റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കൂട്ടി
ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാലവായ്പകളുടെ പലിശനിരക്ക് ( റിപ്പോ നിരക്ക് ) വീണ്ടും കാല്‍ ശതമാനം ( 0.25 ) വര്‍ധിപ്പിച്ചു. ഇതോടെ, പലിശനിരക്ക് 6.5 ശതമാനമായി ഉയര്‍ന്നു. റിസര്‍വ് ബാങ്കിന്റെ ആറംഗ പണനയസമിതിയുടെ മൂന്നു ദിവസത്തെ യോഗത്തിനുശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണു ബുധനാഴ്ച രാവിലെ പുതിയ പലിശനിരക്ക് പ്രഖ്യാപിച്ചത്. തീരുമാനം ഉടനടി പ്രാബല്യത്തില്‍ വന്നു. 25 ബേസിസ് പോയിന്റ് ഉയര്‍ത്താനുള്ള തീരുമാനത്തോട് പണനയസമിതിയിലെ രണ്ടംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തിയതായി ഗവര്‍ണര്‍ അറിയിച്ചു.
പലിശനിരക്ക് വര്‍ധിക്കുന്നതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പ്രതിമാസ തിരിച്ചടവു തുക വര്‍ധിക്കും. ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശയും ഇതോടെ കൂടും. വിലക്കയറ്റഭീഷണി കുറഞ്ഞുതുടങ്ങിയതോടെ പലിശനിരക്കില്‍ വര്‍ധനവുണ്ടാവില്ലെന്നാണു പൊതുവെ പ്രതീക്ഷിച്ചിരുന്നത്. ഇതു തുടര്‍ച്ചയായി ആറാം തവണയാണു റിസര്‍വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുന്നത്. 2022 മേയില്‍ 0.4 ശതമാനവും ജൂണിലും ആഗസ്റ്റിലും ഒക്ടോബറിലും 0.5 ശതമാനം വീതവും ഡിസംബറില്‍ 0.35 ശതമാനവുമാണു വര്‍ധിപ്പിച്ചത്. ഇപ്പോള്‍ 0.25 ശതമാനവും കൂട്ടി.
സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി ( എസ്.ഡി.എഫ് ) നിരക്ക് ആറു ശതമാനത്തില്‍ നിന്നു 6.25 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി ( എം.എസ്.എഫ് ) നിരക്കും ബാങ്ക് നിരക്കും 6.5 ശതമാനത്തില്‍ നിന്നു 6.75 ശതമാനമായും പരിഷ്‌കരിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു. വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണീ നടപടി.
ആറംഗ പണനയ സിമിതി ( മോണിറ്ററി പോളിസി കമ്മിറ്റി – MPC ) യുടെ മൂന്നു ദിവസത്തെ യോഗം തിങ്കളാഴ്ചയാണു തുടങ്ങിയത്. എക്‌സിക്യുട്ടീവ് ഡയരക്ടര്‍ രാജീവ് രഞ്ജന്‍, ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കിള്‍ ദേബബ്രത പാത്ര എന്നിവരാണു ആറംഗസമിതിയില്‍ ഗവര്‍ണര്‍ക്കു പുറമേയുള്ള റിസര്‍വ് ബാങ്ക് പ്രതിനിധികള്‍. ഡല്‍ഹിയിലെ നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിലെ ഓണററി സീനിയര്‍ ഉപദേഷ്ടാവ് ശശാങ്ക ഭിദെ, മുംബൈ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് റിസര്‍ച്ചിലെ എമിറിറ്റസ് പ്രൊഫസര്‍ അഷിമ ഗോയല്‍, അഹമ്മദാബാദ് ഐ.ഐ.എമ്മിലെ പ്രൊഫസര്‍ ജയന്ത് ആര്‍. വര്‍മ എന്നിവരാണു പുറത്തുനിന്നുള്ള അംഗങ്ങള്‍.
[mbzshare]