മാങ്കുളം ബാങ്കിന്റെ കാര്‍ഷിക, ടൂറിസം പദ്ധതി

ദീപ്തി വിപിന്‍ലാല്‍

ജൈവക്കൃഷി പിന്തുടരുന്ന മാങ്കുളത്തെ കര്‍ഷകര്‍ ആദ്യകാലത്ത്
വിത്തും വളവും വാങ്ങാന്‍ ഏറെ ബുദ്ധിമുട്ടനുഭവിച്ചിരുന്നു.
കൃഷി ജീവിതമാര്‍ഗമാക്കിയ മാങ്കുളത്തുകാരുടെ ഈ പ്രയാസം
പരിഹരിക്കാനാണു 1977 ല്‍ മാങ്കുളം സഹകരണ ബാങ്ക് രൂപം കൊണ്ടത്.
തുടക്കത്തില്‍ നൂറംഗങ്ങള്‍. ഇന്നിപ്പോള്‍ 25 കോടി രൂപ നിക്ഷേപമുള്ള
ബാങ്കില്‍ 7800 എ ക്ലാസ് അംഗങ്ങളുണ്ട്. മാങ്കുളം ബ്രാന്‍ഡ് പാഷന്‍ ഫ്രൂട്ട്
ഉല്‍പ്പന്നങ്ങള്‍ ഇന്നു വിപണിയിലെ പ്രിയതാരങ്ങളാണ്.

 

ഇടുക്കിയുടെ മടിത്തട്ടില്‍ മൂന്നാറിന്റെ പടിഞ്ഞാറു ഭാഗത്തു മഞ്ഞുപുതച്ചു കിടക്കുന്ന മാങ്കുളം. മലനിരകള്‍ക്കിടയില്‍, രാജമലയ്ക്കും തേയിലത്തോട്ടങ്ങള്‍ക്കുമിടയില്‍ പ്രകൃതി തീര്‍ത്ത വിസ്മയം. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണു മാങ്കുളം. ഈ മനോഹരഗ്രാമത്തെ പുറംലോകം അറിഞ്ഞുതുടങ്ങിയിട്ട് അധികകാലമായിട്ടില്ല. മാങ്കുളത്തിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ ഏറെയാണ്. സമ്പൂര്‍ണ ജൈവഗ്രാമം കൂടിയാണു മാങ്കുളം. കാര്‍ഷികവിഭവങ്ങളില്‍ ഏതാണ്ട് സ്വയംപര്യാപ്തമായ ഗ്രാമം. ഏലം, റബ്ബര്‍, കാപ്പി, കുരുമുളക്, തേയില എന്നിവയ്ക്കുപുറമെ പാഷന്‍ ഫ്രൂട്ട്, വാഴ, മരച്ചീനി, നെല്ല്, ചേമ്പ്, ചേന തുടങ്ങിയ ഭക്ഷ്യവിളകളും ഇവിടുത്തെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ചുവരുന്നു. മാങ്കുളത്തുകാരുടെ പ്രധാന വരുമാനമാര്‍ഗം കൃഷിയാണ്. ജൈവക്കൃഷി പിന്തുടരുന്ന മാങ്കുളത്തെ കര്‍ഷകര്‍ക്കു നൂറുമേനി വിജയമാണ് ഇവിടുത്തെ മണ്ണും കാലാവസ്ഥയും സമ്മാനിക്കുന്നത്. എന്നാല്‍, ആദ്യകാലങ്ങളില്‍ കൃഷിക്കാവശ്യമായ വിത്തും വളവും വാങ്ങുന്നതിനായി കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടനുഭവിച്ചിരുന്നു. കൃഷി ജീവിതമാര്‍ഗമാക്കിയ മാങ്കുളത്തുകാരുടെ ഈ പ്രയാസം പരിഹരിക്കാനാണു സര്‍വീസ് സഹകരണ ബാങ്ക് രൂപം കൊണ്ടത്. പി.ജെ. ജേക്കബ് പനച്ചിനാനിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു ബാങ്ക് രൂപവത്കരിക്കാനുള്ള തീരുമാനമുണ്ടായത്. 1977 ല്‍ പി.ജെ. ജേക്കബ് ചീഫ് പ്രൊമോട്ടറായിക്കൊണ്ടുള്ള കമ്മിറ്റിയുണ്ടാക്കി മാങ്കുളം സര്‍വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചു. നൂറംഗങ്ങളാണു തുടക്കത്തിലുണ്ടായിരുന്നത്.

