മാതൃകാ ബാങ്ക് എന്ന പെരുമയില്‍ കതിരൂര്‍ സഹകരണ ബാങ്ക്
ജി.വി. രാകേശ്
(2020 മാർച്ച് ലക്കം)
പി.സി.സി. യില്‍ നിന്ന് റൂറല്‍ ബാങ്കായി
പ്രവര്‍ത്തനം തുടങ്ങിയ കതിരൂര്‍ സഹകരണ
ബാങ്കിന് ആറരപ്പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്.
മാതൃകാ ബാങ്ക് എന്ന ബഹുമതിക്കര്‍ഹമായിട്ടുള്ള
കതിരൂര്‍ ബാങ്കാണ് സഹകരണ മേഖലയില്‍
ആദ്യമായി കോര്‍ ബാങ്കിങ് സമ്പ്രദായം നടപ്പാക്കിയത്.
ഉത്തര മലബാറിലെ സഹകരണ ബാങ്കുകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് 64 വര്‍ഷം പിന്നിട്ട അപൂര്‍വ്വം ബാങ്കുകളില്‍ ഒന്നാണ് കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്. വെറും പണമിടപാട് മാത്രം നടത്തുന്ന ബാങ്കല്ല കതിരൂര്‍ ബാങ്ക്. സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും മികവ് തെളിയിച്ചവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുന്നു എന്നതാണ് ഈ ബാങ്കിന്റെ ഒരു പ്രത്യേകത. കൂടാതെ, ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍പ്പെട്ട ബീഡിത്തൊഴിലാളികളുടെ മിടുക്കരായ മക്കളുടെ വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പും എല്ലാ വര്‍ഷവും നല്‍കി വരുന്നു.
1940 കളില്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടാണ് ബാങ്കിന്റെ ആദ്യകാല പ്രവര്‍ത്തനം ആരംഭിക്കുന്നത്. ദാരിദ്ര്യവും ഭക്ഷണക്ഷാമവും രൂക്ഷമായിരുന്ന ആ കാലഘട്ടത്തില്‍ പൊതു ഭക്ഷ്യ സംസ്‌കരണ – വിതരണ സൊസൈറ്റിയായി ( പി.സി.സി. ) പ്രവര്‍ത്തനം ആരംഭിച്ചു. ആയ്യത്താന്‍ ചാത്തുക്കുട്ടിയുടെ നേതൃത്വത്തിലാണ് 1946 ല്‍ പി.സി.സി. ആരംഭിച്ചത്. 1956 ല്‍ റൂറല്‍ ബാങ്കായി മാറി. പിന്നീട് 1962 ല്‍ കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കായിത്തീര്‍ന്നു.
1977 ജൂണില്‍ ബാലറ്റിലൂടെയുള്ള തിരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യസമര സേനാനിയും സി.പി.എം. നേതാവുമായ കണ്ടാഞ്ചേരി കുഞ്ഞിരാമന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഭരണസമിതി നിലവില്‍ വന്നു. 1996 – 2019 വരെ കാരായി രാജന്‍ , കെ. ചന്ദ്രന്‍, കാരായി ബാലന്‍ എന്നിവര്‍ പ്രസിഡന്റുമാരായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ ശ്രീജിത്ത് ചോയന്‍ പ്രസിഡന്റായുള്ള ഭരണ സമിതിയാണ് ബാങ്കിന് നേതൃത്വം നല്‍കുന്നത്. എം. മോഹനനാണ് സെക്രട്ടറി. രാജക്കുറുപ്പ് കെ, വിനോദ് എ, സുരേഷ് കെ, കാട്യത്ത് പ്രകാശന്‍, അനീഷ് കുമാര്‍ കെ.പി, എ. വേണു, അനീഷ് കെ.കെ, നാരായണന്‍ ടി.വി, ഭാസ്‌കരന്‍ കെ, ബീന എ.വി, ശോഭ കെ, നഫീസത്തുല്‍ മിസരിയ എന്നിവരാണ് മറ്റു ഡയരക്ടര്‍മാര്‍.
