ലോക സഹകരണ ദിനം ഓർമ്മപ്പെടുത്തുന്നത് സുസ്ഥിര വികസനം
ജൂലായ് ഒന്ന് അന്താരാഷ്ട്ര സഹകരണ ദിനമാണ്. 101-ാമത്തെ അന്താരാഷ്ട്ര ദിനമാണ് സഹകരണ മേഖല 2023 ൽ ആചരിക്കുന്നത്. ‘സുസ്ഥിര വികസനത്തിന് സഹകരണമേഖല’ എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന് ഐക്യരാഷ്ട്ര സംഘടന നൽകുന്ന സന്ദേശം. ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസാണ് ലോക സഹകരണ ദിനം കോപ്സ് ഡേ ആയി ആഘോഷിക്കുന്നത്.
സഹകരണ മൂല്യങ്ങളിലും തത്വങ്ങളിലും ഊന്നൽ നൽകിക്കൊണ്ട് ഐക്യരാഷ്ട്ര സംഘടന നിഷ്‌കർഷിക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാനാണ് ദിനാചരണത്തിലൂടെ സഹകരണ മേഖല ശ്രമിക്കേണ്ടത്. ലോകത്താകമാനം 26.4 ദശലക്ഷം പേരാണ് സഹകരണമേഖലയിൽ പ്രവർത്തിക്കുന്നത്. 12 ശതമാനത്തോളം പേര് തൊഴിൽ ചെയ്യുന്നത് സഹകരണ സ്ഥാപനങ്ങളിലാണ്. ജി – 20 രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. 23.4 ദശലക്ഷം പേരാണ് ജി- 20 രാജ്യങ്ങളിൽ സഹകരണമേഖലയിൽ പ്രവർത്തിക്കുന്നത്. എട്ട് ലക്ഷത്തോളം രജിസ്റ്റേർഡ് സഹകരണ സംഘങ്ങൾ ഇന്ത്യയിലുണ്ട്. അമുൽ, ഇഫ്‌കോ, യൂ.എൽ. സി. സി.എസ്. എന്നിവ ഇവയിൽ മുൻനിരയിലാണ്. 98 വർഷത്തെ പാരമ്പര്യം കേരളത്തിലെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കുണ്ട്.
ലോകത്താകമാനം സഹകരണമേഖലയിൽ സംരംഭകത്വം, സ്ത്രീ ശാക്തീകരണം, സാകേതികവിദ്യ, സ്കിൽ വികസനം എന്നിവ കരുത്താർജ്ജിച്ചു വരുന്നു.
എന്നാൽ, സഹകരണസംഘങ്ങൾ അടുത്തകാലത്തായി ഏറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. പരിശീലനം, തുടർ വിദ്യാഭ്യാസം, സ്കിൽ വികസനം, ഉത്പാദന ക്ഷമത ഉയർത്തൽ, തൊഴിൽ എന്നിവ ഇവയിൽ ചിലതാണ്. അന്താരാഷ്ട്ര തൊഴിൽ സംഘടനയായ ഐ. എൽ. ഒ. പ്രവചിക്കുന്നത് 2040 ആകുമ്പോഴേക്കും ഇപ്പോഴുള്ള തൊഴിലുകളിൽ 40 ശതമാനത്തോളം ഇല്ലാതാവുകയും, പകരം അറിയപ്പെടാത്ത പുതിയ തൊഴിൽ മേഖലകൾ രൂപപ്പെടുകയും ചെയ്യും എന്നാണ്. ഈ സാഹചര്യത്തിൽ ടെക്നോളജി കൂടുതലായി പ്രയോജനപ്പെടുത്തിക്കൊണ്ട് മുന്നേറാൻ സഹകരണമേഖല പ്രാപ്തരാകേണ്ടതുണ്ട്. ഇതിനായി സഹകരണസ്ഥാപനങ്ങൾ വൈവിധ്യവൽക്കരണത്തിന് പ്രാധാന്യം നൽകേണ്ടതുണ്ട്. ഇന്ത്യയിൽ ഐ.ടി. പാർക്കും ടി.വി. ചാനലും നടപ്പിലാക്കിയ സഹകരണ സംഘങ്ങളുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ചു വിദ്യാഭ്യാസ, തൊഴിൽ നൈപുണ്യ പദ്ധതികൾ നടപ്പിലാക്കുന്നതിൽ സഹകരണ സ്ഥാപനങ്ങൾക്ക് കാര്യമായ പങ്കുവഹിക്കാൻ സാധിക്കും. സഹകരണ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് കൂടുതൽ പരിശീലനവും തുടർസ്കില്ലിങ്ങും ആവശ്യമാണ്. നല്ലൊരു ഭാഗം തൊഴിലാളികളും രാഷ്ട്രീയ പിൻബലത്തിലൂടെയാണ് സഹകരണ മേഖലയിലെത്തുന്നത്. ഇവർക്ക് സാങ്കേതിക വിദ്യയിലൂന്നിയുള്ള തുടർപരിശീലനം അത്യന്താപേക്ഷിതമാണ്.
