വയനാട്ടിലെ കൃഷിക്കാരുടെ വരുമാനം അഞ്ചുവർഷം കൊണ്ട് ഇരട്ടിയാക്കുന്നതിനുള്ള കർമപദ്ധതിക്ക് രൂപരേഖയായതായി ധനമന്ത്രി തോമസ് ഐസക്.

adminmoonam

വയനാട്ടിലെ കൃഷിക്കാരുടെ വരുമാനം അഞ്ചുവർഷം കൊണ്ട് ഇരട്ടിയാക്കുന്നതിനുള്ള കർമപദ്ധതിക്ക് രൂപരേഖയായതായി  ധനമന്ത്രി ഡോക്ടർ തോമസ് ഐസക് അറിയിച്ചു. വ്യവസായം, കൃഷി, മൃഗസംരക്ഷണം, വനം, പഞ്ചായത്ത് എന്നീ വകുപ്പുകളും ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളും കോഫി ബോർഡ്, കണ്ണൂർ യൂണിവേഴ്സിറ്റി, ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ജല വിഭവ ഗവേഷണ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളും എം എസ് സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ, തണൽ, ഉറവ് തുടങ്ങി ഒട്ടനവധി സന്നദ്ധ സംഘടനകളും ഹരിത മിഷനും യോജിച്ചായിരിക്കും ഈ പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

പോസ്റ്റിന്റെ  പൂർണ്ണരൂപം താഴെ…കിൻഫ്രയുടെ കീഴിലുള്ള മെഗാ ഫുഡ് പാർക്കിൽ ആയിരിക്കും കോഫിസംസ്കരണ കേന്ദ്രം. ഇതിന്റെ നടത്തിപ്പിനായി പ്രത്യേക കമ്പനി രൂപീകരിക്കുന്നതാണ്. അതിൽ ജില്ലയിലെ കൃഷിക്കാർക്കും കാർഷിക സംഘടനകൽക്കും ഷെയറുകൾ ഉണ്ടാകും. ഇതുകൂടാതെ കാപ്പികൃഷിക്കാരുടെ പ്രൊഡ്യൂസർ കമ്പനികൾ/സഹകരണ സംഘങ്ങൾ ഉണ്ടാകും. ഈ പരിപാടിയിലെ പ്രവർത്തനങ്ങൾ ആറായി തരം തിരിക്കാം.
1. അടിയന്തിരമായി ഫുഡ് പാർക്കും ആധുനിക കാപ്പി സംസ്കരണ കേന്ദ്രവും സ്ഥാപിക്കണം. ഇതിനനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കിഫ്ബിയിൽ നിന്ന് ആവശ്യമായ മുഴുവൻ പണവും ലഭ്യമാക്കും. നൂറ്റമ്പതു കോടി രൂപയാണു ബഡ്ജറ്റിൽ പറഞ്ഞിട്ടുള്ളത്. സംസ്കരണ കേന്ദ്രത്തിന്റെ വിശദമായ പ്രോജക്ട് രേഖ ഇതിനകം തയ്യാറായി കഴിഞ്ഞിട്ടുണ്ട്.
2. ഈ പ്രവർത്തനങ്ങൾ നടക്കുന്ന വേളയിൽ നമ്മുടെ നാട്ടിൽ മലബാർ കാപ്പി എന്നപേരിൽ ഒരു ബ്രാൻഡ് വയനാടൻ കാപ്പി കിയോസ്കുകൾ വഴി ബ്രാൻഡ് ചെയ്തു വിൽക്കാൻ തുടങ്ങാവുന്നതാണ്. ഇതിനു മുമ്പായി സംസ്കരണ കേന്ദ്രം നടത്താനുള്ള കമ്പനിയുടെ രൂപീകണം നടക്കണം.

