റിസര്‍വ് ബാങ്കിന്റെ ‘ഡിജിറ്റല്‍ രൂപ’ സഹകരണ സംഘങ്ങള്‍ക്ക് കുരുക്കിടുമോയെന്ന് ആശങ്ക
റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ ഡിജിറ്റല്‍ രൂപ സഹകരണ സംഘങ്ങളെ എങ്ങനെ ബാധിക്കുമെന്നതില്‍ ആശങ്ക. സഹകരണ സംഘങ്ങളെന്ന വിഭാഗത്തില്‍ വരുന്ന കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ മറ്റ് വാണിജ്യ ബാങ്കുകളുടെ സഹായത്തോടെയാണ് ആര്‍.ടി.ജി.എസ്., എന്‍.ഇ.എഫ്.ടി. തുടങ്ങിയ ഡിജിറ്റല്‍ പണമിടപാട് നടത്തുന്നത്. ‘ഡിജിറ്റല്‍ രൂപ’യ്ക്ക് ഈ സഹായം ലഭിക്കില്ലെന്നതാണ് സഹകരണ സംഘങ്ങള്‍ നേരിടാന്‍ പോകുന്ന പ്രശ്‌നം.
ഡിജിറ്റല്‍രൂപ പരീക്ഷണാടിസ്ഥാനത്തില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡിജിറ്റല്‍രൂപ സംബന്ധിച്ച് അവബോധം വളര്‍ത്താനും ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കാനും ലക്ഷ്യമിട്ട് വിശദീകരണക്കുറിപ്പ് ആര്‍.ബി.ഐ. പുറത്തിറക്കി. കള്ളപ്പണം വെളുപ്പിക്കല്‍ നിയന്ത്രിക്കുന്നതിനും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ പരിപോഷിപ്പിക്കുന്നതിനും പേമെന്റ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമാണ് ആര്‍.ബി.ഐ. ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്നതെന്ന് ഇതില്‍ വ്യക്തമാക്കുന്നുണ്ട്.
നിലവിലുള്ള കറന്‍സിനോട്ടുകള്‍ക്കു പകരമായല്ല ഡിജിറ്റല്‍രൂപ അവതരിപ്പിക്കുക. പകരം, ഇടപാടുകള്‍ക്ക് കറന്‍സിനോട്ടുകള്‍ക്കൊപ്പം പുതിയ വിനിമയസംവിധാനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന കറന്‍സിനോട്ടുകളുടെ ഡിജിറ്റല്‍രൂപമായിരിക്കും ഡിജിറ്റല്‍രൂപ. ചില പ്രത്യേക ആവശ്യങ്ങള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാനായിരിക്കും തുടക്കത്തില്‍ അവസരം ലഭിക്കുക. ഇതുവിലയിരുത്തി പ്രവര്‍ത്തനം വിപുലമാക്കുന്നതാണ് പരിഗണിക്കുന്നത്.
പൊതുകാര്യങ്ങള്‍ക്ക് അല്ലെങ്കില്‍ റീട്ടെയില്‍ ആവശ്യങ്ങള്‍ക്കായി സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിറീട്ടെയില്‍ (സി.ബി.ഡി.സി. ആര്‍) എന്നും ഹോള്‍സെയില്‍ ആവശ്യങ്ങള്‍ക്കായി സി.ബി.ഡി.സി.ഡബ്ല്യു (ഹോള്‍സെയില്‍) എന്നും രണ്ടുതരം ഡിജിറ്റല്‍രൂപയാകും ഉണ്ടാകുക. സി.ബി.ഡി.സി.ആര്‍ ആയിരിക്കും എല്ലാവര്‍ക്കും ഉപയോഗിക്കാനാവുക. ഇത് മാത്രമായിരിക്കും സഹകരണ സംഘങ്ങള്‍ക്കും ഉപയോഗിക്കാനാകുക.
സി.ബി.ഡി.സി. (ഡബ്ല്യു.) തിരഞ്ഞെടുത്ത സാമ്പത്തികസ്ഥാപനങ്ങള്‍ക്ക് നിയന്ത്രിതരീതിയില്‍ ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇതില്‍ പ്രാഥമിക സഹകരണ ബാങ്കുകളും സംഘങ്ങളും ഉള്‍പ്പെടില്ല. ബാങ്കുകള്‍തമ്മില്‍ പരസ്പരമുള്ള ഇടപാടുകള്‍ക്കും സെക്യൂരിറ്റികളുടെ സെറ്റില്‍മെന്റിനും മറ്റിനും സി.ബി.ഡി.സി.( ഡബ്ല്യു.)യാകും ഉപയോഗിക്കുക. ഇതില്‍നിന്ന് പുറത്താകുന്നത് സഹകരണ ബാങ്കുകളെ ബാധിക്കും. ‘ഡിജിറ്റല്‍ രൂപ’ ബാങ്കിങ് ഇടപാടുകളുടെ പ്രധാന ഉപാധിയായി മാറുമ്പോള്‍ ഈ വിലക്ക് ഭാവിയില്‍ സഹകരണ സംഘങ്ങളെ ബാധിക്കും.
[mbzshare]