മൊറട്ടോറിയം പിഴച്ചോ? വായ്പാതിരിച്ചുപിടിക്കാനുള്ള വിലക്ക് കേരളബാങ്ക് രൂപവത്കരണത്തെ ബാധിക്കും

[email protected]

കാലാവധി കഴിഞ്ഞ കാര്‍ഷിക വായ്പകള്‍ തിരിച്ചുപിടിക്കുന്നതിന് ഒരുവര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി കേരളബാങ്ക് രൂപവത്കരണത്തെ ബാധിക്കും. ജില്ലാബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി കൂടുമെന്നതാണ് കാരണം. നിഷ്‌ക്രിയ ആസ്തി അഞ്ചുശതമാനമാക്കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം. കുടിശ്ശികയായ വായ്പകള്‍ തിരിച്ചുപിടിക്കാനായില്ലെങ്കില്‍ ഈ നിര്‍ദ്ദേശം പാലിക്കാനാകില്ല.

പ്രളയബാധിതരെ സഹായിക്കാന്‍ നൂറുകോടിയിലേറെ രൂപയാണ് സഹകരണ ബാങ്കുകള്‍ നല്‍കിയത്. 5000 വീടുകളാണ് സഹകരണ വകുപ്പ് നിര്‍മ്മിച്ചു നല്‍കുന്നത്. പ്രളയം ബാധിച്ച കര്‍ഷകര്‍ക്ക് വായ്പാതിരിച്ചടവ് നീട്ടിനല്‍കണമെന്ന നിലപാടാണ് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയില്‍ ബാങ്കുകളും സ്വീകരിച്ചത്. പക്ഷേ, ആനുകൂല്യം ആര്‍ക്ക് ലഭിക്കണമെന്നതിന് നല്‍കിയ നിര്‍വചനത്തിലാണ് പിഴച്ചത്.

കേരളത്തില്‍ പ്രളയബാധിതരായവരുടെ കൃത്യമായ കണക്ക് സര്‍ക്കാരിന്റെ കൈയ്യിലുണ്ട്. ഇവര്‍ക്കാണ് വായ്പാതിരിച്ചടവിന് സമയം നീട്ടിനല്‍കേണ്ടതും. എന്നാല്‍, പ്രളയബാധിത മേഖലയിലെ കര്‍ഷകരെന്നാണ് സര്‍ക്കാര്‍ ഉത്തരവിലും സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലറിലുമുള്ളത്. ദുരന്തനിവാരണ അതോറിറ്റിയാണ് പ്രളയബാധിത മായ വില്ലേജുകള്‍ ഏതൊക്കെയാണ് നിര്‍ണയിച്ചത്. ഈ വില്ലേജുകളിലെ എല്ലാവര്‍ക്കും പ്രളയത്തില്‍ നാശമുണ്ടായിട്ടില്ല. ഇവര്‍പോലും സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ എടുത്തവായ്പ തിരിച്ചടക്കാത്ത സ്ഥിതിയുള്ളതാണ് ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നത്.

കേരളബാങ്ക് രൂപീകരണത്തിനായി 14 ജില്ലാസഹകരണ ബാങ്കുകളെയാണ് സംസ്ഥാനസഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നത്. ഇത് സാധ്യമാകണമെങ്കില്‍ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി അഞ്ചുശതമാനമാകണം. ഇപ്പോള്‍ 10മുതല്‍ 30ശതമാനംവരെയാണ് നിഷ്‌ക്രിയ ആസ്തി. ഇനി വായ്പാ തിരിച്ചടവ് മുടങ്ങുക കൂടി ചെയ്താല്‍ നിഷ്‌ക്രിയ ആസ്തി കുടും. ഇത് കേരളബാങ്ക് രൂപീകരണത്തെ പ്രതികൂലമായി ബാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News