തളര്‍ച്ചയും
വളര്‍ച്ചയും

ചെറിയ വായ്പകള്‍ കൊടുത്താണു ബാങ്കിന്റെ പ്രവര്‍ത്തനം മുന്നോട്ടു നീങ്ങിത്തുടങ്ങിയത്. പിന്നീട് ബാങ്കിന്റെ നേതൃത്വത്തില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളും വളംഡിപ്പോകളും ആരംഭിച്ചു. എന്നാല്‍, ഇതൊന്നുംതന്നെ മികച്ച രീതിയില്‍ മുന്നോട്ടുപോയില്ല. ബാങ്കിന് അതില്‍നിന്നു വരുമാനവും കണ്ടെത്താനായില്ല. 1993 വരെയുള്ള ബാങ്കിന്റെ പ്രവര്‍ത്തനം നിര്‍ജീവമായിരുന്നു. കാര്യമായ വളര്‍ച്ചയിലെത്താനോ ലാഭം കൈവരിക്കാനോ ബാങ്കിനു സാധിച്ചില്ല.

1993 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തിലാണു ബാങ്കിന് ഒരടിസ്ഥാനമുണ്ടായത.് 1993 ല്‍ സെബാസ്റ്റ്യന്‍ പനച്ചിനാനിക്കല്‍ പ്രസിഡന്റായുളള ഭരണസമിതി അധികാരമേറ്റു. സ്വന്തമായൊരു കെട്ടിടവും വിവിധ സംരംഭങ്ങളും കെട്ടിപ്പടുക്കാന്‍ ഈ കാലഘട്ടത്തില്‍ ബാങ്കിനു സാധിച്ചു. വളം-കീടനാശിനി ഡിപ്പോ, കര്‍ഷക സേവനകേന്ദ്രം, നീതി സ്റ്റോര്‍, മലഞ്ചരക്കു ഡിപ്പോ തുടങ്ങി നിരവധി സംരംഭങ്ങള്‍ ബാങ്കിന്റെ കീഴില്‍ ആരംഭിച്ചു. മികച്ച പ്രവര്‍ത്തനത്തിലൂടെ പതിയെ ബാങ്ക് ഉയര്‍ച്ചയിലേക്കെത്തിത്തുടങ്ങി. വായ്പ, നിക്ഷേപപ്രവര്‍ത്തനങ്ങള്‍, ചഋഎഠ, ഞഠഏട, ക ജഅഥ, മൈക്രോ എ.ടി.എം തുടങ്ങിയ സൗകര്യങ്ങളും എസ്.എച്ച്.ജി, ജെ.എല്‍.ജി. വായ്പകള്‍, മുറ്റത്തെ മുല്ല വായ്പകള്‍ തുടങ്ങി കര്‍ഷകര്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും ബാങ്കിനു കീഴില്‍ നല്‍കിവരുന്നുണ്ട്. ഇപ്പോള്‍ ബാങ്കില്‍ 7800 എ ക്ലാസ് അംഗങ്ങളും 500 ബി ക്ലാസ് അംഗങ്ങളും 2000 സി ക്ലാസ് അംഗങ്ങളുമുണ്ട്. ബാങ്കിന്റെ നിലവിലെ നിക്ഷേപം 25 കോടി രൂപയാണ്.

