വയനാട്ടിലെ ജനങ്ങളുടെ വരുമാനം അഞ്ച് വർഷംകൊണ്ട് സുസ്ഥിരമായ രീതിയിൽ ഇരട്ടിയാക്കുകയാണ് വയനാട് സമഗ്ര പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി.

adminmoonam

വയനാട്ടിലെ ജനങ്ങളുടെ വരുമാനം അഞ്ച് വർഷംകൊണ്ട് സുസ്ഥിരമായ രീതിയിൽ ഇരട്ടിയാക്കുകയാണ് വയനാട് സമഗ്ര പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതിൽ ഏറ്റവും നിർണ്ണായകമായിട്ടുള്ള പ്രവർത്തനം വയനാട്ടിലെ കാപ്പി ബ്രാൻഡ് ചെയ്ത് അന്തർദേശീയമായി വിൽക്കുക എന്നതാണ്. ഇതിനുവേണ്ടിയുള്ള കാപ്പി പാർക്ക് സ്ഥാപിക്കണം. കാർഷിക ഇടങ്ങൾ രുചിഭേദമനുസരിച്ച് തരംതിരിച്ചാണ് സംസ്കരിക്കുക. ഇതുവഴി കാപ്പിക്കുരുവിന്റെ വില കൃഷിക്കാരന് ഇന്നു ലഭിക്കുന്നതിന്റെ ഇരട്ടിയാക്കി നൽകാൻ കഴിയുമെന്നാണ് കരുതുന്നത്. ഇങ്ങനെ കാപ്പി ബ്രാൻഡ് ചെയ്യുന്നതിന്റെ പ്രചാരണത്തിന് ഏറ്റവുമധികം ഉപയോഗപ്പെടുത്തുക കാർബൺ ന്യൂട്രൽ മേഖലയിൽ നിന്നുള്ള കാപ്പി എന്ന വിശേഷമായിരിക്കും.

പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ ഓരോ പ്രദേശത്തെയും കാർബൺ ബഹിർഗമനത്തിന്റെ കണക്കുകൾ ശേഖരിക്കുകയും അവ കുറയ്ക്കാൻ ആവശ്യമായ നടപടികൾ എടുക്കുകയും ചെയ്യും. ബാക്കി വരുന്ന കാർബൺ ന്യൂട്രൽ ആക്കുന്നതിനായി ആവശ്യമുള്ള മരങ്ങൾ നടും. മരങ്ങൾ നടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന് അവയെ ജിയോടെക് ചെയ്ത് മരമൊന്നിന് വർഷം തോറും 50 രൂപ വച്ച് വായ്പ നൽകും. പിന്നീട് മരം വെട്ടുമ്പോൾ ബാങ്കിനു പണം തിരികെ നൽകിയാൽ മതിയാകും. ഇതിനു പുറമേ ചക്കയടക്കമുള്ള ഫലങ്ങൾ സംസ്കരിക്കുന്നതിനുള്ള അനുബന്ധ വ്യവസായങ്ങൾക്കും മൃഗപരിപാലനത്തിനും ഊന്നൽ നൽകുന്നതാണ്.

ഇടവിളകളുടെയും സുഗന്ധവിളകളുടെയും ഉൽപ്പാദനക്ഷമത ഉയർത്തുന്നതിനും പരിപാടികളുണ്ടാവും. ഇതിന്റെയെല്ലാം അനുബന്ധമായി ഇക്കോടോറിസവും വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതെല്ലാം ചേർന്നാണ് വരുമാനം ഇരട്ടിയാകുക. പ്രളയാനന്തരം പുനർനിർമ്മാണത്തിന് ഉത്തമ മാതൃകയായിരിക്കും കാർബൺ ന്യൂട്രൽ വയനാട്. ഇതിനുവേണ്ടിനടന്ന രണ്ട് ദിവസത്തെ സെമിനാർ ഉദ്ഘാടനം ചെയ്തു കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു ധനമന്ത്രി. വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News