രാജിവെച്ച ശേഷം ഭരണസമിതി യോഗത്തില്‍ പങ്കെടുക്കാമോ?
ഭരണസമിതിയംഗത്വം രാജിവെച്ചയാള്‍ വീണ്ടും
യോഗത്തില്‍ പങ്കെടുത്താല്‍ എന്തു സംഭവിക്കും
എന്നതുള്‍പ്പെടെ സഹകരണമേഖലയുമായി
ബന്ധപ്പെട്ട ഏതാനും കേസുകളുടെ വിധി
ഈ ലക്കത്തില്‍ വായിക്കാം
ആകെ ഒമ്പത് അംഗങ്ങളുള്ള ഒരു സഹകരണസംഘത്തിന്റെ ഭരണസമിതിയോഗത്തിലെ ക്വാറം അഞ്ചു പേരാണ്. ഭരണസമിതിയിലെ ഒരംഗത്തിന്റെ മകനെ പ്യൂണ്‍ തസ്തികയില്‍ നിയമിച്ചതിനെത്തുടര്‍ന്ന് ആ അംഗം 2022 സെപ്റ്റംബര്‍ പന്ത്രണ്ടിനു രാജിക്കത്ത് സംഘംപ്രസിഡന്റിനും ഭരണസമിതിക്കും നല്‍കി. സെപ്റ്റംബര്‍ ഇരുപതിനു ഭരണസമിതിയുടെ യോഗം വിളിച്ചപ്പോള്‍ രാജിവച്ച അംഗം ഉള്‍പ്പെടെ അഞ്ചു പേര്‍ മാത്രമാണു യോഗത്തില്‍ പങ്കെടുത്തത്. രാജി അംഗീകരിക്കാനും മറ്റൊരു അംഗത്തെ കമ്മിറ്റിയിലേക്കു നോമിനേറ്റ് ചെയ്യാനും ഈ യോഗം തീരുമാനിച്ചു. എന്നാല്‍, നവംബര്‍ പന്ത്രണ്ടിനു ഭരണസമിതിയിലെ മറ്റു നാല് അംഗങ്ങള്‍കൂടി രാജി സമര്‍പ്പിച്ചു. ഈ സാഹചര്യത്തില്‍ സഹകരണനിയമം വകുപ്പ് 33 ( 1 ) പ്രകാരം ഭരണസമിതി പിരിച്ചുവിടുകയും അഡ്മിനിസ്ട്രേറ്റര്‍ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു.
അറിയിപ്പു നല്‍കാതെ ഭരണസമിതിയെ നീക്കം ചെയ്തതിന് എതിരെ ഹൈക്കോടതിയില്‍ കേസായി. ഭരണസമിതിയംഗം രാജിവച്ച സെപ്റ്റംബര്‍ പന്ത്രണ്ടിനുതന്നെ രാജി പ്രാബല്യത്തില്‍ വന്നതിനാലും സെപ്റ്റംബര്‍ ഇരുപതിനു കൂടിയ ഭരണസമിതി യോഗത്തില്‍ ആകെ അഞ്ചു പേര്‍ പങ്കെടുത്തതില്‍ ഒരാള്‍ രാജിവച്ച അംഗമായതിനാലും അവിടെ ക്വാറം ഇല്ലാതായതായി കോടതി നിരീക്ഷിച്ചു. നോമിനിയെ തിരഞ്ഞെടുത്തതു ക്വാറം നഷ്ടപ്പെട്ട ഭരണസമിതിയുടെ തീരുമാനമാണെന്നും പിന്നീട് മറ്റു നാലു പേര്‍ രാജിവെച്ച സാഹചര്യത്തില്‍ വകുപ്പ് 33 പ്രകാരമുള്ള നടപടി നിലനില്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി പരാതി ജസ്റ്റിസ് ടി.ആര്‍. രവി തള്ളി. ( ക .ഛ. ഇ 2778 / 2022, ണ ജ ( ഇ ) 3713 / 2022, 23-11-2022 ).
