മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം – കേന്ദ്രത്തോട് കേരളം
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം കേരളത്തിലെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്ന് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍. ഉയര്‍ന്ന പലിശ വാഗ്ദാനം നല്‍കി നിക്ഷേപം സ്വീകരിക്കുന്നതാണ് പ്രധാന പ്രശ്നം. സംഘങ്ങള്‍ തകരുമ്പോള്‍ നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കാന്‍ ആവശ്യമായ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് കഴിയില്ല. ഇതോടെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കേരളം കേന്ദ്രത്തെ സമീപിച്ചു.
നിക്ഷേപ സമാഹരണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണിക്കണമെന്നാണ് കത്തിലൂടെ കേരളം ആവശ്യപ്പെട്ടിട്ടുള്ളത്. കേന്ദ്ര സഹകരണ വകുപ്പ് സെക്രട്ടറിക്ക് സംസ്ഥാന ചീഫ് സെക്രട്ടറിയാണ് കത്ത് നല്‍കിയത്. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ സംസ്ഥാന സഹകരണ നിയമത്തിന്റെ അധികാര പരിധിയിലില്ലാത്തതിനാല്‍ ഇവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിനാവില്ല. അതുകൊണ്ട്, ഉയര്‍ന്ന പലിശ നിരക്കില്‍ നിക്ഷേപം സ്വീകരിക്കുന്ന രീതിയില്‍ നിയന്ത്രണം വരുത്താന്‍ ഇടപെടണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
സംസ്ഥാനത്ത് 23 മള്‍ട്ടി സ്റ്റേറ്റ് വായ്പാ സഹകരണ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. കര്‍ണാടകവും തമിഴ്നാടും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ കേരളത്തില്‍ ശാഖകള്‍ തുറന്ന് നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, മുംബൈ എന്നിവിടങ്ങളിലെ ചില സംഘങ്ങള്‍ കേരളം പ്രവര്‍ത്തന പരിധിയായി ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്. ഇവയെല്ലാം കേരളത്തില്‍ എത്തുന്നതോടെ സഹകരണ സംഘങ്ങള്‍ തമ്മില്‍ കലഹിക്കുന്ന സ്ഥിതിയാകുമെന്ന് സഹകാരികള്‍ നേരത്തെ ആശങ്ക പ്രകടിപ്പിച്ചതാണ്.
കേരളത്തിലെ സഹകരണ സംഘങ്ങള്‍ നല്‍കുന്ന പലിശയേക്കാള്‍ അഞ്ചു ശതമാനം വരെ അധികം മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ നിക്ഷേപത്തിന് നല്‍കുന്നുണ്ട്. ഈ സംഘങ്ങള്‍ക്ക് വേണ്ടി നിക്ഷേപപ്പിരിവുകാരായി ജോലി ചെയ്യുന്നവര്‍ക്ക് ഉയര്‍ന്ന കമ്മീഷനാണ് വാഗ്ദാനം ചെയ്യുന്നത്. പരമാവധി നിക്ഷേപം ശേഖരിക്കാനാണിത്. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളും പൊതുജനങ്ങളെ സംബന്ധിച്ച് മാറ്റമില്ല. എല്ലാം സഹകരണ സ്ഥാപനങ്ങള്‍ എന്ന നിലയിലാണ് ജനങ്ങള്‍ അതിനെ കാണുന്നത്. അതിനാല്‍, ഉയര്‍ന്ന പലിശനിരക്കില്‍ ആകര്‍ഷികപ്പെടുന്നവര്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളെ ആശ്രയിക്കും. ഇതാണ് ഇവിടുത്തെ സഹകാരികള്‍ ഉന്നയിക്കുന്ന പ്രശ്നം.
കേരളത്തിലെ സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് ഗാരന്റി നല്‍കുന്നുണ്ട്. ഇതിനായി സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡ് സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍, മള്‍ട്ടി സംഘങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഗാരന്റി ബാധകമാകുന്നില്ല.
[mbzshare]