യുവാക്കളുടെ സഹകരണ സംഘം : ഉദ്ഘാടനം തിങ്കളാഴ്ച വട്ടിയൂര്‍ക്കാവില്‍
കേരള സര്‍ക്കാര്‍ നൂറുദിന കര്‍മ പരിപാടിയില്‍പ്പെടുത്തി രൂപവത്കരിക്കുന്ന യുവാക്കളുടെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം സെപ്റ്റംബര്‍ ആറിനാരംഭിക്കും. പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കേന്ദ്രമായി തുടങ്ങുന്ന വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് സഹകരണ സംഘത്തില്‍ അന്നേദിവസം വൈകിട്ട് നാലിനു നടക്കും. സഹകരണ മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
സഹകരണ മേഖലയിലേക്കു കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാനായി യുവ സംരംഭകര്‍ക്കും സേവനദാതാക്കള്‍ക്കുമായാണു ഇത്തരം സംഘങ്ങള്‍ തുടങ്ങുന്നത്. കാര്‍ഷികം, ഐ.ടി, ഇവന്റ് മാനേജ്‌മെന്റ്, സിനിമ, സാംസ്‌കാരികം, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ മേഖലകളിലായി 25 യുവ സഹകരണ സംഘങ്ങള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 14 ജില്ലകളിലും ഇത്തരം സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അങ്ങനെ യുവജനങ്ങളുടെ മാത്രമായുള്ള സഹകരണ സംഘങ്ങള്‍ക്കു രൂപം നല്‍കി കേരളം സഹകരണ ചരിത്രത്തില്‍ ഇടം നേടുകയാണ്.