മാസായ് വനിതകള്‍ മുന്നേറുന്നു

[mbzauthor]

(2020 ജൂലായ് ലക്കം)

 

അഞ്ജു വി.ആര്‍.

ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ സ്ത്രീശാക്തീകരണത്തിനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്നാണ് സഹകരണ സംഘങ്ങള്‍. കെനിയയില്‍ നൂറ്റാണ്ടുകളായി പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന മാസായ് സമുദായത്തിലെ സ്ത്രീകള്‍ സഹകരണ പാതയിലൂടെ പുതുവെളിച്ചത്തിലേക്ക് കടക്കുകയാണ്.

ഹകരണത്തിന്റെ സംഘശക്തിയില്‍ മുന്നേറുന്ന ആഫ്രിക്കന്‍ വനിതകളുടെ അനുഭവങ്ങള്‍ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നു. കെനിയയിലെ മാസായ് സമൂഹത്തില്‍ വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച സഹകരണ സംഘങ്ങള്‍ ഒട്ടേറെ പരിമിതികള്‍ക്കിടയിലും മുന്നോട്ട് കുതിക്കുന്നു എന്നത് നല്ല വാര്‍ത്തയാണ.്

സഹകരണ പ്രസ്ഥാനത്തിന് നല്ല വേരോട്ടമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നാണ് കെനിയ. ഇവിടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 43 ശതമാനവും സഹകരണ മേഖലയില്‍ നിന്നാണ്. ബ്രിട്ടീഷാധിപത്യത്തില്‍ നിന്ന് 1963 ല്‍ സ്വാതന്ത്ര്യം നേടുമ്പോള്‍ കെനിയയിലെ സഹകരണ സ്ഥാപനങ്ങളുടെ എണ്ണം കേവലം 665 മാത്രമായിരുന്നു. 1982 ല്‍ ഇത് 2652 ആയി. 2012 ലെ കണക്കനുസരിച്ച് 14,000 സഹകരണ സ്ഥാപനങ്ങളുണ്ട്. മൂന്നു ലക്ഷത്തിലധികം നാട്ടുകാര്‍ക്ക് സഹകരണ മേഖല ജോലി നല്‍കുന്നു. ഇതിനു പുറമേ, ലക്ഷക്കണക്കിനാളുകള്‍ സ്വയം തൊഴിലിനുള്ള അവസരവും പ്രയോജനപ്പെടുത്തുന്നു. കിഴക്കനാഫ്രിക്കന്‍ രാജ്യമായ കെനിയയുടെ ജനസംഖ്യ 2018 ലെ കണക്കനുസരിച്ച് 5.14 കോടിയാണ്. ഇവരില്‍ 56 ശതമാനവും ദാരിദ്ര്യ രേഖയ്ക്കു താഴെയാണ്.

യുവത്വം പ്രസരിക്കുന്ന രാജ്യമാണ് കെനിയ. മൊത്തം ജനസംഖ്യയുടെ 73 ശതമാനവും മുപ്പതില്‍ത്താഴെ പ്രായമുള്ളവര്‍. മുതിര്‍ന്ന ആളുകളില്‍ 38.5 ശതമാനവും നിരക്ഷരരാണ്. പ്രാദേശിക വിഭവങ്ങളുപയോഗിച്ച് സാമൂഹിക, സാമ്പത്തികശേഷി കൈവരിക്കുക എന്നതാണ് ഇവിടെ സഹകരണം കൊണ്ട് ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം കെനിയയുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. സഹാറനാഫ്രിക്കയില്‍ ശക്തമായ സമ്പദ് വ്യവസ്ഥയില്‍ നൈജീരിയക്കും ദക്ഷിണാഫ്രിക്കക്കും പിറകെ മൂന്നാം സ്ഥാനത്തുണ്ട് കെനിയ. അതേസമയം, സഹകരണ സംഘശക്തിയില്‍ ഈ രാജ്യം ആഫ്രിക്കയില്‍ ഒന്നാമതാണ്.

രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ക്ഷീരോല്‍പ്പന്നങ്ങളുടെ സംഭാവന മൂന്നു ശതമാനമാണ്. കാര്‍ഷിക തൊഴില്‍ മേഖലയിലെ പകുതിയാളുകള്‍ക്ക് ജോലി കൊടുക്കുന്നതും ക്ഷീരമേഖലയാണ്. കെനിയയില്‍ മൊത്തം 12 ലക്ഷം മാത്രം ജനസംഖ്യയുള്ള മാസായ് സമുദായം ഇപ്പോള്‍ തങ്ങളുടെ വളര്‍ച്ചക്ക് ആശ്രയിച്ചിരിക്കുന്നത് സഹകരണത്തിന്റെ പാതയാണ്. മാസായ് വനിതകള്‍ മാത്രം ചേര്‍ന്ന് സഹകരണ മേഖലയില്‍ ഒരു ക്ഷീരോല്‍പ്പാദന ശാല സ്ഥാപിച്ചുകൊണ്ട് അദ്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്.

പരസ്പര സഹായത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്തമ മാതൃകയാണ് മാസായ് ഗോത്ര സമൂഹം. സഹജീവി സ്നേഹവും മാനവികതയും എങ്ങനെ പ്രകടിപ്പിക്കണമെന്ന് പരിഷ്‌കൃത സമൂഹത്തിന് ഇവര്‍ കാട്ടിക്കൊടുക്കുന്നു. മാസായ് സമുദായക്കാര്‍ക്ക് വീടുണ്ടാക്കുക എന്നത് സ്വന്തം കാര്യമോ വേവലാതിയോ അല്ല. നാട്ടുകാരുടെ കാര്യമാണത്. എന്റെ വീട്, നിന്റെ വീട് എന്ന ഭേദചിന്തയില്ലാതെ എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഇവരുടെ വീടുകള്‍ ഉയരുന്നത്. വീടുപണി മാത്രമല്ല ഓരോ വ്യക്തിയുടെയും ജീവിതത്തിലുണ്ടാകുന്ന എല്ലാ സന്തോഷാവസരങ്ങളും ഇവര്‍ ഒരുമിച്ചാഘോഷിക്കുന്നു. മാസായ് എന്ന വാക്കിനര്‍ഥം എന്റെ ജനത എന്നാണ്.

പാല്‍ക്കച്ചവടക്കാര്‍

മാസായ് സമുദായത്തിന്റെ പ്രധാന വരുമാനമാര്‍ഗം പാലാണ്. വനിതകളാണ് പാല്‍ക്കച്ചവടം നടത്തുന്നത്. സമീപകാലത്തുണ്ടായ വരള്‍ച്ചയും ജലക്ഷാമവും പാല്‍ക്കച്ചവടത്തെ ബാധിച്ചു. വൈക്കോല്‍ കിട്ടാനില്ലാതായി. ഈ പ്രതിസന്ധികള്‍ക്കിടയിലും മാസായ് വനിതകള്‍ പ്രതീക്ഷ കൈവിട്ടില്ല. സഹകരണ സംഘങ്ങള്‍ രൂപവത്കരിച്ച് അവര്‍ വരുമാനത്തിനുള്ള വക നിലനിര്‍ത്താന്‍ ശ്രമിച്ചു. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ടെക്‌നോ സര്‍വ് എന്ന സംഘടനയാണ് ഇതിനവരെ പ്രാപ്തരാക്കിയത്. സംഘങ്ങളില്‍ പാലളന്നുകൊടുത്ത് അവര്‍ ഇടനിലക്കാരുടെ ചൂഷണങ്ങളില്‍ നിന്നു മുക്തരായി.