മാംപ്‌കോ എന്ന
പ്രൊഡ്യൂസര്‍കമ്പനി

മാങ്കുളം സര്‍വീസ് സഹകരണ ബാങ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്നതാണു മാങ്കുളം അഗ്രിക്കള്‍ച്ചറല്‍ മള്‍ട്ടിപര്‍പ്പസ് പ്രൊഡ്യൂസര്‍ കമ്പനി എന്ന മാംപ്‌കോ (ങഅങജഇഛ). മാങ്കുളം ബ്രാന്‍ഡ് പാഷന്‍ ഫ്രൂട്ട് ഉല്‍പ്പന്നങ്ങള്‍ ഇന്നു വിപണിയിലെ പ്രിയതാരങ്ങളാണ്. ആര്‍ക്കും വേണ്ടാതെ നശിച്ചുപോയിരുന്ന പാഷന്‍ ഫ്രൂട്ടിന്റെ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. കേരളത്തിന്റെ പശ്ചിമഘട്ടപ്രദേശങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ പാഷന്‍ ഫ്രൂട്ട് കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പദ്ധതിയാണു മാങ്കുളത്തെ കര്‍ഷകര്‍ക്കു മികച്ച വരുമാനം സാധ്യമാക്കി നാടിന്റെ പ്രതിച്ഛായ ആകെ മാറ്റിയത്. സ്‌ക്വാഷ്, ജാം, ജെല്ലി, അച്ചാര്‍ തുടങ്ങിയവയാണു പാഷന്‍ ഫ്രൂട്ട് ഉല്‍പ്പന്നങ്ങള്‍.

2016 ല്‍ നബാര്‍ഡിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ രണ്ടായിരത്തിലധികം ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ ( എഫ്.പി.ഒ ) ) രൂപവത്കരിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായാണു മാങ്കുളും സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ മാങ്കുളം അഗ്രിക്കള്‍ച്ചറല്‍ മള്‍ട്ടിപര്‍പ്പസ് പ്രൊഡ്യൂസര്‍ കമ്പനി രൂപവത്കരിച്ചത്. കര്‍ഷകരില്‍നിന്നു കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കുകയും വിപണനം നടത്തുകയുമായിരുന്നു കമ്പനിയുടെ പ്രധാന ലക്ഷ്യം. കൃഷിക്കാര്‍ക്ക് ഒരു വിലയും കിട്ടാതെ നശിച്ചുപോയിരുന്ന പാഷന്‍ ഫ്രൂട്ടിനു ഡിമാന്റുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളാണു എഫ്.പി.ഒ. കൂടുതലും നടത്തിയത്.

2021 ല്‍ വാഴക്കുളം പൈനാപ്പിള്‍ ഗവേഷണകേന്ദ്രം മേധാവിയായിരുന്ന ഡോ. മായയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ യോഗം ചേരുകയും പാഷന്‍ ഫ്രൂട്ട്കൃഷി മാങ്കുളം പഞ്ചായത്തില്‍ വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുകയും ചെയ്തു. പൈനാപ്പിള്‍ ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പാഷന്‍ ഫ്രൂട്ട് സംസ്‌കരണത്തിനാവശ്യമായ എല്ലാവിധ ഉപകരണങ്ങളും കമ്പനിക്കു നല്‍കി. അതോടൊപ്പം, പാഷന്‍ ഫ്രൂട്ട് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള പരിശീലനവും നല്‍കി. എണ്ണൂറോളം കര്‍ഷകര്‍ ഈ സംരംഭത്തില്‍ പങ്കാളികളാണ്.

