റിസർവ് ബാങ്കിന്റെ ‘മുന്നറിയിപ്പ് നോട്ടീസ്’ സഹകരണ നയത്തിന്റെ ഭാഗമാക്കാൻ കേന്ദ്രം
കേരളത്തിലെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ച് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് നോട്ടീസിലെ നിര്‍ദ്ദേശങ്ങള്‍ ദേശീയ സഹകരണ നയത്തിന്റെ ഭാഗമാക്കിയേക്കും. സഹകരണ നയം തയ്യാറാക്കുന്നതിന് കേന്ദ്ര സഹകരണ മന്ത്രാലയം റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ തേടിയിരുന്നു. ഇതില്‍ വിശദമായ റിപ്പോര്‍ട്ടാണ് റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന് കൈമാറിയത്.
വായ്പ സംഘങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും നിയന്ത്രണത്തിന് വിധേയമാക്കുകയും വേണമെന്നതാണ് റിസര്‍വ് ബാങ്ക് മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശം. സഹകരണ സംഘങ്ങള്‍ ‘ബാങ്ക്’ എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണമെന്ന ആര്‍.ബി.ഐ. ഇതില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് സൂചന. കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ ‘ബാങ്ക്’ എന്ന് പേരിനൊപ്പം ചേര്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് പത്രപരസ്യം നല്‍കിയിരുന്നു. ഇത് ദേശീയ സഹകരണ നയത്തിന്റെ ഭാഗമാക്കിമാറ്റാനാണ് ശ്രമിക്കുന്നത്.
സഹകരണ സംഘങ്ങള്‍ നോമിനല്‍-അസോസിയേറ്റ് അംഗങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിനെയും റിസര്‍വ് ബാങ്ക് എതിര്‍ക്കുന്നുണ്ട്. സഹകരണ സംഘംഅതിലെ ഓഹരി ഉടമകളായ സ്ഥിരം അംഗങ്ങളുടെ ക്ഷേമത്തിനും സാമ്പത്തിക ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നതാകണമെന്നതാണ് ആര്‍.ബി.ഐ. ചൂണ്ടിക്കാട്ടുന്നത്. ഇതാണ് സഹകരണ തത്വത്തിന്റെ അടിസ്ഥാനവും. അതിനാല്‍, നാമമാത്ര അംഗങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്ന രീതി പൊതുജനങ്ങളുമായുള്ള ബാങ്കിങ് പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന നിലപാടാണ് സഹകരണ മന്ത്രാലയത്തിന് മുമ്പിലും റിസര്‍വ് ബാങ്ക് സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ കേന്ദ്ര സഹകരണ മന്ത്രാലയം നയത്തിന്റെ ഭാഗമാക്കുന്നത് എന്തൊക്കെയാകുമെന്നത് നിര്‍ണായകമാകും.
നേരത്തെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കെതിരെയുള്ള റിസര്‍വ് ബാങ്കിന്റെ നിലപാടിനെതിരെ കേരളം സുപ്രീംകോടതിയില്‍ ഭരണഘടന വ്യവസ്ഥ ചൂണ്ടിക്കാട്ടി സ്യൂട്ട് ഫയല്‍ ചെയ്തിട്ടുണ്ട്. പക്ഷേ, ഇതുവരെ അത് സുപ്രീംകോടതി പരിഗണിച്ചിട്ടില്ല. ഇതിന് മുമ്പായി ദേശീയ സഹകരണ നയം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍, അത് കേരളത്തിന്റെ നിലപാടിന് എതിരായി മാറാനുള്ള സാധ്യതയും ഏറെയാണ്. റിസര്‍വ് ബാങ്കും, കേന്ദ്രസര്‍ക്കാരും ഒരുനയമായി അംഗീകരിച്ചകാര്യത്തില്‍ കേരളത്തിന് മാത്രമായി ഇളവ് ലഭിക്കാനുള്ള സാധ്യത കുറവാണ്. ബാങ്കിങ് നിയന്ത്രണ നിയമത്തിലുണ്ടായ പുതിയ ഭേദഗതിയും കേന്ദ്രത്തിന്റെയും റിസര്‍വ് ബാങ്കിന്റെയും നിലപാടിന് അനുകൂലമാണ്.