സസ്‌പെന്‍ഷന്‍
കാലാവധി
നീട്ടാനാവില്ല
സഹകരണ ചട്ടം 198 ( 6 ) പ്രകാരം ഒരു ജീവനക്കാരനെ ഒരു വര്‍ഷത്തില്‍ക്കൂടുതല്‍ സസ്പെന്‍ഷനില്‍ നിര്‍ത്തണമെങ്കില്‍ രജിസ്ട്രാറുടെ അനുമതി ആവശ്യമാണ്. ഇതു പാലിക്കാത്തതു സംബന്ധിച്ച് പരാതി ഉയര്‍ന്നു. കേസ് ഹൈക്കോടതിയിലെത്തി. ചട്ടത്തില്‍ പറഞ്ഞിട്ടുള്ള നിബന്ധന പാലിക്കപ്പെടാത്തതിനാല്‍ ജീവനക്കാരനെതിരെ സഹകരണസംഘത്തിന്റെ ഒരു വര്‍ഷം കഴിഞ്ഞുള്ള സസ്പെന്‍ഷന്‍ ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ റദ്ദാക്കി. ( ക .ഇ .ഛ 2171 / 2022, ണ ജ ( ഇ ) 33296 / 2022, 24112022 )
പരാതിക്കാരെ
പുറത്താക്കിയ
നടപടി റദ്ദാക്കി
ഒരു പ്രാഥമിക ക്ഷീരസഹകരണസംഘത്തിന്റെ പ്രസിഡന്റ് പണം ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നു ഭരണസമിതിയിലെ ആറ് അംഗങ്ങള്‍ രാജി സമര്‍പ്പിക്കുകയും സംഘത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. കോടതിയെ സമീപിച്ച് ഉത്തരവു നേടിയതിന്റെ അടിസ്ഥാനത്തില്‍ സംഘത്തില്‍ തിരഞ്ഞെടുപ്പ് നടന്നു. എന്നാല്‍, അതേ പ്രസിഡന്റ്തന്നെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്നു പ്രസിഡന്റ് പരാതിക്കാരെ അവഹേളിക്കുകയും അവരുടെ പാല്‍ ശേഖരിക്കാതിരിക്കുകയും പലപ്പോഴും നശിപ്പിക്കുകയും ചെയ്തതായി പരാതി ഉയര്‍ന്നു. മാത്രമല്ല, പരാതിക്കാരായ രണ്ടംഗങ്ങളെ ചട്ടം 16 ( 3 ) പ്രകാരം അംഗത്വത്തില്‍ നിന്നു പുറത്താക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും പിന്നീട് പുറത്താക്കുകയും ചെയ്തു. ഈ നടപടിക്കെതിരെ പുറത്താക്കപ്പെട്ടവര്‍ കോടതിയെ സമീപിച്ചു. പരാതിയില്‍ വാദം കേട്ട ശേഷം പ്രശ്‌നം പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സര്‍ക്കാര്‍ വിഷയം പരിശോധിച്ച് അംഗത്തെ പുറത്താക്കിയ സംഘത്തിന്റെ നടപടി ശരിവച്ച് ഉത്തരവിറക്കി. തുടര്‍ന്നു പരാതിക്കാര്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ വീണ്ടും കോടതിയെ സമീപിച്ചു.
സഹകരണനിയമത്തിലെ വകുപ്പ് 17, ചട്ടം 18 എന്നിവയില്‍ ഒരംഗത്തെ പുറത്താക്കുന്നവിധം വിശദീകരിച്ചിട്ടുള്ളതും എന്നാല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവില്‍ പറയുന്ന ചട്ടം 16 ( 3 ) ഈ കേസില്‍ ബാധകമല്ലാത്തതായി നിരീക്ഷിച്ചും പരാതിക്കാരായ അംഗങ്ങള്‍ക്കു സംഘത്തില്‍ അംഗങ്ങളായി തുടരാമെന്നും അവര്‍ നല്‍കുന്ന പാല്‍ അളന്നു സ്വീകരിക്കണമെന്നു നിര്‍ദേശിച്ചും ജസ്റ്റിസ് ടി.ആര്‍. രവി ഉത്തരവിട്ടു. ( ക .ഇ .ഛ 1689 / 2022, ണ ജ ( ഇ ) 21721 / 2020, ണ ജ ( ഇ ) 16452 / 2021 )
കൂടുതല്‍പേരെ
നിയമിച്ച
നടപടി തള്ളി
ഒരു സംഘത്തില്‍ അറ്റന്ററെ നിയമിച്ചുകൊണ്ടുള്ള ഭരണസമിതിയുടെ തീരുമാനം സഹകരണസംഘം രജിസ്ട്രാര്‍ റദ്ദ് ചെയ്തു. അറ്റന്റര്‍ നിയമനത്തില്‍ ഗുരുതരമായ വീഴ്ചയും ക്രമക്കേടുകളും നടന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. സംഘത്തിന്റെ ക്ലാസിഫിക്കേഷന്‍ നിബന്ധനപ്രകാരം അനുവദിക്കപ്പെട്ട തസ്തികകളില്‍ കൂടുതല്‍ പേരെ ( അറ്റന്റര്‍ / റെക്കോര്‍ഡ് കീപ്പര്‍ ) നിയമിക്കുന്നു, സ്ഥാനക്കയറ്റം നല്‍കുമ്പോള്‍ വരാവുന്ന തസ്തകകകളിലേക്കും അതേ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നു എന്നിവയായിരുന്നു പരാതികള്‍. ഈ തീരുമാനങ്ങള്‍ ജോയിന്റ് റജിസ്ട്രാര്‍ റദ്ദു ചെയ്തതിന് എതിരെ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചില്‍ നല്‍കിയ കേസ് റജിസ്ട്രാറുടെ നടപടിയില്‍ ഇടപെടാന്‍ കാരണം കാണുന്നില്ല എന്ന നിഗമനത്തില്‍ തള്ളി. ഈ വിധിക്കെതിരെ ജസ്റ്റിസുമാരായ അലക്‌സാണ്ടര്‍ തോമസ്, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീല്‍ഹര്‍ജി സിംഗിള്‍ ബെഞ്ചിന്റെ നടപടി ശരിവച്ച് തീര്‍പ്പാക്കി. ( ക .ഇ.ഛ. 1636 / 2022, ണ അ 1895 / 2022, 01.09. 2019 )
പ്രസിഡന്റിനെ
സസ്പെന്റ് ചെയ്ത
നടപടി ശരിവെച്ചു
ഒരു സഹകരണ സംഘത്തിന്റെ പ്രസിഡന്റിനെ സഹകരണനിയമം വകുപ്പ് 32 പ്രകാരം സസ്പെന്റ് ചെയ്ത നടപടിക്കെതിരെയാണ് ഈ കേസ്.