2003 ല്‍ കജിയാഡോ പ്രദേശത്താണ് മാസായ് വനിതകള്‍ സംഘം ചേര്‍ന്ന് ഒരു ബിസിനസ് ഗ്രൂപ്പുണ്ടാക്കിയത്. അംഗങ്ങളില്‍ നിന്നുള്ള പാല്‍ ശേഖരിച്ച് ഇവര്‍ സമീപത്തെ പട്ടണങ്ങളില്‍ നേരിട്ടു വില്‍ക്കാന്‍ തുടങ്ങി. തുടക്കത്തില്‍ വലിയ മുന്നേറ്റമൊന്നും നടത്താനായില്ലെങ്കിലും ടെക്‌നോ സര്‍വിന്റെ കടന്നുവരവോടെ നില മെച്ചപ്പെടാന്‍ തുടങ്ങി. 2011 ല്‍ മാസായ് വിമന്‍ ഡെയറി സഹകരണാടിസ്ഥാനത്തില്‍ സ്ഥാപിച്ചു. കൂട്ടായി പാല്‍ സംഭരിച്ച് പുതിയ വിപണി കണ്ടെത്തിയതോടെ മാസായ് വനിതകളുടെ വരുമാനം വര്‍ധിച്ചു. കുടുംബങ്ങളുടെ സാമ്പത്തികനില മെച്ചപ്പെട്ടു. സമുദായത്തില്‍ തീരുമാനമെടുക്കുന്നതില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടി. നാലായിരം സജീവാംഗങ്ങള്‍ സംഘത്തിലുണ്ട്. രണ്ടു കൊല്ലംകൊണ്ട് സംഘത്തിന്റെ വില്‍പ്പന നാലിരട്ടിയായി.

സ്ഥിര വരുമാനത്തിനായുള്ള മാസായ് ജനതയുടെ പോരാട്ടത്തില്‍ എന്നും വില്ലനായി നിന്നത് ജലക്ഷാമമായിരുന്നു. ഇവിടെ വരള്‍ച്ച ആറു മാസംവരെ നീണ്ടുനില്‍ക്കും. നിത്യേന 10-15 ലിറ്റര്‍ പാല്‍ നല്‍കുന്ന പശുക്കള്‍ വരള്‍ച്ചക്കാലത്ത് ഉണങ്ങി മെലിയും. ഒരു ലിറ്റര്‍ പാല്‍ പോലും അപ്പോള്‍ കിട്ടില്ല. ഓരോ വീട്ടിലും രണ്ടു പശുക്കളെങ്കിലും ഇക്കാലത്ത് ചാവും. പല മാസായ് കുടുംബങ്ങളും തങ്ങളുടെ ഭൂമിയും പാല്‍ക്കച്ചവടവും ഉപേക്ഷിച്ച് നാടുവിടും.

ചെലവു കുറഞ്ഞ നൂതന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മാസായ് പ്രദേശങ്ങളിലെ ജലസ്രോതസ്സുകള്‍ വരള്‍ച്ചക്കാലത്ത് നിലനിര്‍ത്താനും ടെക്‌നോ സര്‍വ് സഹായിച്ചു. മഴവെള്ളം പിടിച്ചു നിര്‍ത്താനായി രാജസ്ഥാന്‍ മരുഭൂമിയില്‍ പ്രയോഗിച്ചു വിജയിച്ച കൃത്രിമത്തടാക നിര്‍മാണം ഇവിടെയും നടപ്പാക്കി. അണക്കെട്ടു നിര്‍മാണത്തില്‍ തദ്ദേശീയരായ ചെറുപ്പക്കാര്‍ക്ക് ടെക്‌നോ സര്‍വ് പരിശീലനം നല്‍കി. അതുവഴി ധാരാളം കര്‍ഷകര്‍ക്ക് തൊഴില്‍ നല്‍കാനും കഴിഞ്ഞു. സ്ഥിരമായി വെള്ളം കിട്ടിത്തുടങ്ങിയതോടെ മാസായ് ക്ഷീര സഹകരണ സംഘത്തിന്റെ വരുമാനവും മെച്ചപ്പെടാന്‍ തുടങ്ങി.

ടെക്‌നോ സര്‍വ്

മാസായ് വനിതകളുടെ സഹായത്തിനെത്തിയ ടെക്‌നോ സര്‍വ് എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകന്‍ എഡ് ബുള്ളാര്‍ഡ് എന്ന അമേരിക്കന്‍ ബിസിനസ്സുകാരനാണ്. വിപണന സാധ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറി വികസ്വര രാജ്യങ്ങളിലെ പാവപ്പെട്ടവരെ ദാരിദ്ര്യത്തില്‍ നിന്നു മോചിപ്പിക്കുക എന്നതാണ് 1968 ല്‍ രൂപം കൊണ്ട ഈ സംഘടനയുടെ ലക്ഷ്യം. മനുഷ്യരാശിയെ സേവിക്കാന്‍ സാങ്കേതികവിദ്യ എന്നതിന്റെ ചുരുക്കമാണ് ടെക്‌നോ സര്‍വ്. ആഫ്രിക്ക, ലാറ്റിനമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ നാല്‍പ്പതിലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

ഒഡുപ ഡെയറി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയരക്ടര്‍ ജൂലി കൊയ്കായ്.