മാറുന്ന വിവര സമ്പദ് വ്യവസ്ഥയിൽ കൃഷി, വ്യവസായം, സേവന മേഖലകൾ നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ സഹകരണ മേഖലയുടെ ശാക്തീകരണം കൂടിയേ തീരൂ. സേവന മേഖലയാണ് രാജ്യത്ത് 68 ശതമാനത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നത്. കൃഷി അഗ്രി ബിസ്സിനസ്സ് മാനേജ്മെന്റിലേക്കും ഭക്ഷ്യ സംസ്കരണം, ഭക്ഷ്യ റീറ്റെയ്‌ൽ എന്നിവയിലേക്കും മാറുമ്പോൾ കാർഷിക മേഖലയുടെ സുസ്ഥിര വളർച്ചയ്ക്ക് സഹകരണ മേഖലയുടെ ഇടപെടലുകൾ അത്യന്താപേക്ഷിതമാണ്. എന്നാൽ, അടുത്തകാലത്തായി വിപുലപ്പെട്ടുവരുന്ന കർഷക ഉത്പാദക സംഘങ്ങൾ (എഫ്.പി.ഒ) കാർഷിക മേഖലയിൽ സഹകരണ സംഘങ്ങൾക്ക് ബദലായി പ്രവർത്തിച്ചു വരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ പ്രവണത വർധിച്ചു വരികയാണ്.
അഭ്യസ്തവിദ്യരായ യുവാക്കളുടെ തൊഴിൽ ലഭ്യത മികവ് ഉയർത്തുന്നതിലും തൊഴിലില്ലായ്മ കുറയ്ക്കുന്നതിലും സഹകരണ മേഖലയ്ക്ക് കാര്യമായ സ്വാധീനം ചെലുത്താൻ സാധിക്കും. സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിലൂടെ സഹകരണ പ്രസ്ഥാനത്തിന് സമഗ്രവികസനം ഉറപ്പുവരുത്താൻ സാധിക്കും. സ്റ്റാർട്ടപ്പുകൾ വിപുലപ്പെടുത്തുന്നതിലും ഗവേഷണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിലും സഹകരണമേഖല കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസം, ഗവേഷണം എന്നിവയിലൂന്നി രാജ്യത്ത് സഹകരണ മേഖലയിൽ സർവകലാശാല സ്ഥാപിക്കാനുള്ള നീക്കങ്ങൾ പുരോഗമിച്ചു വരുന്നു.
എന്നാൽ, കുറയുന്ന വിശ്വാസ്യത, സുതാര്യത എന്നിവ സഹകരണ മേഖലയിൽ രാജ്യത്താകമാനം കണ്ടു വരുന്നു. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ മേഖലയുടെ വിശ്വാസ്യത കുറയ്ക്കാനിടവരുത്തുന്നു. സഹകാരികൾ അർപ്പണബോധം, ആത്മാർഥത എന്നിവ മുറുകെപ്പിടിച്ചുകൊണ്ടു സുതാര്യത ഉറപ്പുവരുത്താൻ ശ്രമിക്കേണ്ടതാണ്. രാജ്യത്തെ സഹകരണ മേഖലയ്ക്ക് മാതൃകയായ കേരളത്തിലും ഒറ്റപ്പെട്ട സഹകരണ സ്ഥാപനങ്ങളിൽ ഇത്തരം ദുഷ്പ്രവണത കണ്ടുവരുന്നു. സുസ്ഥിര വികസനത്തിന് പ്രാധാന്യം നൽകുമ്പോൾ ഈ രംഗത്തെ മികച്ച മാതൃകകൾ വിപുലപ്പെടുത്തേണ്ടതുണ്ട്