പൈനാപ്പിള്‍ ഗവേഷണകേന്ദ്രത്തിലാണു പാഷന്‍ ഫ്രൂട്ട് തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഐക്യരാഷ്ട്ര സഹായപദ്ധതിയുടെ (യു.എന്‍.ഡി.പി) സഹായത്തോടെ ബ്രാന്‍ഡിങ്ങും സെയില്‍ പ്രമോഷനും ആരംഭിച്ചു. കമ്പനിയുടെ നേതൃത്വത്തില്‍ അഞ്ചു ജില്ലകളില്‍ ഉല്‍പ്പന്നങ്ങളുടെ വിപണനം നടത്തുണ്ട്. 250 ഔട്ട്‌ലെറ്റുകള്‍ വഴി പാഷന്‍ ഫ്രൂട്ട് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. ഇന്നു മാങ്കുളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കാര്‍ഷികോല്‍പ്പന്നമായി പാഷന്‍ ഫ്രൂട്ട് മാറിയിരിക്കുന്നു. തൊട്ടടുത്തുള്ള ജില്ലകളിലും മാങ്കുളം ബ്രാന്‍ഡ് പാഷന്‍ ഫ്രൂട്ടിന്റെ പെരുമ അറിഞ്ഞുതുടങ്ങിയിട്ടുണ്ട്. 2022 ല്‍ സഹകരണ വകുപ്പ് നടത്തിയ സഹകരണ എക്‌സ്‌പോയിലും മാങ്കുളം ബ്രാന്‍ഡ് പാഷന്‍ ഫ്രൂട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഫാര്‍മേഴ്സ് ക്ലബ്ബും
ആഴ്ച്ചച്ചന്തയും

നബാര്‍ഡിന്റെ സഹായത്തോടെ 1977 ലാണു ഫാര്‍മേഴ്സ് ക്ലബ്ബുകള്‍ ആരംഭിച്ചത്. ബാങ്കിന്റെ കീഴില്‍ രൂപവത്കരിച്ച ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പ് ( ജെ.എല്‍.ജി ), സെല്‍ഫ് ഹെല്‍പ്സ് ഗ്രൂപ്പ് ( എസ്.എച്ച്.ജി ) എന്നീ ഗ്രൂപ്പുകളിലുളളവരാണു പ്രധാനമായും ഫാര്‍മേഴ്സ് ക്ലബ്ബിലെ അംഗങ്ങള്‍. കര്‍ഷകര്‍ക്കു കുറഞ്ഞതോതില്‍ വായ്പ നല്‍കുക എന്നതാണു ഫാര്‍മേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രധാനപ്രവര്‍ത്തനം. കൃഷി, കന്നുകാലി വളര്‍ത്തല്‍ എന്നിവയ്ക്കുളള വായ്പകളാണു കൂടുതലായി നല്‍കിവരുന്നത്. ഫാര്‍മേഴ്സ് ക്ലബിന്റെ കീഴിലാണു മഴമറ നിര്‍മാണം ആരംഭിച്ചത്. കൃഷിവകുപ്പിന്റെ സഹായത്തോടെ 28 കൃഷിക്കാര്‍ക്കു മഴമറ നിര്‍മിച്ചുകൊടുത്തിട്ടുണ്ട്. അതില്‍ നിന്നുല്‍പ്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്നു സംഭരിക്കുകയും ആഴ്ചയില്‍ ഒരു ദിവസം ബാങ്കിന്റെ കീഴില്‍ നടത്തുന്ന ആഴ്ച്ചച്ചന്തയില്‍ വിപണനം നടത്തുകയും ചെയ്യുന്നു. മറ്റു കൃഷിക്കാരുടെ ഉല്‍പ്പന്നങ്ങളും ആഴ്ച്ചച്ചന്തയില്‍ വിറ്റഴിക്കാവുന്നതാണ്.

അതതു ദിവസത്തെ മാര്‍ക്കറ്റ്‌വിലയനുസരിച്ചാണു കര്‍ഷകരില്‍ നിന്നു ബാങ്ക് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നത്. പിന്നീട് ഒരു നിശ്ചിതവിലയ്ക്കു മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്നു. അതുവഴി കര്‍ഷകര്‍ക്കു തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കു മാന്യമായ വില ലഭിക്കുന്നു. ആഴ്ച്ചച്ചന്ത കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാണ്. കാരണം, അവര്‍ക്കു ഉല്‍പ്പന്നങ്ങള്‍ സംഭരിച്ചുസൂക്ഷിക്കാനോ പുറമേ മാര്‍ക്കറ്റുകളില്‍ കൊണ്ടുപോയി വില്‍ക്കാനോ ഉളള സൗകര്യമോ സാഹചര്യമോ ഇല്ല. അതുകൊണ്ടുതന്നെ ഉല്‍പ്പന്നങ്ങള്‍ നശിച്ചുപോകാനുള്ള സാധ്യത ഏറെയായിരുന്നു. ഈ സമയത്താണ് ഇങ്ങനെയൊരു ആഴ്ച്ചച്ചന്ത ആരംഭിച്ചത്.