3. സൂക്ഷ്മ കാലാവസ്ഥ, ജൈവ വൈവിധ്യം, മണ്ണിന്റെ ഗുണം, നീർവാഴ്ച, കാപ്പിയുടെ ജാതി തുടങ്ങിയവയൊക്കെ കണക്കിലെടുത്ത് വയനാട്ട് കാപ്പി മേഖല മുഴുവൻ ആറ്-പന്ത്രണ്ട് മേഖലകളായി തരം തിരിക്കണം. ഇവിടത്തെ കാർഷിക രീതികൾ എല്ലാം മേഖല അടിസ്ഥാനത്തിൽ ഏകീകരിക്കുന്നതിനുള്ള പ്രവർത്തനം തുടങ്ങണം. ഇതിനായി കൃഷിക്കാരുടെ പ്രൊഡ്യൂസർ കമ്പനികൾക്കും സഹകരണ സംഘങ്ങൾക്കും രൂപം നൽകണം. ഈ പരിപാടിക്ക് ആവശ്യമായ ധനസഹായം ബഡ്ജറ്റിൽ ലഭ്യമാക്കണം
4. കാർബൺ ന്യൂട്രൽ വയനാടിൽ നിന്നുള്ള കാപ്പി എന്നുള്ള വിശേഷണം ആയിരിക്കും കാപ്പിപൊടിയുടെ ബ്രാൻഡിങ്ങിനു ഉപയോഗപ്പെടുത്തുക. മീനങ്ങാടിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത കാർബൺ സന്തുലിത പരീക്ഷണം ജില്ലയിലാകെ വ്യാപിപ്പിക്കണം. ഓരോ പഞ്ചായത്തിലെ കാർബൺ ബഹിർഗമനം വിലയിരുത്തുന്നതിനും അത് കുറക്കാനുള്ള പ്രോജക്ടുകൾ രൂപീകരിക്കുന്നതിനും ഉള്ള പ്രവർത്തനങ്ങൾ ഒക്ടോബറിൽ തന്നെ ആരംഭിക്കാൻ കഴിയണം. കാർബൺ ബഹിർഗമനം കുറക്കാനുള്ള പ്രോജടുകൾ മേഖല തിരിച്ച് അടുത്ത വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തണം.
5. കാർബൺ സന്തുലിത പരിപാടിയിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം നെറ്റ് എമിഷൻ ന്യൂട്രലൈസ് ചെയ്യുന്നതിനു വേണ്ടിയുള്ള മരങ്ങൾ നടുന്നതാണ്. കാർബൺ ക്രെഡിറ്റ് വാങ്ങാൻ ഉതകുന്ന രീതിയിൽ ഓരോ മരവും കൃത്യമായി ജിയോ ടാഗ് ചെയ്ത് ഡോക്യുമെന്റ് ചെയ്യണം. കേരളത്തിലെ ഏറ്റവും വലിയ വനവൽക്കരണ പരിപാടി ആയിരിക്കും ഇത്. മീനങ്ങാടിയിലെ പോലെ മൂന്നാം വർഷം മുതൽ മരമൊന്നിനു പ്രതിവർഷം അമ്പത് രൂപ വീതം ബാങ്കിൽ നിന്ന് ധനസഹായം നൽകുന്നതിനുള്ള പദ്ധതി ജില്ല മുഴുവൻ നടപ്പാക്കണം. മരത്തിന്റെ ഈടിന്മേലാണ് ഈ വായ്പ നൽകുക. മരം വെട്ടുമ്പോൾ വായ്പ തിരിച്ചടച്ചാൽ മതി. ഇതിനാവശ്യമായ ഗാരന്റിയും പലിശ സബ്സിഡിയും നൽകുന്നതിന് ഗ്രീൻ ഫണ്ടുകളെ ഉപയോഗപ്പെടുത്തും.

6. ഇതോടൊപ്പം മറ്റ് കാർഷിക വിഭവ (പ്രത്യേകിച്ച് ചക്ക) സംസ്കരണ വ്യവസായങ്ങൾ, കന്നുകാലി വളർത്തൽ എന്നിവയെ പ്രോത്സാഹിപ്പിക്കും. എക്കോടൂറിസത്തിന് പ്രത്യേക ഊന്നൽ നൽകും. മണ്ണ് – ജല സംരക്ഷണ പ്രവർത്തനങ്ങൾക്കും മരം നടുന്നതിനും തൊഴിലുറപ്പ് പദ്ധതിയെ വ്യാപകമായി ഉപയോഗപ്പെടുത്തും. ഇവയെല്ലാം ചേർന്നാണ് വരുമാനം ഇരട്ടിയാക്കുക.
മേല്പറഞ്ഞ കാര്യങ്ങളാണ് സെപ്തംബർ15-16 തീയതികളിൽ എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ കേന്ദ്രത്തിൽ നടന്ന സെമിനാർ എത്തിച്ചേർന്ന കർമ്മപരിപാടി. കൃഷി- ധന മന്ത്രിമാർ, സെക്രട്ടറിമാർ അടക്കം ഉയർന്ന ഉദ്യോഗസ്ഥന്മാർ, പ്ലാനിങ് ബോർഡിന്റെ പ്രതിനിധികൾ, അക്കാഡമീഷ്യൻസ്, ജനപ്രതിനിധികൾ തുടങ്ങി വിപുലമായ പങ്കാളിത്തം സെമിനാറിനു ഉണ്ടായിരുന്നു. പൊതു സമ്മേളനത്തിനു ശേഷം വിദഗ്ദരുടെ സമാന്തര ചർച്ചകൾ ക്രോഡീകരിക്കുന്നതിനുള്ള പ്ലീനറി സമ്മേളനങ്ങളും വളരെ സജീവമായിരുന്നു. ഡെൽഫ്റ്റ് സർവകലാശാലയിൽ നിന്നുള്ള ആറംഗ പ്രതിനിധി സംഘം, അർക്ക വാലി കാപ്പി പദ്ധതിയിൽ നിന്നുള്ള വിദഗ്ദർ തുടങ്ങിയവരുടെ സാന്നിധ്യം എടുത്തു പറയേണ്ടതുണ്ട്. ആധുനിക മാനേജ്മെന്റ് സങ്കേതങ്ങൾ ഉപയോഗപ്പെടുത്തിയാണ് ചർച്ചകളെ ക്രമീകരിച്ചതും ക്രോഡീകരിച്ചിരുന്നതും. എന്തുകൊണ്ടും ഈ സെമിനാർ നൂതനമായ അനുഭവമായിരുന്നുവെന്നും ധനമന്ത്രിയുുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News