മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘം ( ഭേദഗതി ) ബില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ പാസാക്കിയേക്കും

moonamvazhi

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘം ( ഭേദഗതി ) ബില്‍ – 2022 ഡിസംബര്‍ ഏഴിനാരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ പാസാക്കാനിടയുണ്ടെന്നു ‘  ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ‘  റിപ്പോര്‍ട്ട് ചെയ്തു. ഇതടക്കം ഈ സമ്മേളനത്തില്‍ പതിനാറു പുതിയ ബില്ലുകളാണു അവതരിപ്പിക്കാനുള്ളത്. സമ്മേളനം പതിനേഴു ദിവസമുണ്ടാകും.

രാജ്യത്തെ ആയിരത്തിയഞ്ഞൂറോളം മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ ഭരണവും സുതാര്യതയും വിശ്വാസ്യതയും ശക്തിപ്പെടുത്താനും അവയില്‍ തിരഞ്ഞെടുപ്പുപരിഷ്‌കാരം കൊണ്ടുരാനും ഉദ്ദേശിച്ചുള്ളതാണു ഭേദഗതിബില്‍. ഇതിനുമുമ്പു 2002 ലാണു മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമം ഭേദഗതി ചെയ്തത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണു കേന്ദ്രമന്ത്രിസഭ ഭേദഗതിബില്ലിന് അംഗീകാരം നല്‍കിയത്. മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളില്‍ സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റിയെയും ഇന്‍ഫര്‍മേഷന്‍ ഓഫീസറെയും ഓംബുഡ്‌സ്മാനെയും നിയമിക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ടെന്നാണറിയുന്നത്.

സംഘങ്ങളില്‍ നിഷ്പക്ഷവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താനാണു തിരഞ്ഞെടുപ്പ് അതോറിറ്റി രൂപവത്കരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കുന്നവരെ മൂന്നു വര്‍ഷം മത്സരിക്കുന്നതില്‍ നിന്നു അയോഗ്യത കല്‍പ്പിച്ചു പുറത്തിരുത്താന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. സംഘാംഗങ്ങളുടെ പരാതികള്‍ക്കു പരിഹാരം കാണാനാണ് ഓംബുഡ്‌സ്മാനെ നിയമിക്കുന്നത്. വനിതകള്‍ക്കും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും സംഘം ഭരണസമിതിയില്‍ അംഗത്വം ഉറപ്പാക്കും.

മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളില്‍ പ്രൊഫഷണലിസം പ്രോത്സാഹിപ്പിക്കാനും ഭേദഗതിബില്ലില്‍ വ്യവസ്ഥയുണ്ട്. ഇതിനായി ബാങ്കിങ്, മാനേജ്‌മെന്റ്, സഹകരണമാനേജ്‌മെന്റ്, ഫിനാന്‍സ് മേഖലകളില്‍ വിദഗ്ധരായവരെ ഭരണസമിതിയില്‍ കോ-ഓപ്റ്റ് ചെയ്യും. സംഘങ്ങളില്‍ സമഗ്രമായ ഡിജിറ്റലൈസേഷന്‍ നടപ്പാക്കും. സംഘങ്ങളുടെ പ്രവര്‍ത്തനഫണ്ട് വര്‍ധിപ്പിക്കുന്നതിനു വോട്ടവകാശമില്ലാത്ത ഓഹരികള്‍ ഇറക്കാനും ഭേദഗതിബില്ലില്‍ നിര്‍ദേശമുണ്ട്. 1999 ല്‍ റിസര്‍വ് ബാങ്ക് നിയോഗിച്ച ഉന്നതാധികാരസമിതിയാണു നോണ്‍ വോട്ടിങ് ഷെയര്‍ എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്.

ഡിസംബര്‍ 29 നവസാനിക്കുന്ന ശീതകാലസമ്മേളനത്തില്‍ ട്രേഡ് മാര്‍ക്‌സ് ( ഭേദഗതി ) ബില്ലും പരിഗണനക്കെത്തുന്നുണ്ട്. എന്നാല്‍, ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍, ബാങ്കിങ് നിയമഭേദഗതി ബില്‍, ഇന്‍സോള്‍വന്‍സി നിയമഭേദഗതി ബില്‍ തുടങ്ങിയവ ഇത്തവണ പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു വരില്ല.

Leave a Reply

Your email address will not be published. Required fields are marked *

Latest News