ടൂറിസം
പദ്ധതി

മൂന്നാറിനോടടുത്തു കിടക്കുന്ന മാങ്കുളത്തിന്റെ ടൂറിസംസാധ്യത വലുതാണ്. സുന്ദരമായ പ്രകൃതിയും നയനമനോഹരമായ ഏഴെട്ടു വെള്ളച്ചാട്ടങ്ങളും ആലുവയില്‍ നിന്നു മൂന്നാറിലേക്കു ബ്രിട്ടീഷുകാര്‍ വണ്ടിയോടിച്ച പാലവും തൂക്കുപാലങ്ങളും മാങ്കുളത്തു നിന്നു നാലു കിലോമീറ്റര്‍ അകലെയുള്ള നല്ലതണ്ണിയാറിന്റെ കടവായ ആനക്കുളത്തില്‍ വെള്ളം കുടിക്കാനെുത്തുന്ന ആനകളും – മാങ്കുളത്തെ കാഴ്ചകള്‍ ഏറെയാണ്. ഈ കാഴ്ചകള്‍ കാണാനായി ഒട്ടേറെ സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്. വേനല്‍ കനക്കുന്നതോടെയാണ് ആനക്കുളത്തിന്റെ ആനച്ചന്തം പൂര്‍ണമാകുന്നത്. സായാഹ്നങ്ങളില്‍ കാട്ടരുവിയിലൂടെ ഒഴുകിയെത്തുന്ന വെള്ളം കുടിക്കാനെത്തുന്ന കാട്ടാനക്കൂട്ടങ്ങള്‍ ആനക്കുളംകാര്‍ക്കു പുതുമയുള്ളതല്ലെങ്കിലും സഞ്ചാരികള്‍ക്ക് നവ്യാനുഭവമാണ്.

മാങ്കുളത്തിന്റെ ഈ ടൂറിസ്റ്റ് സാധ്യത മുന്‍നിര്‍ത്തിയാണു മാങ്കുളം സര്‍വീസ് സഹകരണ ബാങ്ക് ടൂറിസംരംഗത്തേക്കു ചുവടുവെച്ചത്. വനത്തിനുളളിലായതുകൊണ്ട് ആനക്കുളത്തെത്തുന്ന സഞ്ചാരികള്‍ക്കു താമസത്തിനുളള സൗകര്യങ്ങള്‍ കുറവാണ്. അതിനാല്‍ത്തന്നെ സഞ്ചാരികള്‍ക്കായി മാങ്കുളം സഹകരണ ബാങ്ക് ആനക്കുളത്ത് ഒരു ഗസ്റ്റ് ഹൗസ് നിര്‍മിച്ചിട്ടുണ്ട്. മികച്ച സൗകര്യങ്ങളുള്ള ശീതീകരിച്ച ഏഴ് മുറികളാണ് ഈ ഗസ്റ്റ് ഹൗസിലുള്ളത്. അതോടൊപ്പം, നല്ലതണ്ണിയാറിനു സമീപത്തു കാട്ടിനുളളിലെ പാറക്കെട്ടുകള്‍ക്കുളളിലൂടെ ജീപ്പ് സര്‍വീസും ബാങ്കിന്റെ കീഴില്‍ നടത്തിവരുന്നുണ്ട്. കാട്ടിനുളളിലൂടെ മനോഹരമായ കാഴ്ചകള്‍ കണ്ടുള്ള ഒരു യാത്ര. മാങ്കുളത്തെത്തുന്ന സഞ്ചാരികളെ ആനക്കുളത്തേക്കും അവിടെനിന്നു തിരിച്ചുമെത്തിക്കാന്‍ 17 സീറ്റുള്ള ഒരു ട്രാവലറും ബാങ്കിനുണ്ട്. ആനക്കുളത്തു ദിനംപ്രതി എത്തുന്ന സഞ്ചാരികള്‍ ഏറെയാണ്. അതുകൊണ്ടുതന്നെ മികച്ച രീതിയില്‍ ടൂറിസംപരിപാടികള്‍ വ്യാപിപ്പിക്കാനുളള പദ്ധതിയും ബാങ്കിനുണ്ട്.

