യുവ സഹകരണ സംഘങ്ങള്‍ക്ക് സമ്പാദ്യപദ്ധതിയും സ്വര്‍ണവായ്പയും പറ്റില്ല
സംസ്ഥാനത്ത് പുതുതായി തുടങ്ങിയ യുവസഹകരണ സംഘങ്ങള്‍ക്ക് മറ്റ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തന രീതി സ്വീകരിക്കാനാകില്ലെന്ന് സഹകരണ വകുപ്പ്. സമ്പാദ്യ പദ്ധതി, സ്വര്‍ണപണയ വായ്പ എന്നിവയ്‌ക്കൊന്നും യുവസഹകരണ സംഘങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് സഹകരണ വകുപ്പ് വ്യക്തമാക്കി. പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സംഘത്തിന് ലാഭക്ഷമത ഉറപ്പാക്കാനും സമ്പാദ്യപദ്ധതികളും പുതിയ വായ്പ രീതിയും തുടങ്ങാന്‍ അനുമതി നല്‍കണമെന്ന ആവശ്യം യുവസംഘങ്ങളില്‍നിന്നുണ്ടായിരുന്നു. ഇതിലാണ് വകുപ്പ് നിലപാട് സ്വീകരിച്ചത്.
യുവ സംരംഭകരെയും സേവന ദാതാക്കളെയും സഹകരണ മേഖലയിലേക്കും സഹകരണ തത്വങ്ങളിലേക്കും ആകര്‍ഷിക്കുന്നതിനും സഹകരണ മേഖലയില്‍ നൂതന ആശയങ്ങള്‍ നടപ്പാക്കി തൊഴില്‍ സാധ്യത ഉറപ്പാക്കുന്നതിനുമാണ് യുവസംഘങ്ങള്‍ സഹകരണ വകുപ്പ് ആവിഷ്‌കരിച്ചത്. ഐ.ടി. അധിഷ്ഠിത സംരംഭങ്ങള്‍ മറ്റ് സഹകരണ സംഘങ്ങളുമായി ചേര്‍ന്ന നടപ്പാക്കുന്നതിന് സഹകരണ വകുപ്പ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. യുവജനതയുടെ സംരംഭക ശേഷിയെ സഹകരണ മേഖലയിലൂടെ ഉപയോഗപ്പെടുത്തുകയും തൊഴിലവസരം ഉണ്ടാക്കുകയുമാണ് സഹകരണ വകുപ്പ് ലക്ഷ്യമിടുന്നത്. സഹകരണ മേഖലയിലെ യുവപങ്കാളിത്തവും അവരുടെ കഴിവും സമൂഹത്തിനും സാമ്പത്തിക പുരോഗതി കൈവരിക്കുന്നവിധത്തില്‍ മാറ്റുകയാണ് യുവ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തന രീതിയായി നിശ്ചയിച്ചിട്ടുള്ളത്.
യുവജന സഹകരണ സംഘങ്ങളുടെ ബൈലോ വ്യവസ്ഥ പ്രകാരം പ്രതിമാസ സമ്പാദ്യ പദ്ധതി, സ്വര്‍ണ പണയ വായ്പ എന്നിവ ആരംഭിക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടില്ല. അതിനാല്‍, യുവജന സഹകരണ സംഘങ്ങള്‍ക്ക് പ്രതിമാസ സമ്പാദ്യ പദ്ധതി സ്വര്‍ണപണയ വായ്പ എന്നിവ ആരംഭിക്കുന്നതിന് അനുമതി നല്‍കുന്നത് പരിഗണിക്കാനാകില്ലെന്ന നിലപാടാണ് സഹകരണ വകുപ്പ് സ്വീകരിച്ചിട്ടുള്ളത്.
യുവ സംഘങ്ങളുടെ പ്രതിനിധികളെ പുതിയ കാലത്തെ സംരംഭങ്ങള്‍ ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുകയാണ് സഹകരണ വകുപ്പ് ചെയ്യുന്നത്. ഇതിനായി, സഹകരണ തത്വങ്ങള്‍, അക്കൗണ്ടിങ്, സംരംഭകത്വം എന്നീ വിഷയങ്ങളില്‍ യുവസംഘം പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. യുവജന സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച സംഘം പ്രതിനിധികളുടെ അവലോകന യോഗം വിളിച്ചുചേര്‍ത്ത് അവര്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങളും സഹകരണ വകുപ്പ് നല്‍കിയിട്ടുണ്ട്.
മാസ നിക്ഷേപ പദ്ധതി മറ്റ് സംഘങ്ങള്‍ പ്രവര്‍ത്തന ലാഭം നേടുന്നതിനുള്ള പ്രധാന ഉപാധിയായി സ്വീകരിക്കുന്ന രീതിയുണ്ട്. ഇത് അവരുടെ പ്രവര്‍ത്തന ലക്ഷ്യത്തില്‍നിന്ന് മാറി നടക്കാനും കാരണമാകുന്നുണ്ട്. അതിനാല്‍, യുവ സംഘങ്ങള്‍ ഇത്തരം രീതിയിലേക്ക് മാറുന്ന പ്രവണത തുടക്കത്തിലെ തടയണമെന്നാണ് സഹകരണ വകുപ്പിന്റെ തീരുമാനം. അതിനാല്‍, ബൈലോ വ്യവസ്ഥയില്‍ മറ്റുഭേദഗതി കൊണ്ടുവരാന്‍ അനുവദിക്കാനിടയില്ല.