‘
കതിരൂര്‍ ബാങ്കിന് വിവിധ സ്ഥലങ്ങളിലായി 11 ബ്രാഞ്ചുകളുണ്ട്. 1995 മുതല്‍ തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. ജില്ലാ സഹകരണ ബാങ്കിന്റെ ബെസ്റ്റ് പെര്‍ഫോര്‍മന്‍സ് അവാര്‍ഡ് തുടര്‍ച്ചയായി ലഭിച്ചുവരുന്നു. സംസ്ഥാന സര്‍ക്കാര്‍ 2009-ല്‍ കേരളത്തിലെ മോഡല്‍ ബാങ്കായി പ്രഖ്യാപിച്ചു. 2018 ല്‍ സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തനം നടത്തിയതിനുള്ള സഹകരണ അവാര്‍ഡും ലഭിച്ചു. 21 കോടി രൂപ ഓഹരി ബാക്കി നില്പും 310 കോടി രൂപ നിക്ഷേപവുമുണ്ട്. തുടര്‍ച്ചയായി വരുന്ന നിക്ഷേപ സമാഹരണങ്ങളിലെല്ലാം സര്‍ക്കിളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.
കോര്‍ബാങ്കിങ്ങില്‍ മുമ്പന്‍
2009 ല്‍ കേരളത്തില്‍ സഹകരണ മേഖലയില്‍ ആദ്യമായി കോര്‍ ബാങ്കിങ് സംവിധാനം നടപ്പാക്കിയത് കതിരൂര്‍ സഹകരണ ബാങ്കിലാണ്. കൂടാതെ, ഒരു എ.ടി.എം. സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യയിലെ സഹകരണ ബാങ്കുകളെക്കുറിച്ച് പഠിക്കാന്‍ 2008-09 ല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഠന സംഘം തിരഞ്ഞെടുത്ത ബാങ്കുകളിലൊന്ന് എന്ന ബഹുമതിയും കതിരൂര്‍ ബാങ്കിനുണ്ട്. ആര്‍.ബി.ഐ. അസി. ജനറല്‍ മാനേജര്‍ ഉള്‍പ്പെടുന്ന പഠന സംഘം ബാങ്ക് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് രേഖപ്പെടുത്തുകയുണ്ടായി. 2006 ലാണ് ബാങ്ക് ഹെഡ്ഡോഫീസ് കോംപ്ലക്്‌സ് കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയത്. മൂന്നൂറു പേര്‍ക്ക് ഇരിക്കാവുന്ന ഒരു മിനി ഓഡിറ്റോറിയവും രണ്ടാം നിലയില്‍ ആയിരം പേര്‍ക്ക് ഇരിക്കാവുന്ന വലിയ ഓഡിറ്റോറിയവുമുണ്ട്.
നല്ല പ്രവര്‍ത്തനം നടത്തിയതിന് ബാങ്കിന് സര്‍ക്കാരില്‍ നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും ധാരാളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 2017-18 ല്‍ വായ്പ കുടിശ്ശിക ഏറ്റവും കുറവുള്ള ബാങ്കിനുള്ള ബാങ്കിംഗ് ഫ്രോണ്ടിയേഴ്‌സ് ദേശീയ അവാര്‍ഡ്, കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ ബെസ്റ്റ് പെര്‍ഫോര്‍മന്‍സ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഐ.എസ്.ഒ. 9001 സര്‍ട്ടിഫിക്കറ്റിന് അര്‍ഹമായി.
ബാങ്കിന്റെ കീഴിലുള്ള ഹരിത ഫാര്‍മേഴ്‌സ് ക്ലബ്ബ് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. ഈ ക്ലബ്ബ് കര്‍ഷകര്‍ക്ക് ആവശ്യമായ വിത്തും വളവും വിതരണം ചെയ്യുന്നു. വിദഗ്ധരെ ഉള്‍പ്പെടുത്തി ക്ലാസുകളും സംഘടിപ്പിക്കുന്നു. വാഴക്കന്നുകള്‍, മാവിന്‍ തൈ മുതലായവ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാറുണ്ട്. നബാര്‍ഡിന്റെ ഏറ്റവും നല്ല ഫാര്‍മേഴ്‌സ് ക്ലബ്ബിനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്കാവശ്യമുള്ള വളങ്ങള്‍ക്കായി വിതരണ കേന്ദ്രവും ബാങ്കിനുണ്ട്.