സഹകരണനിയമം വകുപ്പ് 65 പ്രകാരം അന്വേഷണം നടത്തുകയും അതിന്റെ ഭാഗമായി ഒരു ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍മാത്രം പ്രസിഡന്റിനെ സസ്പെന്റ് ചെയ്ത നടപടിയാണു കേസിനാധാരം. ഇടക്കാല റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗുരുതരസ്വഭാവത്തിലുള്ളതായതിനാല്‍ അന്വേഷണനടപടി തീരുംവരെ പ്രസിഡന്റ് പദവിയില്‍ തുടരുന്നതു ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും സംഘത്തിന്റെ നല്ല നടത്തിപ്പില്‍ ഉത്തരവാദിത്വമുള്ളതിനാല്‍ സസ്പെന്‍ഷന്‍ അനിവാര്യമാണെന്നുമായിരുന്നു എതിര്‍വാദം.
വകുപ്പ് 65 പ്രകാരമുള്ള അന്വേഷണനടപടി അവസാനിപ്പിച്ചശേഷമാണ് 32 പ്രകാരമുള്ള നടപടി സ്വീകരിക്കപ്പെടുന്നതെങ്കിലും അത്യാവശ്യമായ ഒരു സാഹചര്യം ഉണ്ടായതിനാല്‍ വകുപ്പ് 32 പ്രകാരമുള്ള നടപടി എടുക്കുന്നില്ലെങ്കില്‍ അതിന്റെ ആധികാരികത നഷ്ടപ്പെടും എന്ന നിരീക്ഷണത്തോടെ ജസ്റ്റിസ് പി. ഗോപിനാഥ് പരാതി തള്ളി കേസ് തീര്‍പ്പാക്കി. ( ക ..ഇ..ഛ. 162/2023, ണ ജ ( ഇ ) 107 / 2023, 06-02-2023 )
നേരില്‍ കേള്‍ക്കാന്‍
അവസരം
നല്‍കണം
ഒരു ഫാര്‍മേഴ്സ് സഹകരണസംഘത്തിന്റെ പ്രസിഡന്റിനെ വകുപ്പ് 32 പ്രകാരം പിരിച്ചുവിട്ട നടപടിക്കെതിരെയാണു കേസ്. സംഘം ഭരണ സമിതിയെ പിരിച്ചുവിട്ടതു മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത് എന്നും സഹകരണനിയമം വകുപ്പ് 32 പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ല എന്നുമാണു കേസിനു കാരണമായ വിഷയം. പിരിച്ചുവിടല്‍നടപടികള്‍ സ്വീകരിക്കുമ്പോള്‍ നേരില്‍ കേള്‍ക്കുക എന്നതു നടപടിക്രമങ്ങളുടെ ഭാഗമാണെന്നും ബന്ധപ്പെട്ട ധനസഹായ ബാങ്ക്, സഹകരണയൂണിയന്‍ എന്നിവയുമായി കൂടിയാലോചന നടത്തിയില്ല എന്നുമായിരുന്നു പരാതി.
സര്‍ക്കിള്‍ സഹകരണ യൂണിയന്‍, ധനസഹായ ബാങ്ക് എന്നിവയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഉത്തരവെന്നും അന്വേഷണത്തില്‍ ഗുരുതരസ്വഭാവം ബോധ്യപ്പെട്ടതിനാല്‍ ഭരണസമിതിയെ തുടരാനനുവദിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും അതിനാല്‍ വകുപ്പ് 32 പ്രകാരമുള്ള നടപടികളിലെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാതെ പിരിച്ചുവിട്ടു എന്നും വകുപ്പിനു വേണ്ടി സര്‍ക്കാര്‍അഭിഭാഷകന്‍ വാദം ഉന്നയിച്ചു. വകുപ്പ് 32 (1) പ്രകാരമുള്ള കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാതെയുള്ള പിരിച്ചുവിടല്‍ ഉത്തരവ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ റദ്ദാക്കി. നേരില്‍ കേള്‍ക്കാന്‍ അവസരം നല്‍കണമെന്നു നിരീക്ഷിച്ചു കൊണ്ടാണു കോടതി പിരിച്ചുവിടല്‍ ഉത്തരവ് റദ്ദാക്കിയത്. ( ക..ഇ. .ഛ.. 93 / 2023, ണ ജ ( ഇ ) 1589 / 2018, 17-01-2023 )
(മൂന്നാംവഴി സഹകരണമാസിക നവംബര്‍ ലക്കം – 2023)