റിസ്‌ക് ഫണ്ട് അപേക്ഷകെട്ടിക്കിടക്കുന്നു; അപേക്ഷ ഓണ്‍ലൈനാക്കിയേക്കും

Deepthi Vipin lal

മാരക രോഗം ബാധിച്ചവര്‍ക്കും മരിച്ചവര്‍ക്കും സഹകരണ ബാങ്കുകളിലും സംഘങ്ങളിലുമുള്ള വായ്പാ ബാധ്യത തീര്‍ക്കുന്നതിനായി തയ്യാറാക്കിയ റിസ്‌ക് ഫണ്ട് പദ്ധതിയില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു. കേരള വികസന ക്ഷേമനിധി ബോര്‍ഡിന്റെ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍ ഓഫീസുകളിലായി 8617 അപേക്ഷകള്‍ ഇപ്പോള്‍ തീര്‍പ്പാക്കാന്‍ ബാക്കിയുണ്ട്. ബോര്‍ഡില്‍ ജീവനക്കാരുടെ കുറവും രേഖകളുടെയും മറ്റും പരിശോധനയ്ക്ക് എടുക്കുന്ന സമയവുമാണ് കാലതാമസമുണ്ടാകാന്‍ കാരണം. ഫണ്ടിലേക്കുള്ള അപേക്ഷ ഓണ്‍ലൈനാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.


അടിയന്തരമായി ആനുകൂല്യം കിട്ടേണ്ട വിഭാഗക്കാരാണ് റിസ്‌ക് ഫണ്ടില്‍ അപേക്ഷ നല്‍കുന്നത്. ഇവയിലുണ്ടാകുന്ന കാലതാമസം പരിഹരിക്കണമെന്ന് സഹകരണ വകുപ്പും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഇതേക്കുറിച്ച് സി-ഡിറ്റുമായി പ്രാരംഭ ചര്‍ച്ച നടത്തിക്കഴിഞ്ഞു. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനും മറ്റ് നടപടികള്‍ ഇതിലൂടെ പൂര്‍ത്തീകരിക്കാനും കഴിയുന്നവിധത്തിലാണ് ക്രമീകരണം. ബോര്‍ഡില്‍ 20 പുതിയ ജീവനക്കാരെ നിയമിക്കാനുള്ള നടപടികളും വകുപ്പില്‍ നടക്കുന്നുണ്ട്.


പദ്ധതിയുടെ മാനദണ്ഡമനുസരിച്ച് പലര്‍ക്കും ആനുകൂല്യം നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ട്. വ്യവസ്ഥകളില്‍ ഇളവുനല്‍കാന്‍ സര്‍ക്കാരിന് പ്രത്യേകം അധികാരമുണ്ട്. ഇതിനായി നിരവധി അപേക്ഷകളാണ് സര്‍ക്കാരിന് മുമ്പില്‍ ഓരോ മാസവും എത്തുന്നത്. 2016 മുതല്‍ 49,566 പേര്‍ക്കാണ് ഇതുവരെ റിസ്‌ക് ഫണ്ട് സ്‌കീം അനുസരിച്ച് സഹായം നല്‍കിയിട്ടുള്ളത്. ഇവര്‍ക്കായി 372.24 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ധനസഹായ അപേക്ഷ അസിസ്റ്റന്റ് സിവില്‍ സര്‍ജനില്‍ കുറയാത്ത ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം സംഘം വഴി ബന്ധപ്പെട്ട സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ക്കാണ് നല്‍കേണ്ടത്. അവരുടെ ശുപാര്‍ശയോടെയാണ് സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിലേക്ക് കൈമാറേണ്ടത്.


സ്വര്‍ണപ്പണയ വായ്പയും നിക്ഷേപത്തിന്മേലുള്ള വായ്പയും റിസ്‌ക് ഫണ്ട് ആനുകൂല്യത്തിന് അര്‍ഹമല്ല. വായ്പ എടുക്കുന്നയാള്‍ റിസ്‌ക് ഫണ്ട് നിയമാവലിയ്ക്ക് വിധേയമായുള്ള വിഹിതം ഒടുക്കിയിരിക്കണം എന്നാണു വ്യവസ്ഥ. മരിച്ച തീയതിയില്‍ വായ്പക്കാരന് 70 വയസ്സില്‍ കൂടാന്‍ പാടില്ല. വായ്പക്കാരന്‍ മരിച്ചാല്‍ ആറു മാസത്തിലധികം മുതലിന്റെ തിരിച്ചടവില്‍ കുടിശ്ശിക വരാന്‍ പാടില്ല. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ച് അടച്ചുതീര്‍ത്ത വായ്പകള്‍ക്കും ധനസഹായത്തിന് അര്‍ഹതയില്ല.


അര്‍ബുദം, കിഡ്നി രോഗം മൂലം ഡയാലിസിസിന് വിധേയരായവര്‍, ഹൃദയസംബന്ധമായ ശസ്ത്രക്രിയ്ക്ക് വിധേയരായവര്‍, പക്ഷാഘാതം ബാധിച്ചവര്‍, എയിഡ്സ് രോഗികള്‍ എന്നിങ്ങനെയുള്ള വായ്പക്കാര്‍ക്ക് ബാക്കിനില്‍ക്കുന്ന വായ്്പ്പത്തുകയോ പരമാവധി 75,000 രൂപയോ ആണ് ധനസഹായമായി നല്‍കുന്നത്. ടി.ബി., ലിവര്‍ സിറോസിസ് എന്നിവ ബാധിച്ചവരെയും പദ്ധതിയില്‍ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹരായ വിഭാഗത്തില്‍ 2016 മുതല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോലി ചെയ്ത് ജീവിക്കാന്‍ കഴിയാത്തവിധം അവയവം മുറിച്ചുമാറ്റപ്പെട്ടവര്‍ക്കും അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയവര്‍ക്കും പരമാവധി ഒരു ലക്ഷം രൂപ സഹായധനമായി അനുവദിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News