ബാങ്കിന് ഒരു നീതി മെഡിക്കല്‍ സ്റ്റോറുണ്ട്. രോഗികള്‍ക്ക് മരുന്നുകള്‍ വീട്ടിലെത്തിച്ചു കൊടുക്കുകയും ചെയ്യും. മികച്ച ഒരു ലൈബ്രറിയും ബാങ്കിനുണ്ട്. ഒമ്പതിനായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി 2009 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 2014 ല്‍ സഹകരണ ബാങ്കുകളിലെ മികച്ച ലൈബ്രറിക്കുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. ബാങ്കിലെ മെമ്പര്‍മാര്‍, ഇടപാടുകാര്‍, ജീവനക്കാര്‍ എന്നിവര്‍ ലൈബ്രറിയിലെ വരിക്കാരാണ്. എല്ലാ വര്‍ഷവും ലാഭത്തില്‍ നിന്നു ഒരു തുക നീക്കിവെച്ചാണ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ വാങ്ങുന്നത്.
മിഷന്‍ സിയാബ
ബാങ്കിന്റെ മിഷന്‍ സിയാബ ( Co-operative Inclusion of all People in Banking Area )വളരെ സജീവമായി നടക്കുന്നു. ബാങ്കിന്റെ സേവനം പ്രവര്‍ത്തന പരിധിയിലെ മുഴുവന്‍ വീടുകളിലും എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി എല്ലാ വീടുകളില്‍ നിന്നും നിക്ഷേപവും മെമ്പര്‍ഷിപ്പും ചേര്‍ക്കുന്നതിനുവേണ്ടി 2019 ഒക്‌ടോബറില്‍ പൊതുസ്ഥാപനങ്ങളിലും ബ്രാഞ്ചുകളിലും ക്യാമ്പുകള്‍ നടത്തി. കതിരൂര്‍, എരഞ്ഞോളി, പിണറായി പഞ്ചായത്തുകളിലെ 25 വാര്‍ഡുകളിലും സമ്പൂര്‍ണ്ണ അക്കൗണ്ട്, മെമ്പര്‍ഷിപ്പ് പദ്ധതിയാണ് ബാങ്ക് വിഭാവനം ചെയ്തത്. ഇതിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനം വരുന്ന ഏപ്രിലില്‍ ആരംഭിക്കും. ആദ്യഘട്ട പ്രവര്‍ത്തനത്തില്‍ത്തന്നെ 1500 അക്കൗണ്ടുകള്‍ ആരംഭിച്ചു.
സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും അവാര്‍ഡ്
ബാങ്ക് സര്‍ഗ്ഗാത്മക മേഖലയിലും തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഉത്തര കേരളത്തിലെ പ്രശസ്ത കവിയും അദ്ധ്യാപകനുമായിരുന്ന വലിയ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ എന്ന വി.വി.കെ.യുടെ സ്മരണ നിലനിര്‍ത്തുന്നതിനായി 2008 ജൂലായ് 25 ന് സഹകരണ മേഖലയിലെ ആദ്യ സംരംഭമായ വി.വി.കെ. സ്മാരക ട്രസ്റ്റിനു രൂപം നല്കി. കാരായി രാജന്‍ ചെയര്‍മാനായും പ്രൊഫ.എം. മാധവന്‍ വൈസ് ചെയര്‍മാനായും പൊന്ന്യം ചന്ദ്രന്‍ കണ്‍വീനറായും അഡ്വ .കെ.കെ.രമേഷ് ജോയിന്റ് കവീനറായുമാണ് വി.വി.കെ. സ്മാരക ട്രസ്റ്റ് രൂപവത്ക്കരിച്ചത്.
