്കം വലിയ ആശ്വാസമാകും. കേരളത്തിലെ സഹകരണബാങ്കുകൾ വഴി നബാർഡ് വിതരണം ചെയ്ത വായ്പകൾക്കും ഈ ഇളവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. 1500 കോടി രൂപയാണ് കേരള ബാങ്ക് വഴി നബാർഡ് വായ്പയായി നൽകിയത്.

ഒരു വർഷത്തെ കാലാവധിക്കാണ് പ്രാഥമിക കാർഷികസഹകരണ സംഘങ്ങളിലൂടെ കേരളബാങ്ക് വായ്പ വിതരണം ചെയ്തത്. കൊവിഡ് പ്രതിസന്ധി രൂക്ഷമായത് മൂലം വായ്പകളുടെ തിരിച്ചടവ് മുടങ്ങിയിരുന്നു. വായ്പാ തുക പ്രാഥമിക സഹകരണബാങ്കുകൾ സ്വന്തം നിലക്ക് തിരിച്ചടക്കേണ്ട അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിൽ റിസർവ്ബാങ്ക് തീരുമാനം ,തിരിച്ചടവിന് ഇളവ് കിട്ടാൻ സഹായകരമാകും. സംസ്ഥാന സർക്കാരിന്റെയും കേരളബാങ്കിന്റെയും ഇടപെടൽ ഉടൻ ഉണ്ടാകുമെന്നാണ് പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രതീക്ഷ.

ഗ്രാമീണമേഖലയിൽ വായ്പാസൗകര്യം ഉറപ്പാക്കാൻ ചെറുകിട ധനകാര്യ മേഖലയിൽ പണം ലഭ്യമാക്കണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചു. സംസ്ഥാനങ്ങളുടെ ഓവർഡ്രാഫ്റ്റ് പരിധി 50 ദിവസമായി നീട്ടിയതും, കേരളമുൾപ്പടെ കടമെടുത്ത് മുന്നോട്ട് പോകുന്ന സംസ്ഥാനങ്ങൾക്ക് ആശ്വാസമാകും.

രോഗപ്രതിരോധം, ചികിത്സ, മരുന്ന് നിര്‍മ്മാണം എന്നീ മേഖലയിൽ വായ്പാസഹായം ആവശ്യമുള്ളവർക്ക് 50,000 കോടി രൂപ നീക്കി വയ്ക്കും. ഇതിനായി കൊവിഡ് ലോൺബുക്ക് തയ്യാറാക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകി. 35000 കോടി രൂപയുടെ സര്‍ക്കാര്‍ കടപ്പത്രം വാങ്ങാനും റിസര്‍വ് ബാങ്ക് തീരുമാനിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News