റബ്ബര്‍, കുരുമുളക്
സംഭരണം

കുരുമുളക് കര്‍ഷകര്‍ക്കു ന്യായവില ലഭിക്കാതെ വന്നപ്പോഴാണ് ബാങ്ക് കുരുമുളക്ഡിപ്പോ ആരംഭിച്ചത്. കര്‍ഷകരില്‍ നിന്നു കുരുമുളക് ബാങ്ക് നേരിട്ട് സംഭരിച്ചു അവ മറ്റു ജില്ലകളിലെത്തിച്ച് വില്‍പ്പന നടത്തി കൃഷിക്കാര്‍ക്കു ന്യായവില ഉറപ്പാക്കുന്നു. മാങ്കുളത്തെ 90 ശതമാാനം റബ്ബറും കുരുമുളകും ബാങ്ക്തന്നെയാണു കര്‍ഷകരില്‍ നിന്നു ശേഖരിക്കുന്നത്.

സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സഹകരണലൈബ്രറിയും ബാങ്കിനു കീഴില്‍ നടത്തിവരുന്നുണ്ട്. എല്ലാ നിത്യോപയോഗസാധനങ്ങളും മിതമായ നിരക്കില്‍ കിട്ടുന്ന നീതിസ്റ്റോര്‍, സിമന്റ്, കമ്പി, ഷീറ്റുകള്‍, ഹാര്‍ഡ്‌വെയര്‍, സാനിറ്ററി സാധനങ്ങള്‍ എന്നിവയുടെ ഡിപ്പോ, എല്ലാവിധ രാസവളങ്ങളും ജൈവവളങ്ങളും കീടനാശിനികളും ലഭിക്കുന്ന വളം -കീടനാശിനി ഡിപ്പോ, കര്‍ഷകര്‍ക്കാവശ്യമായ കാര്‍ഷികോപകരണങ്ങളും പമ്പ്, പുല്ലുവെട്ട് യന്ത്രങ്ങളും വാടകയ്ക്ക് നല്‍കിവരുന്ന കര്‍ഷക സേവനകേന്ദ്രം, മാങ്കുളത്തെ എസ്.എച്ച്.ജി, ജെ.എല്‍.ജി, മൈക്രോ സംരംഭകര്‍ എന്നിവരുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ഡിപ്പോ, ഡി.ടി.പി – ഫോട്ടോസ്റ്റാറ്റ് സെന്റര്‍ തുടങ്ങി നിരവധി വ്യാപാര പ്രവര്‍ത്തനങ്ങള്‍ ബാങ്കിനുകീഴില്‍ നടത്തിവരുന്നുണ്ട്.

