രാജ്യത്തെ പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളില്‍ 10 ശതമാനം നിര്‍ജീവം
രാജ്യത്താകെയുള്ള 1,02,559 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘ ( PACS ) ങ്ങളില്‍ പത്തു ശതമാനത്തോളം ( 12,014 എണ്ണം ) പ്രവര്‍ത്തനരഹിതമാണെന്നു സഹകരണ വായ്പാമേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതി അറിയിച്ചു. നിശ്ചലമായിപ്പോയ ഈ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കണം. അതു സാധ്യമല്ലെങ്കില്‍ അവിടങ്ങളില്‍ പകരം പുതിയ സംഘങ്ങള്‍ രൂപവത്കരിക്കണം – സമിതി അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനപ്രക്രിയയില്‍ സഹകരണമേഖലയുടെ പ്രാധാന്യം മനസ്സിലാക്കി കേന്ദ്ര സഹകരണ മന്ത്രാലയമാണു
സഹകരണമേഖലയിലെ വായ്പാ ആവശ്യത്തെയും തടസ്സങ്ങളെയും പ്രതീക്ഷയേയും കുറിച്ചന്വേഷിക്കാന്‍ NAFSCOB ന്റെ ( നാഷണല്‍ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ലിമിറ്റഡ് ) പഠനസംഘത്തെ നിയോഗിച്ചത്. NAFSCOB മാനേജിങ് ഡയരക്ടറായ ഭീമ സുബ്രഹ്‌മണ്യം സമിതിയുടെ കരടുറിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സഹകരണ മന്ത്രാലയം സെക്രട്ടറി ഗ്യാനേഷ് കുമാറിനു സമര്‍പ്പിച്ചു.
സഹകരണമേഖലയിലെ ഹ്രസ്വകാല-ദീര്‍ഘകാല വായ്പയുടെ ആവശ്യകതയെക്കുറിച്ചാണു സമിതി പഠിച്ചത്. രണ്ടു വായ്പാഘടനയുടെയും പ്രശ്‌നങ്ങള്‍ വ്യത്യസ്തമാണെന്നു ഭീമ സുബ്രഹ്‌മണ്യം അഭിപ്രായപ്പെട്ടു. സഹകരണ ഹ്രസ്വകാല വായ്പാമേഖലയില്‍ 1,02,559 പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളുള്‍പ്പെടെ 1,14,542 ഔട്ട്‌ലറ്റുകളാണുള്ളതെന്നു സമിതി ചൂണ്ടിക്കാട്ടി. ഗ്രാമീണ-അര്‍ധനഗര മേഖലയിലെ കമേഴ്‌സ്യല്‍ ബാങ്ക്-റീജ്യണല്‍ റൂറല്‍ ബാങ്ക് ( RRB ) ശാഖകളുടെ എണ്ണത്തേക്കാള്‍ ( 93,832 ശാഖകള്‍ ) കൂടുതലാണിത്. ഹ്രസ്വകാല സഹകരണ വായ്പാസംവിധാനത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചു പ്രത്യേകം പഠിക്കുന്നതു അഭികാമ്യമാണെന്നു സമിതി അഭിപ്രായപ്പെട്ടു.
ഫങ്ഷണല്‍ സഹകരണ സംഘങ്ങള്‍, പ്രത്യേകിച്ച് കൈത്തറി, മീന്‍പിടിത്ത, ക്ഷീര, വ്യാവസായിക, ലേബര്‍ കോണ്‍ട്രാക്ട് സംഘങ്ങള്‍, പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളേക്കാള്‍ എത്രയോ കൂടുതലാണെന്നു പഠനസമിതി ചൂണ്ടിക്കാട്ടി. കൂടുതല്‍ വായ്പ ആവശ്യമായിവരുന്ന ഇത്തരം ഫങ്ഷണല്‍ സംഘങ്ങള്‍ക്കു ധനസഹായം നല്‍കാനുള്ള അഞ്ചു വര്‍ഷത്തെ കര്‍മപദ്ധതിക്കു രൂപം കൊടുക്കണമെന്നു സമിതി നിര്‍ദേശിച്ചു. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ സേവനം വേണ്ടവിധം കിട്ടാത്തതും തീരെ കിട്ടാത്തതുമായ പ്രദേശങ്ങളില്‍ പുതുതായി പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ രൂപവത്കരിക്കണമെന്നു സമിതി ആവശ്യപ്പെട്ടു.