മാനദണ്ഡങ്ങള്‍ ലംഘിച്ച ഗുജറാത്തിലെ അഞ്ചു അര്‍ബന്‍ ബാങ്കുകള്‍ക്ക് 14 ലക്ഷം രൂപ പിഴ
റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനു ഗുജറാത്തിലെ അഞ്ചു അര്‍ബന്‍ സഹകരണ ബാങ്കുകളെ മൊത്തം 14 ലക്ഷം രൂപ പിഴയടയ്ക്കാന്‍ ശിക്ഷിച്ചു. സൂറത്ത് നാഷണല്‍ സഹകരണ ബാങ്ക് സൂറത്ത്്, മഹിളാ സഹകരണ നാഗരിക് ബാങ്ക് ബറൂച്ച്, ഛാപ്പി നാഗരിക് സഹകാരി ബാങ്ക് ബനസ്‌കന്ദ, പീപ്പിള്‍സ് സഹകരണ ബാങ്ക് ധോല്‍ക്ക, വട്‌നാഗര്‍ നാഗരിക് സഹകാരി ബാങ്ക് വട്‌നാഗര്‍ എന്നിവയെയാണു ശിക്ഷിച്ചത്.
സൂറത്ത് ദേശീയ ബാങ്കിനു ആറു ലക്ഷം രൂപയാണു പിഴയിട്ടത്. മഹിളാ സഹകരണ ബാങ്കിനു രണ്ടു ലക്ഷം രൂപയും ഛാപ്പി നാഗരിക് ബാങ്കിനു ഒരു ലക്ഷം രൂപയും പീപ്പിള്‍സ് ബാങ്കിനു മൂന്നു ലക്ഷം രൂപയും വട്‌നാഗര്‍ ബാങ്കിനു രണ്ടു ലക്ഷം രൂപയുമാണു പിഴശിക്ഷ വിധിച്ചത്. 1949 ലെ ബാങ്കിങ് നിയന്ത്രണനിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരിലാണു സഹകരണ ബാങ്കുകള്‍ക്കെതിരായ നടപടി. ഈ മാസംതന്നെ ഏതാനും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് ഇത്തരത്തില്‍ ശിക്ഷാനടപടി കൈക്കൊണ്ടിരുന്നു.