തൈരുണ്ടാക്കുന്ന സൊസൈറ്റി

മാസായ് സമൂഹത്തില്‍ പശുവിന്റെ ഉടമാവകാശം പുരുഷനാണ്. എങ്കിലും, പശുവിനെ പരിപാലിക്കുന്നതും പാല്‍ കറക്കുന്നതും വില്‍ക്കുന്നതുമൊക്കെ സ്ത്രീകളാണ്. അതിലൊന്നും കൈയിടാനുള്ള അധികാരം പുരുഷനില്ല. ഈയൊരവസ്ഥ പ്രയോജനപ്പെടുത്തിയാണ് ജൂലിയ കൊയ്കായ് എന്ന പ്രൈമറി സ്‌കൂള്‍ അധ്യാപിക ഏതാനും മാസായ് വനിതകളെ ഒരുമിച്ചു ചേര്‍ത്ത് ഒരു സഹകരണ സംഘമുണ്ടാക്കി തൈര് നിര്‍മാണം തുടങ്ങിയത്. ദഹന പ്രക്രിയയെ സഹായിക്കുന്ന ഗുണമേന്മയുള്ള ഈ തൈരിന് രാജ്യത്തിനകത്തും പുറത്തും ഇന്നു ഡിമാന്റാണ്.

തന്റെ പ്രദേശമായ നാരോക്കിലെ ഒലോലുലുങ്ങിലാണ് 2017 ല്‍ ജൂലിയ സൊസൈറ്റിക്ക് രൂപം നല്‍കിയത്. 20 അംഗങ്ങളുമായിട്ടായിരുന്നു തുടക്കം. കെനിയന്‍ സര്‍ക്കാരും സംഘത്തിന് പിന്തുണയും സഹായവും നല്‍കാന്‍ മുന്നോട്ടുവന്നു. 5000 ലിറ്റര്‍ പാല്‍ സംഭരിക്കാനാവശ്യമായ ഒരു കൂളര്‍ സര്‍ക്കാര്‍ സംഭാവന ചെയ്തു. സംഘാംഗങ്ങള്‍ തന്നെ തൈരിന്റെ പ്രചാരകരായി. പള്ളികളിലും അങ്ങാടികളിലും ചെന്ന് അവര്‍ ലഘുലേഖകളും തൈരിന്റെ സൗജന്യ സാമ്പിളും വിതരണം ചെയ്തു. സംഘാംഗങ്ങളുടെ ഭര്‍ത്താക്കന്മാരും വെറുതെയിരുന്നില്ല. ഉല്‍പ്പന്നം അങ്ങാടികളില്‍ കൊണ്ടുപോകാന്‍ അവര്‍ ഒരു വാന്‍ വാങ്ങി സൊസൈറ്റിക്ക് നല്‍കി. ഇപ്പോള്‍ സംഘത്തില്‍ 60 അംഗങ്ങളുണ്ട്. ഇവരില്‍ നാല്‍പ്പതും സ്ത്രീകളാണ്. സംഘത്തില്‍ അംഗങ്ങളായ യുവാക്കളാണ് സോഷ്യല്‍ മീഡിയയില്‍ തൈര്‍ ബ്രാന്‍ഡിന്റെ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നത്. സംഘത്തിന്റെ മാര്‍ക്കറ്റിങ് ഡയരക്ടര്‍ ഡാനിയല്‍ കിപ്ലോഷാണ്. വനിതകളുടെ പ്രവര്‍ത്തനത്തില്‍ മതിപ്പു തോന്നിയാണ് ഇദ്ദേഹം സംഘത്തില്‍ അംഗമായത്. ഒരുപാട് നേതാക്കളും വനിതാ ഗ്രൂപ്പുകളും പ്രവര്‍ത്തനരീതി പഠിക്കാന്‍ ഈ സംഘം സന്ദര്‍ശിക്കാറുണ്ട്. നരോക്കിലെ സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച മാതൃകയാണ് ഈ സംഘമെന്ന് ഡാനിയല്‍ അഭിപ്രായപ്പെടുന്നു.

