രാജ്യത്തെ ജില്ലാ ബാങ്കുകളില്‍ 291 എണ്ണവും ലാഭത്തില്‍ – നബാര്‍ഡ്
2019 – 20 സാമ്പത്തികവര്‍ഷം രാജ്യത്തെ ആകെയുള്ള 351 ജില്ലാ സെന്‍ട്രല്‍ കോ – ഓപ്പറേറ്റീവ് ബാങ്കുകളില്‍ 291 എണ്ണവും ലാഭത്തിലാണെന്നു നബാര്‍ഡ് ഈയിടെ പുറത്തിറക്കിയ 2020 – 21 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ബാങ്കുകളില്‍ നാലില്‍ മൂന്നും ഉത്തരേന്ത്യയിലാണ്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്കു വായ്പാസഹായം തടസ്സമില്ലാതെ കിട്ടാന്‍വേണ്ടി നബാര്‍ഡ് മൊത്തം 23,500 കോടി രൂപ സ്‌പെഷല്‍ ലിക്വിഡിറ്റി ഫെസിലിറ്റി ( SLF ) ക്കു കീഴില്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ സഹകരണ ബാങ്കുകള്‍ക്കു കൊടുത്തതു 16,800 കോടിയാണ്. 6,700 കോടി റീജ്യണല്‍ റൂറല്‍ ബാങ്കുകള്‍ക്കും നല്‍കി.
രാജ്യമാകെ 95,995 പ്രാഥമിക സംഘങ്ങള്‍
33 സംസ്ഥാന സഹകരണ ബാങ്കുകളാണ് ഇന്ത്യയിലാകെയുള്ളത്. ഇവയ്‌ക്കെല്ലാംകൂടി 2,072ശാഖകളുണ്ട്. 351 ജില്ലാ കേന്ദ്ര ബാങ്കുകള്‍ക്കു 13,589 ശാഖകളാണുള്ളത്. ആറു ലക്ഷത്തിലധികം ഗ്രാമങ്ങളിലായി നിലവിലുള്ള പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ എണ്ണം 95,995 ആണ്. ഇവയിലെല്ലാംകൂടി 13.2 കോടി അംഗങ്ങളാണുള്ളത്.
കേരള ബാങ്കിന്റെ സഞ്ചിത നഷ്ടം 776 കോടി
2019 സാമ്പത്തിക വര്‍ഷം നഷ്ടത്തിലായിരുന്ന ജാര്‍ഖണ്ഡ്, പുതുച്ചേരി സംസ്ഥാന സഹകരണ ബാങ്കുകള്‍ 2020 ല്‍ യഥാക്രമം 2.6 കോടിയും 23.4 കോടിയും ലാഭമുണ്ടാക്കിയതായി നബാര്‍ഡ് ചൂണ്ടിക്കാട്ടുന്നു. ഏഴു സംസ്ഥാന ബാങ്കുകളുടെ സഞ്ചിത നഷ്ടം 1,232 കോടി രൂപയാണ്. നാഗാലാന്‍ഡ് സംസ്ഥാന ബാങ്ക് സഞ്ചിതനഷ്ടം നികത്തിക്കഴിഞ്ഞു. 13 ജില്ലാ ബാങ്കുകള്‍ ലയിച്ച ശേഷം കേരള ബാങ്കിന്റെ സഞ്ചിത നഷ്ടം 776 കോടി രൂപയാണ്.
നഷ്ടത്തിലോടുന്ന ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളില്‍ നാലില്‍ മൂന്നും കേന്ദ്രീകരിച്ചിരിക്കുന്നത് ഉത്തര്‍ പ്രദേശ് ( 30 ശതമാനം ), മധ്യപ്രദേശ് ( 22 ശതമാനം ), പഞ്ചാബ് ( 13 ശതമാനം ), ബിഹാര്‍ ( 12 ശതമാനം ) എന്നിവിടങ്ങളിലാണ്. 2019 ല്‍ നഷ്ടത്തിലായിരുന്ന 21 ജില്ലാ കേന്ദ്ര ബാങ്കുകള്‍ 2020 ല്‍ ലാഭത്തിലായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2020 മാര്‍ച്ച് 31 ന്റെ കണക്കു നോക്കിയാല്‍ 126 ജില്ലാ കേന്ദ്ര ബാങ്കുകളില്‍ നിഷ്‌ക്രിയ ആസ്തി 15 ശതമാനത്തിലും കൂടുതലാണ്. ഇവയിലേറെയും മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ്. അതേസമയം, ഒഡിഷ, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ജില്ലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 15 ശതമാനത്തില്‍ താഴെയാണ്. ഇക്കാലയളവില്‍ സി.ആര്‍.എ.ആര്‍. കേരള ബാങ്കില്‍ 7.3 ശതമാനമാണ്. ഗോവയിലിതു 3.4 ശതമാനവും പുതുച്ചേരിയില്‍ 7.3 ശതമാനവുമാണ്.
2021 ല്‍ കര്‍ഷകര്‍ക്കും നെയ്ത്തുകാര്‍ക്കും കരകൗശലത്തൊഴിലാളികള്‍ക്കും നല്‍കാനുള്ള ഹ്രസ്വകാല പുനര്‍വായ്പാ സൗകര്യമെന്ന നിലയില്‍ 1,30,964 കോടി രൂപ സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കു വിതരണം ചെയ്തിട്ടുണ്ടെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിനു പുറമേ, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച പ്രകാരം നബാര്‍ഡ് 30,000 കോടി രൂപ കൂടി ഗ്രാമീണ സഹകരണ ബാങ്കുകള്‍ക്കും റീജ്യണല്‍ ഗ്രാമീണ ബാങ്കുകള്‍ക്കും പുനര്‍വായ്പാ സഹായമായി നല്‍കും.
പ്രാഥമിക സഹകരണ സംഘങ്ങളിലെ കമ്പ്യൂട്ടര്‍വത്കരണത്തിനായി പുതിയൊരു പദ്ധതിയും നബാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍വത്കരണത്തിനു അഞ്ചു കോടി രൂപ വരെ ഗ്രാന്റായി നല്‍കുന്ന സംസ്ഥാന ബാങ്കുകള്‍ക്കും ജില്ലാ ബാങ്കുകള്‍ക്കും അതേ തുക നബാര്‍ഡും ഗ്രാന്റായി അനുവദിക്കും. ആന്ധ്ര പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, തെലങ്കാന, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ കമ്പ്യൂട്ടര്‍വത്കരണത്തിനായുള്ള നിര്‍ദേശങ്ങള്‍ നബാര്‍ഡ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിനു മൊത്തം 30 കോടി രൂപയാണ് അനുവദിക്കുക. ഇതില്‍ തെലങ്കാന സംസ്ഥാന ബാങ്കിനു അഞ്ചു കോടി രൂപ നല്‍കിക്കഴിഞ്ഞു.
[mbzshare]