മാലിന്യ മുക്ത കേരളത്തിനും സഹകരണം; വകുപ്പില്‍ നോഡല്‍ ഓഫീസറെ നിയമിച്ചു

moonamvazhi

2024 മാര്‍ച്ചോടെ കേരള സംസ്ഥാനം മാലിന്യ മുക്തമാക്കാനുള്ള സര്‍ക്കാര്‍ ദൗത്യത്തില്‍ സഹകരണ വകുപ്പും പങ്കാളിയായി. ഇതിനായി, സഹകരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയെ പ്രത്യേകം നോഡല്‍ ഓഫീസറെ നിയമിച്ചു. സര്‍ക്കാരിന് കീഴിലുള്ള എല്ലാവകുപ്പുകള്‍, മിഷനുകള്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ, ഒരോ വകുപ്പും നോഡല്‍ ഓഫീസര്‍മാരെ നിശ്ചയിക്കണമെന്ന് കാണിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് കത്ത് നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹകരണ വകുപ്പിന്റെ തീരുമാനം.

2024 മാര്‍ച്ച് 30നുള്ളില്‍ പൂര്‍ണമായും ഡിജിറ്റല്‍ ട്രാക്കിങ് സംവിധാനത്തോടെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാലിന്യ സംസ്‌കരണ സംവിധാനം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. നിലവിലുള്ള വലുതും ചെറുതുമായ എല്ലാ മാലിന്യക്കൂനകളും വൃത്തിയാക്കി മാലിന്യമുക്തം എന്ന പ്രഖ്യാപനം നടത്തണം. ഈ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എല്ലാ വകുപ്പുകളും പിന്തുണയും സഹായവും നല്‍കണം. മുഴുവന്‍ ഓഫിസുകളും മാലിന്യമുക്തമായ ഹരിത ഓഫിസുകളാക്കി മാറ്റണം. സംസ്ഥാനതലം മുതല്‍ സൂക്ഷ്മതലം വരെയുള്ള ഓഫീസ് സംവിധാനം മാലന്യമുക്തമാക്കണം.- ഇതാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

തദ്ദേശ സ്വയംഭരണ വകുപ്പാണ് ഈ ലക്ഷ്യത്തിനായി നേതൃത്വത്തില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പം പ്രാദേശിക തലത്തില്‍ സഹകരണ സംഘങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഒരു പഞ്ചായത്തില്‍ ശരാശരി 23 സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനപരിധിയുണ്ട്. തദ്ദേശ പദ്ധതികള്‍ സഹകരണ പങ്കാളിത്തതോടെ നടപ്പാക്കുകയെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനപോലും ഈ സഹകരണ സ്വാധീനമാണ്. ജനകീയ-സഹകരണ ക്യാമ്പയിന്‍ പഞ്ചായത്തുകള്‍ക്ക് ഉറപ്പാക്കാനാകുകയാണ് പ്രധാനം. മാലിന്യമുക്ത സംസ്ഥാനത്തിനായി ഇത്തരമൊരു പ്രചരണ-പ്രവര്‍ത്തന രീതിയിലേക്ക് സഹകരണ സംഘങ്ങളെ കൊണ്ടുവരാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

മുപ്പതിനായിരത്തിലധികം ഹരിതകര്‍മ സേനാംഗങ്ങള്‍ സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1,034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായാണ് ഇവരുടെ പ്രവര്‍ത്തനം. 53 ലക്ഷം വീടുകളില്‍ ഇവര്‍ മുഖേന സേവനം എത്തുന്നു. 12,676 മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളും 1,165 എംസിഎഫുകളും 173 റീജിയണല്‍ റെസിഡ്യുവല്‍ ഫെസിലിറ്റികളും പ്രവര്‍ത്തിക്കുന്നു. ഇവയ്‌ക്കൊപ്പം 3,800 ഓളം കമ്യൂണിറ്റി ഫെസിലിറ്റികളുമുണ്ട്. ഇവയിലൂടെ പ്രതിദിനം 173 ടണ്‍ ജൈവ മാലിന്യമാണ് സംസ്‌കരിക്കുന്നത്. 12.5 ലക്ഷത്തോളം ഉറവിട മാലിന്യ ഉപാധികള്‍ വീടുകളിലും സ്ഥാപനങ്ങളിലുമായുണ്ട്. ക്ലീന്‍ കേരള കമ്പനിയും ഹരിത സഹായ സ്ഥാപനങ്ങളും ബിസിനസ് ഏജന്‍സികളും ഇവയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്.

ക്ലീന്‍ കേരള കമ്പനി മുഖേന മാത്രം പ്രതിദിനം 800 ടണ്ണോളം പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു റീസൈക്ലിങ്ങിനു നല്‍കുന്നുണ്ട്. ശരാശരി 200 ടണ്‍ ഇ-മാലിന്യവും ശേഖരിക്കുന്നുണ്ട്. ഇത്തരത്തില്‍ 3,400 ടണ്ണോളം വിവിധ അജൈവ മാലിന്യങ്ങള്‍ പ്രതിമാസം ക്ലീന്‍ കേരള കമ്പനി മാത്രം ശേഖരിക്കുന്നുണ്ട്. മൂവായിരം ടണ്ണോളം അജൈവ മാലിന്യമാണ് സ്വകാര്യ ഏജന്‍സികള്‍ ശേഖരിക്കുന്നത്. ഇതിനെല്ലാം പുറമേ 13,000 സ്‌ക്രാപ്പ് ബിസിനസുകളും 140 റീസൈക്ലിങ് ഇന്‍ഡസ്ട്രികളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്ര വിപുലമായ പ്രവര്‍ത്തനമാണു കേരളത്തില്‍ മാലിന്യ സംസ്‌കരണ രംഗത്തു നടക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ഗ്രീന്‍ കേരള കമ്പനി, കുടുംബശ്രീ എന്നിവയെയെല്ലാം ഏകോപിപ്പിച്ചാണു മുന്നോട്ടുപോകുന്നത്. ഇതിനൊപ്പം, ബോധവല്‍ക്കണത്തിനായുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും, മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുമാണ് സഹകരണ സംഘങ്ങളുടെ പങ്കാളിത്തം പ്രധാനമായും ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News