മാസായ് വനിതകള്‍ തൈരുമായി

കെനിയ ബ്യൂറോ ഓഫ് സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ സര്‍ട്ടിഫിക്കേഷന്‍ കിട്ടിയതോടെ ഒഡുപ പ്രോബയോട്ടിക് യോഗര്‍ട്ട് ബ്രാന്‍ഡ് മാര്‍ക്കറ്റില്‍ ഹിറ്റായിരിക്കയാണ്. കടകളിലും സ്‌കൂളുകളിലും ഹോട്ടലുകളിലും ആശുപത്രികളിലും ഇപ്പോള്‍ നല്ല വില്‍പ്പനയാണ്. കോവിഡ് കാലം കഴിഞ്ഞിട്ടുവേണം മാര്‍ക്കറ്റ് വിപുലപ്പെടുത്താനെന്നു ജൂലിയ പറയുന്നു. ഈ സംഘത്തിന്റെ പ്രവര്‍ത്തനം യൂറോപ്യന്‍ യൂനിയന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. വ്യാപാരം മെച്ചപ്പെടുത്താനുള്ള സഹായധനം ഏതെങ്കിലും അന്താരാഷ്ട്ര ഏജന്‍സിയില്‍ നിന്നു കിട്ടുമെന്ന പ്രതീക്ഷയിലാണ് ജൂലിയ.

മാസായ് അസോസിയേഷന്‍

പതിനാറു ഗോത്ര വിഭാഗങ്ങള്‍ ചേര്‍ന്നാണ് മാസായ് സമൂഹം രൂപം കൊണ്ടിരിക്കുന്നത്. ( ടാന്‍സാനിയയിലുമുണ്ട് മാസായ് ഗോത്രക്കാര്‍. അവിടെ ഇവരുടെ ജനസംഖ്യ ഏതാണ്ട് എട്ടു ലക്ഷം വരും ). 2001 ല്‍ മാസായ് അസോസിയേഷന്‍ രൂപവത്കരിച്ചുകൊണ്ട് കകുത ഓലെ മൈമൈ ഹാമിസിയാണ് കെനിയയില്‍ മാസായ് വംശജരുടെ കൂട്ടായ്മക്ക് തുടക്കമിട്ടത്. അമേരിക്കയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും സുസ്ഥിര വികസനത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ഹാമിസി സമുദായത്തെ സേവിക്കാനായി ജന്മഗ്രാമമായ മെറുഷിയില്‍ തിരിച്ചെത്തുകയായിരുന്നു. നാട്ടുകാരുടെ പ്രതീക്ഷയായിരുന്നു ഹാമിസി. തങ്ങളുടെ ആടുകളെയും പശുക്കളെയും വിറ്റാണ് നാട്ടുകാര്‍ ഹാമിസിയുടെ പഠനാവശ്യങ്ങള്‍ക്ക് പണമെത്തിച്ചിരുന്നത്.

മെറുഷിയില്‍ ആദ്യത്തെ പ്രൈമറി സ്‌കൂളും ഹൈസ്‌കൂളും ഹെല്‍ത്ത് സെന്ററും വൊക്കേഷണല്‍ ട്രെയിനിങ്് സ്‌കൂളും ആരംഭിച്ചത് ഹാമിസിയാണ്. ശുദ്ധജലത്തിനായി 10 കിലോമീറ്റര്‍ പൈപ്പ്ലൈനും അദ്ദേഹം സ്ഥാപിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക വികസനം എന്നിവയിലൂടെ മാസായ് ജനങ്ങളെ ശാക്തീകരിക്കാനാണ് അദ്ദേഹം ജീവിതം മാറ്റിവെച്ചിരിക്കുന്നത്. മാസായികളുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം അവരുടെ ജീവിതരീതിയെ ആധുനിക ലോകവുമായി സമന്വയിപ്പിക്കാനും അദ്ദേഹം പരിശ്രമിച്ചു.

