മാവേലിസ്‌റ്റോറില്ലാത്ത പഞ്ചായത്തുകളിലും സിവില്‍സപ്ലൈസിന്റെ ഓണച്ചന്ത
കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ ഓണച്ചന്തകള്‍ തുറക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ തീരുമാനം. കഴിഞ്ഞതവണ സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ 1476 ഓണച്ചന്തകളാണ് ഉണ്ടായിരുന്നത്. ഇത്തവണ 1662 ഓണച്ചന്തകളൊരുക്കും. മാവേലി സ്‌റ്റോറുകളില്ലാത്ത 27 പഞ്ചായത്തുകളിലും പ്രത്യേകം ഓണച്ചന്തകള്‍ ഒരുക്കും. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമെത്തിയ രണ്ട് ഓണത്തിനും കേരളീയര്‍ക്ക് മിതമായ വിലയില്‍ ഓണമാഘോഷിക്കാനുള്ള സാഹചര്യമുണ്ടാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞുവെന്ന് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. ഇത്തവണയും വിപണിയില്‍ ശക്തമായി ഇടപെട്ട് വിലക്കയറ്റമുണ്ടാകാതെയും അവശ്യസാധനങ്ങള്‍ യഥേഷ്ടം എത്തിച്ചും ഓണം സന്തോഷപ്രദമാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
പതിനാല് ജില്ലാ കേന്ദ്രങ്ങളിലും വിപുലമായ ഓണച്ചന്തകള്‍ ഒരുങ്ങി വരികയാണ്. അവശ്യ സാധനങ്ങള്‍, പ്രത്യേകിച്ച് പലവ്യഞ്ജനങ്ങളും പച്ചക്കറികളും ന്യായ വിലയ്ക്ക് ഇവിടെ ലഭിക്കും. ഹാന്‍ടെക്‌സ്, ഹാന്‍വീവ്, മത്സ്യഫെഡ്, മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ, കയര്‍ഫെഡ്, വനശ്രീ, വ്യവസായവകുപ്പിന്‍ കീഴിലുള്ള മറ്റു സ്ഥാപനങ്ങള്‍, വനിതാ വികസന കോര്‍പ്പറേഷന്‍, കുടുംബശ്രീ ഉള്‍പ്പെടെ എല്ലാ വകുപ്പുകളുടെയും പിന്തുണയോടെ വിപുലമായാണ് ജില്ലാ കേന്ദ്രങ്ങളിലെ ഓണച്ചന്തകള്‍ ഒരുങ്ങുന്നത്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനു പുറമേ കണ്‍സ്യൂമര്‍ഫെഡ്, ഹോര്‍ട്ടികോര്‍പ്, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ തുടങ്ങി ആയിരത്തിലേറെ പൊതു വിപണന കേന്ദ്രങ്ങളും മേളകളുടെ ഭാഗമാകും. മേളകളില്‍ കുടുംബമായെത്തുന്നവര്‍ക്കായി ഫുഡ് കോര്‍ട്ടുകള്‍, പായസമേള എന്നിവ ഒരുക്കും.
നിലവില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ 14 ഇനം ഉത്പന്നങ്ങള്‍ക്കാണ് സബ്‌സിഡി നല്‍കുന്നത്. ഇതു കൂടാതെ ബക്രീദ് ആഘോഷത്തിനാവശ്യമായ ബിരിയാണി അരി ഉള്‍പപ്പെടെയുള്ള ഉത്പന്നങ്ങളും സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കും. സബ്‌സിഡി ഉത്പന്നങ്ങള്‍ക്കു പുറമേ നോണ്‍ സബ്‌സിഡി ഉത്പന്നങ്ങളും ശബരി ഉത്പന്നങ്ങളും ലഭിക്കും. പ്രത്യേക ഓണം ഫെയറുകള്‍ ഒഴികെയുള്ള സപ്ലൈകോ വില്പനശാലകളില്‍ ഓണം സമ്മാന മഴ പദ്ധതി നടപ്പിലാക്കും. ഇതുപ്രകാരം, ഒരു ശബരി ഉത്പന്നം ഉല്‍പ്പെടെ 1500 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങുന്ന ഓരോ ഉപഭോക്താവിനും ഒരു ഗിഫ്റ്റ് കൂപ്പണ്‍ നല്‍കും. തുടര്‍ന്ന് 1000 രൂപയുടെ ഓരോ അധിക പര്‍ച്ചേസിനും അധിക ഗിഫ്റ്റ് കൂപ്പണിന് അര്‍ഹതയുണ്ടാകും. ഈ കൂപ്പണുകളുടെ നറുക്കെടുപ്പില്‍ ജേതാവാകുന്ന ഉപഭോക്താക്കളില്‍ ഒരാള്‍ക്ക് ഒന്നാം സമ്മാനമായി 5 പവന്‍ സ്വര്‍ണവും രണ്ടാം സമ്മാനമായി രണ്ട് പേര്‍ക്ക് രണ്ട് പവന്‍ സ്വര്‍ണവും മൂന്നാം സമ്മാനമായി മൂന്നുപേര്‍ക്ക് ഒരുപവന്‍ സ്വര്‍ണവും ലഭിക്കും.
ജില്ലാ ഓണം ഫെയറുകളില്‍ നിന്ന് 2000 രൂപയുടെയെങ്കിലും സാധനം വാങ്ങുന്നവര്‍ക്ക് നൂറു രൂപ വിലയുള്ള ഒരു സമ്മാനം ഉറപ്പായും ലഭിക്കും. ഓണം ഫെയറുകളില്‍ ദൈനംദിന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ചുരുങ്ങിയത് 1000 രൂപയുടെ സമ്മാനം ഓരോ ദിവസവും രണ്ടുപേര്‍ക്ക് നല്‍കും. ഒരു കുടുംബത്തിന് ഓണക്കാലത്ത് ആവശ്യമുള്ള 18 ഇനം അവശ്യസാധനങ്ങളുള്‍പ്പെടുത്തി ഒരു സ്‌പെഷ്യല്‍ ഓണം കിറ്റ് സപ്ലൈകോ വിഭാവനം ചെയ്തിട്ടുണ്ട്. ഈ ഇനങ്ങളുടെ പൊതുവിപണിവില, വില്പന വില എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ 200 രൂപയുടെ കിഴിവ് ഉപഭോക്താവിന് ലഭിക്കും. സപ്ലൈകോയുടെ ആയിരം രൂപ, രണ്ടായിരം രൂപ വിലയുള്ള രണ്ടുതരം ഗിഫ്റ്റ് വൗച്ചറുകളുപയോഗിച്ച് ഏത് ഔട്ട്‌ലെറ്റില്‍നിന്നും മുഴുവന്‍ തുകയ്ക്കുമുള്ള ഉത്പന്നങ്ങള്‍ വാങ്ങാം.
സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് മുന്‍ഗണനാ, എ.എ.വൈ വിഭാഗങ്ങള്‍ക്ക് സൗജന്യമായി ഓണക്കിറ്റ് വിതരണം ചെയ്യുന്ന പദ്ധതിയും സപ്ലൈകോ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. റേഷന്‍ കടകള്‍വഴി മുന്‍ഗണന മുന്‍ഗണനേതര വ്യത്യാസമില്ലാതെ എല്ലാ കാര്‍ഡുടമകള്‍ക്കും 22രൂപ നിരക്കില്‍ ഒരുകിലോ പഞ്ചസാര നല്‍കും. എഎവൈ കാര്‍ഡുടമകള്‍ക്ക് എല്ലാ മാസവും ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കില്‍ നല്‍കും.
[mbzshare]