എ.ഐ.എഫ്. വഴി
2.1 കോടി രൂപ

അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് ( എ.ഐ.എഫ് ) വഴി 2.1 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. ഇതുപയോഗിച്ച് അഗ്രി ഓപ്പണ്‍ മാര്‍ക്കറ്റ്, അഗ്രി വെയര്‍ഹൗസ്, അഗ്രി ക്ലിനിക്ക്, അഗ്രി കര്‍ഷക സേവനകേന്ദ്രം എന്നിവ സ്ഥാപിക്കും. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. മാങ്കുളം സഹകരണ ബാങ്കിന്റെ സമഗ്ര കാര്‍ഷിക വികസനപദ്ധതിക്കു സര്‍ക്കാരിന്റെ സാമ്പത്തികസഹായം ലഭിച്ചിട്ടുണ്ട്. മാങ്കുളം പഞ്ചായത്തിലെ 13 വാര്‍ഡുകളിലായി ബാങ്ക് നടത്തുന്ന പാഷന്‍ ഫ്രൂട്ട്, കാലത്തീറ്റപ്പുല്ല്, പച്ചക്കറി എന്നിവയുടെ കൃഷിയും സംഭരണവും സംസ്‌കരണവുമാണു പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. ഇതിനായി സബ്സിഡി, ഓഹരി ഇനത്തിലായി 39 ലക്ഷം രൂപയാണു സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഈ സമഗ്ര കാര്‍ഷിക വികസനപദ്ധതി പ്രകാരം 300 ഏക്കര്‍ സ്ഥലത്തു കൃഷി ചെയ്യാനാണു ബാങ്ക് ഉദ്ദേശിക്കുന്നത്. അതില്‍ നൂറ് ഏക്കര്‍ പാഷന്‍ ഫ്രൂട്ട് കൃഷിക്കായി മാറ്റിവയ്ക്കും. ബാങ്കിന്റെ കീഴിലുളള കമ്പനിയില്‍ പാഷന്‍ ഫ്രൂട്ട് സംസ്‌കരണം നടത്തിവരുന്നുണ്ട്. പാഷന്‍ ഫ്രൂട്ടിനു ഒരുകാലത്തു തീരെ വില കിട്ടിയിരുന്നില്ല. എന്നാല്‍, അതിന്റെ സംസ്‌കരണം ആരംഭിച്ചതോടെ അവസ്ഥക്കു മാറ്റംവന്നു. മാന്യമായ വില കര്‍ഷകര്‍ക്കു ലഭിക്കാന്‍ തുടങ്ങി. അതോടെ ആളുകള്‍ കൂടുതലായി പാഷന്‍ ഫ്രൂട്ട്കൃഷിയിലേക്കു തിരിഞ്ഞു. പാഷന്‍ ഫ്രൂട്ട് കൃഷിയുടെ വിപുലീകരണമാണു നൂറ് ഏക്കറില്‍ ഉദ്ദേശിക്കുന്നത്. ഉല്‍പ്പാദിപ്പിക്കുന്ന പാഷന്‍ ഫ്രൂട്ടുകള്‍ മുഴുവന്‍ കമ്പനിതന്നെ സംഭരിച്ച് വിപണനം നടത്തി. അടിസ്ഥാനവിലയായ 40 രൂപയില്‍ താഴെ പോകാതെ കൃഷിക്കാര്‍ക്കു കിട്ടുന്ന രീതിയാണു സ്വീകരിച്ചത്. ചക്കകൊണ്ടുള്ള വിഭവങ്ങള്‍ ഉണ്ടാക്കാനുള്ള പദ്ധതിയും ഇതില്‍പ്പെടുത്തുന്നുണ്ട്. നിലവില്‍ ഉണക്കച്ചക്കചിപ്സ് കമ്പനിയില്‍ ഉണ്ടാക്കുന്നുണ്ട്. ഈ രണ്ടു പദ്ധതികളും നൂറു ശതമാനം കാര്‍ഷികമേഖലയായ ഇവിടുത്തെ കൃഷിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ഉല്‍പ്പാദനം കൂടുന്നതോടൊപ്പം കര്‍ഷകരുടെ വരുമാനവും കൂടും.

പി.ഡി. ജോയ് ആണ് മാങ്കുളം സഹകരണ ബാങ്കിന്റെ പ്രസിഡന്റ്. സി. സദാനന്ദന്‍ (വൈസ് പ്രസിഡന്റ്), സന്തോഷ് കുമാര്‍, ആന്റോച്ചന്‍ ജോണ്‍, ജിന്റു ജെയിംസ്, അരശകുമാര്‍, മേരി ബേബി, ബിന്ദു ബിന്നി, ലിസി സിജോ എന്നിവര്‍ ഭരണസമിതിയംഗങ്ങളാണ്. ബിനോയ് സെബാസ്റ്റ്യനാണ് സെക്രട്ടറി. പത്തു ജീവനക്കാരുണ്ട്.

 

 

 

 

 

 

 

 

Leave a Reply

Your email address will not be published.