റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് ഉയര്‍ത്തി ആര്‍ബിഐ; പലിശ നിരക്ക് 6.25 ശതമാനം
റിപ്പോ നിരക്ക് ഇത്തവണയും വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്. പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്ന സാഹചര്യത്തിലാണ് റിപ്പോ നിരക്കില്‍ 35 ബേസിസ് പോയന്റ് കൂട്ടിയത്. ഇതോടെ റിപ്പോ 6.25 ശതമാനമായി. എന്നാല്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം ഏഴ് ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായി കുറച്ചു. 12 മാസമായി പണപ്പെരുപ്പം നാല് ശതമാനത്തിന് മുകളിലാണ്. രാജ്യത്തെ ആഭ്യന്തര ഉല്‍പാദനം മന്ദഗതിയിലാകുന്നതിന്റെയും പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളില്‍ ഉയര്‍ന്ന് നില്‍ക്കുന്നതിന്റെയും സാഹചര്യത്തിലാണ് ഇത്തവണ ആര്‍ബിഐ ധനനയം അവതരിപ്പിച്ചത്.
അതേസമയം, സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി(എസ്ഡിഎഫ്)നിരക്ക് 5.15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി നിരക്ക് 6.1 5ശതമാനത്തില്‍നിന്ന് 6.50 ശതമാനമായും വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിഷ്‌കരിച്ചിട്ടുണ്ട്. മെയില്‍ 0.40 ബേസിസ് പോയന്റ് വര്‍ധിപ്പിച്ചതിന് ശേഷം മൂന്നു തവണ അരശതമാനം വീതവും വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ 0.35 ശതമാനവും കൂട്ടി. മൊത്തം 2.25ശതമാനം(225 ബേസിസ് പോയന്റ്).
ഫെബ്രുവരിയിലെ യോഗത്തില്‍ കാല്‍ ശതമാനംകൂടി നിരക്ക് കൂട്ടിയാല്‍ റിപ്പോ നിരക്ക് 6.5 ശതമാനമാകും. 2016ല്‍ അവതരിപ്പിച്ച പണപ്പെരുപ്പ നിയന്ത്രണ വ്യവസ്ഥ പ്രകാരം റീട്ടെയില്‍ പണപ്പെരുപ്പം തുടര്‍ച്ചയായി മൂന്നു പാദങ്ങളില്‍ 2-6ശതമാനമെന്ന പരിധിക്ക് പുറത്തായാല്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ ആര്‍ബിഐ പരാജയപ്പെട്ടതായി കണക്കാക്കും. സര്‍ക്കാരിന് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ട സാഹചര്യം ഉണ്ടായതിനെ തുടര്‍ന്ന് നവംബര്‍ ആദ്യം ആര്‍ബിഐ പ്രത്യേക യോഗം ചേര്‍ന്നിരുന്നു.