മാസായ് അസോസിയേഷന്റെ ധനസഹായത്തോടെയുള്ള പദ്ധതിയാണ് മാസായ് കള്‍ച്ചറല്‍ ഹെറിറ്റേജ് സെന്റര്‍. മെറൂഷി ഗ്രാമത്തിലെ വനിതാ കരകൗശലത്തൊഴിലാളികളുടെ ഉന്നമനമാണ് ഈ സെന്ററിലൂടെ ലക്ഷ്യമിടുന്നത്. സെന്ററിനു കീഴില്‍ ഒരു വനിതാ സഹകരണ സംഘവും കരകൗശല വസ്തുക്കളുടെ കടയും വൈവിധ്യമാര്‍ന്ന ആഫ്രിക്കന്‍ വിഭവങ്ങള്‍ കിട്ടുന്ന റെസ്റ്റോറന്റും പ്രവര്‍ത്തിക്കുന്നു. തങ്ങളുടെ സാംസ്‌കാരിക പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ സുസ്ഥിര സാമൂഹിക, സാമ്പത്തിക വികസനം മാസായ് മേഖലയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന് കള്‍ച്ചറല്‍ ഹെറിറ്റേജ് സെന്ററിന്റെ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു.

മാസായ് സ്ത്രീകള്‍ മുത്തുകള്‍ കൊണ്ടുണ്ടാക്കുന്ന കൗതുക വസ്തുക്കളുടെ വില്‍പ്പനയാണ് സഹകരണ സംഘത്തിന്റെ പ്രധാന വരുമാനമാര്‍ഗം. മാസായ് പുതപ്പുകള്‍, ടി ഷര്‍ട്ടുകള്‍, കിക്കോയ് തുണി, കൈകൊണ്ടുണ്ടാക്കുന്ന കുട്ട, ചെരുപ്പ് തുടങ്ങിയവയും ഇവിടെ വില്‍പ്പനക്കുണ്ട്.

മെറുഷി വനിതാ സംഘം

സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന ഏതാനും മാസായ് വനിതകളാണ് മെറുഷി ഗ്രാമത്തില്‍ വനിതാ സഹകരണ സംഘം രൂപവത്കരിച്ചത്. വിവാഹിതരായ സ്ത്രീകളും വിധവകളും അടങ്ങുന്നതാണ് ഈ സംഘം. മാസായ് സ്ത്രീകള്‍ക്കിടയിലെ ദാരിദ്ര്യവും സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക വെല്ലുവിളികളും നേരിടുക എന്നത് മെറുഷി വനിതാ സഹകരണ സംഘത്തിന്റെ ദീര്‍ഘകാല ലക്ഷ്യമാണ്. ഈ ലക്ഷ്യത്തിനുവേണ്ടി സംഘം നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം :

ചെറുകിട ബിസിനസുകള്‍ ആരംഭിക്കാന്‍ സഹായിക്കുക
ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വില്‍ക്കുക
കന്നുകാലികളെ വാങ്ങുകയും പരിപാലിക്കുകയും ചെയ്യുക
സ്ത്രീകളില്‍ നിക്ഷേപശീലം പ്രോത്സാഹിപ്പിക്കുക
സംഘത്തിലെ അംഗങ്ങള്‍ക്ക് സാമ്പത്തികവും സാമൂഹികവുമായ പിന്തുണ നല്‍കുക
ഭാവിയെ ബാധിക്കുന്ന കാര്യങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുകയും തീരുമാനമെടുക്കുകയും ചെയ്യുക
പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കുക
കുട്ടികളെ ധാര്‍മിക മൂല്യങ്ങള്‍ പഠിപ്പിക്കുക
പ്രദേശത്തെ സ്ത്രീകളുടെ ആരോഗ്യം ഉറപ്പുവരുത്തുക

[mbzshare]

Leave a Reply

Your email address will not be published.