മെഡിസെപ്പ് – സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഉൾപ്പെടുത്താനാകില്ലെന്ന് സർക്കാർ.
സംസ്ഥാന സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഉൾപ്പെടുത്താൻ നിലവിൽ സാധിക്കില്ലെന്ന് സർക്കാർ അറിയിച്ചു. വ്യവസ്ഥകൾക്ക് വിധേയമായി ഭാവിയിൽ പരിശോധിക്കാമെന്നും സർക്കാർ അറിയിച്ചു. സഹകരണ ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സഹകരണ ഫെഡറേഷൻ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന് മറുപടി നൽകവേയാണ് ഉൾപ്പെടുത്താൻ നിർവാഹമില്ലെന്നു രേഖാമൂലം അറിയിച്ചത്.
പദ്ധതി തുടങ്ങുന്ന തീയതി ഇതിനകം തന്നെ രണ്ടു തവണ മാറ്റിവച്ചിരുന്നു. ഇപ്പോഴും പദ്ധതി തുടങ്ങാൻ സർക്കാരിന് ആയിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്ത വർഷം മാത്രമേ മെഡിസെപ് പദ്ധതി പ്രായോഗികതലത്തിൽ കൊണ്ടുവരാൻ സർക്കാരിനാകൂ. എന്തായാലും പ്രതീക്ഷകൾക്ക് വിരാമമിട്ടുകൊണ്ട് സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ പദ്ധതിയിൽ ഉണ്ടാകില്ലെന്ന് സർക്കാർ അസന്നിഗ്ധമായി പ്രഖ്യാപിച്ചു.