വി.വി.കെ. സ്മാരക ട്രസ്റ്റ് അംഗമായിരുന്ന ഐ.വി. ദാസിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയതാണ് പത്രപ്രവര്‍ത്തനത്തിനുള്ള ഐ.വി.ദാസ് പുരസ്‌ക്കാരം. 25,000 രൂപയും പൊന്ന്യം ചന്ദ്രന്‍ വരച്ച പെയ്ന്റിങ്ങുമാണ് വി.വി.കെ., ഐ.വി.ദാസ് പുരസ്‌കാരങ്ങള്‍. 2009 ല്‍ പ്രഥമ വി.വി.കെ. അവാര്‍ഡ് സുകുമാര്‍ അഴീക്കോടില്‍ നിന്നു കവി കുരീപ്പുഴ ശ്രീകുമാറാണ് ഏറ്റുവാങ്ങിയത്. 2010-ല്‍ പിണറായി വിജയനില്‍ നിന്ന് കവി ഏഴാച്ചേരി രാമചന്ദ്രനും 2011-ല്‍ എം.ടി. വാസുദേവന്‍ നായരില്‍ നിന്ന് കവി പ്രഭാവര്‍മയും പുരസ്‌കാരം ഏറ്റുവാങ്ങി.
പ്രഥമ പത്രപ്രവര്‍ത്തന അവാര്‍ഡ് എന്‍. മാധവന്‍കുട്ടിക്കാണ് ലഭിച്ചത്. 2013-ല്‍ പിണറായി വിജയനില്‍ നിന്ന് മയ്യഴിയുടെ കഥാകാരന്‍ എം. മുകുന്ദന്‍ വി.വി.കെ. അവാര്‍ഡും ആര്‍.എസ്. ബാബു ഐ.വി.ദാസ് സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡും ഏറ്റുവാങ്ങി. 2014 ലെ വി.വി.കെ. അവാര്‍ഡ് നടന്‍ മധുപാലില്‍ നിന്ന് കഥാകൃത്ത് കെ.വി. അനൂപും ഐ.വി. ദാസ് അവാര്‍ഡ് എം.എ. ബേബിയില്‍ നിന്നു പി.എം. മനോജും സ്വീകരിച്ചു. 2017 ലെ വി. വി. കെ. പുരസ്‌കാരത്തിന് ടി. പത്മനാഭനും ഐ.വി. ദാസ് പുരസ്‌കാരത്തിന് ദേശാഭിമാനി തലശ്ശേരി ലേഖകന്‍ പി. ദിനേശനും അര്‍ഹരായി. 2018-ലെ വി. വി. കെ. പുരസ്‌കാരം കവി ദിവാകരന്‍ വിഷ്ണുമംഗലത്തിനായിരുന്നു. ഐ. വി. ദാസ് അവാര്‍ഡ് കൈരളി ടി. വി. ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.പി.ചന്ദ്രശേഖരനും ലഭിച്ചു.
പെട്രോള്‍ ബങ്ക് തുടങ്ങുന്നു
കതിരൂര്‍ ബാങ്കിന്റെ നേതൃത്വത്തില്‍ പെട്രോള്‍ ബങ്ക് തുടങ്ങാനായി 55 സെന്റ് സ്ഥലം വാങ്ങിക്കഴിഞ്ഞു. ഡയാലിസ് ഉള്‍പ്പടെയുള്ള മെഡിക്കല്‍ സെന്റര്‍, പുല്ലോടിയില്‍ കാര്‍ഷിക നേഴ്‌സറി, വനിത ജിംനേഷ്യം എന്നിവ തുടങ്ങാന്‍ പരിപാടിയുണ്ട്. നേന്ത്രക്കുലകളും മരച്ചീനിയും ശേഖരിച്ചുകൊണ്ട് ചിപ്‌സ് ഉണ്ടാക്കാനായി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിക്കും രൂപം നല്കുന്നുണ്ടെന്ന് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍ പറഞ്ഞു.
[mbzshare]