ലോകത്തെ മികച്ച ബാങ്കുകളിലൊന്നായ സാരസ്വത് ബാങ്കിനു മഹാമാരിക്കാലത്തും റെക്കോഡ് ലാഭം
ഫോര്‍ബ്‌സ് മീഡിയയുടെ സര്‍വേയില്‍ 2021 ല്‍ ലോകത്തെ മികച്ച ബാങ്കുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട മുബൈയിലെ സാരസ്വത് അര്‍ബന്‍ സഹകരണ ബാങ്ക് മഹാമാരിക്കിടയിലും വന്‍ വിറ്റുവരവോടെ 728.05 കോടി രൂപ മൊത്തലാഭമുണ്ടാക്കി. ബാങ്കിന്റെ ചരിത്രത്തില്‍ത്തന്നെ ഇത്രയും ലാഭം കിട്ടുന്നത് ഇതാദ്യമാണ്. തുടര്‍ച്ചയായി രണ്ടാം തവണയാണ് സാരസ്വത് ബാങ്ക് ലോകത്തെ മികച്ച ബാങ്കുകളിലൊന്നായി തിരഞ്ഞെടുക്കപ്പെടുന്നത്.
2020 – 21 ല്‍ ബാങ്കിന്റെ ബിസിനസില്‍ നിന്നുള്ള വിറ്റുവരവ് 67,042 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതു 63,422.13 കോടിയാണ്. ലോക്ഡൗണും മറ്റു പലതരം അനിശ്ചിതത്വങ്ങളും ഉണ്ടായിട്ടും ഇത്തരമൊരു മുന്നേറ്റമുണ്ടാക്കാനായതില്‍ ബാങ്ക് ചെയര്‍മാന്‍ ഗൗതം താക്കൂര്‍ സന്തോഷം രേഖപ്പെടുത്തി. 2019 – 20 ല്‍ ബാങ്കിന്റെ അറ്റാദായം 250.79 കോടിയായിരുന്നു. അതു 2020 – 21 ല്‍ 270.24 കോടിയായി ഉയര്‍ന്നു. നിഷ്‌ക്രിയ ആസ്തി 1.56 ശതമാനത്തില്‍ നിന്നു 1.04 ശതമാനമായി കുറഞ്ഞു. നിക്ഷേപം മുന്‍ വര്‍ഷത്തെ 38,083.49 കോടി രൂപയില്‍ നിന്നു 40,800.61 കോടിയിലേക്കു കുതിച്ചു.
28 രാജ്യങ്ങളില്‍ നിന്നുള്ള 43,000 ഉപഭോക്തൃ സര്‍വേകളെ അടിസ്ഥാനമാക്കിയാണു മികച്ച ബാങ്കുകളെ തിരഞ്ഞെടുക്കുന്നത്. അഞ്ചു മാനദണ്ഡങ്ങളാണു വിലയിരുത്തുന്നത്. ബാങ്കിലുള്ള വിശ്വാസം, സേവന വ്യവസ്ഥകള്‍, ഉപഭോക്തൃ സേവനം, ഡിജിറ്റല്‍ സേവനങ്ങള്‍, സാമ്പത്തികോപദേശം എന്നിവയാണീ മാനദണ്ഡങ്ങള്‍. 2021 ലെ മികച്ച ടെക്‌നോളജി അവാര്‍ഡ്, മികച്ച ഐ.ടി. റിസ്‌ക് ആന്റ് സൈബര്‍ സെക്യൂരിറ്റി ഇനീഷ്യേറ്റീവ്‌സ് അവാര്‍ഡ്, മികച്ച ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഇനീഷ്യേറ്റീവ്‌സ് അവാര്‍ഡ് എന്നിവയും സാരസ്വത് ബാങ്ക് നേടിയിട്ടുണ്ട്. ഇതില്‍ ടെക്‌നോളജി അവാര്‍ഡ് നേടുന്നതു തുടര്‍ച്ചയായി അഞ്ചാം തവണയാണ്.
1918 സെപ്റ്റംബര്‍ 14 നാണു സാരസ്വത് ബാങ്ക് രൂപം കൊണ്ടത്. ജെ.കെ. പരുള്‍ക്കര്‍ ചെയര്‍മാനും എന്‍.ബി. താക്കൂര്‍ വൈസ് ചെയര്‍മാനും പി.എന്‍. വാര്‍ദെ സെക്രട്ടറിയുമായാണു തുടക്കം. 1988 ല്‍ റിസര്‍വ് ബാങ്ക് ഷെഡ്യൂള്‍ഡ് ബാങ്കെന്ന പദവി നല്‍കി. മര്‍ച്ചന്റ് ബാങ്കിങ് സേവനം നല്‍കുന്ന ആദ്യത്തെ സഹകരണ ബാങ്ക് എന്ന പദവി നേടിയതും സാരസ്വത് ബാങ്കാണ്. രണ്ടായിരാമാണ്ടില്‍ ബാങ്കിന്റെ മൊത്തം ബിസിനസ് നാലായിരം കോടി രൂപയായിരുന്നു. അതാണിപ്പോള്‍ 67,000 കോടിയിലെത്തിയത്.
Attachments area